നെതന്യാഹുവിന്റെ നിലപാട് പ്രതീക്ഷ കെടുത്തുന്നു: ഒബാമ

Posted on: March 26, 2015 6:00 am | Last updated: March 25, 2015 at 11:21 pm
SHARE

obama sirn fortവാഷിംഗ്ടണ്‍: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സമീപ ദിവസം നടത്തിയ പ്രസ്താവനകള്‍ ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം ദ്വിരാഷ്ട്ര രൂപവത്കരണത്തിലൂടെ പരിഹരിക്കാമെന്ന പ്രതീക്ഷ കെടുത്തുന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. തിരഞ്ഞെടുപ്പിന് മുമ്പ് നെതന്യാഹു നടത്തിയ ഫലസ്തീന്‍ രാഷ്ട്ര രൂപവത്കരണത്തിനെതിരായ പ്രസ്താവനകള്‍ അദ്ദേഹം കൃത്യമായി വിശദീകരിച്ചിട്ടില്ലെന്ന് ഒബാമ കഴിഞ്ഞ ദിവസം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസ്താവനയില്‍നിന്നും നെതന്യാഹു പിന്നാക്കം പോയിരുന്നെങ്കിലും വൈറ്റ്ഹൗസ് അവിശ്വാസത്തോടെയാണ് പ്രതികരിച്ചത്. ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം സംബന്ധിച്ച് അമേരിക്കയുടെ നയം വിലയിരുത്തിവരികയാണെന്ന് ഒബാമ പറഞ്ഞു. അതേ സമയം നെതന്യാഹുവിന്റെ അഭിപ്രായപ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌റാഈലും ഫലസ്തീനും തമ്മിലുള്ള സമാധാന കരാര്‍ സംബന്ധിച്ച സാധ്യത മങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇതേവരെ ഫലസ്തീന്‍ രാഷ്ട്ര രൂപവത്കരണം ആരും അവലോകനം ചെയ്തിട്ടില്ലെങ്കിലും രാഷ്ട്ര രൂപവത്കരണം ഫലസ്തീനികള്‍ക്ക് സുരക്ഷിത രാഷ്ട്രമെന്ന പ്രതീക്ഷയേകുന്നതാണെന്നും ഒബാമ പറഞ്ഞു. ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഇടപെടലിന്റെ ഭാഗമായി അമേരിക്കയുമായി ഇസ്‌റാഈല്‍ അഭിപ്രായവ്യത്യാസം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ദ്വിരാഷ്ട്ര രൂപവത്കരണമെന്ന പരിഹാരം സംബന്ധിച്ച് തര്‍ക്കവും തുടരുന്നത്. ആണവ കരാര്‍ ഇസ്‌റാഈലിന് അപകടസാധ്യതയുണ്ടാക്കുമെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം. എന്നാല്‍ അമേരിക്കയുടേയും ഇസ്‌റാഈലിന്റെയും സുരക്ഷ ഉറപ്പുവരുത്തിയേ കരാറില്‍ ഒപ്പുവെക്കുവെന്നാണ് ഒബാമ പറയുന്നത്.