സിഖ് കലാപം: ടൈറ്റ്‌ലര്‍ക്ക് വീണ്ടും ക്ലീന്‍ചിറ്റ്‌

Posted on: March 26, 2015 5:59 am | Last updated: March 25, 2015 at 11:02 pm
SHARE

ന്യൂഡല്‍ഹി: 1984ലെ സിഖ്‌വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലര്‍ക്കെതിരെ കേസ് അവസാനിപ്പിച്ച് സി ബി ഐ മൂന്നാമതും റിപ്പോര്‍ട്ട് നല്‍കി. എന്തുകൊണ്ടാണ് സി ബി ഐ രഹസ്യമായി കേസ് അവസാനിപ്പിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഇരയുടെ അഭിഭാഷകന്‍ ചോദിച്ചു. നേരത്തെ സെഷന്‍സ് കോടതിയുടെ ഉത്തരവ് പ്രകാരം കൂടുതല്‍ അന്വേഷണം നടത്തുകയും അവസാനിപ്പിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 2013 ഏപ്രിലില്‍ കോടതി വീണ്ടും കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ ടൈറ്റ്‌ലര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് സി ബി ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അദ്ദേഹം ഇത് അഡീഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സൗരഭ് പ്രതാപ് സിംഗിന്റെ പരിഗണനക്ക് വിട്ടു. കലാപത്തിനിടെ കൊല്ലപ്പെട്ട ബാദല്‍ സിംഗിന്റെ ഭാര്യ ലഖ്‌വീന്ദര്‍ കൗര്‍ ആണ് പരാതിക്കാരി. ഇവര്‍ക്ക് നാളെ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പരാതിക്കാരിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എച്ച് എസ് ഫൂല്‍ക സി ബി ഐയുടെ നടപടിയില്‍ പ്രതിഷേധിക്കുകയും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. എന്തിന് ഇത് രഹസ്യമായി ചെയ്തു? പരാതിക്കാരെ പോലും അറിയിച്ചില്ല. അതീവ രഹസ്യമായി കോടതി ഈ റിപ്പോര്‍ട്ട് സ്വീകരിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് ഇത്. 2014 ഡിസംബര്‍ 14ന് ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്ന് തീര്‍ത്തും അനൗദ്യോഗികമായി മറ്റൊരു അഭിഭാഷകനില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. ഇതുവരെ പരാതിക്കാരിയെ പോലു അറിയിച്ചിട്ടില്ല. ഫൂല്‍ക ചൂണ്ടിക്കാട്ടി.
2013 ഏപ്രില്‍ 10ന് സി ബി ഐ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. പുനരന്വേഷണത്തിന് ഉത്തരവിടുകയും ലഭ്യമായ സാക്ഷികളെ പോലും പരിശോധിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനും ഉത്തരവിട്ടു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഇപ്പോള്‍ അമേരിക്കയില്‍ കഴിയുന്നവരുടെ മൊഴികളും രേഖപ്പെടുത്താന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇവരുടെ പേരുകള്‍ സാക്ഷിയാണ് നല്‍കിയത്. കേസിനാസ്പദമായ സംഭവമായ മൂന്ന് പേര്‍ കൊല്ലപ്പെട്ട വടക്കന്‍ ഡല്‍ഹിയിലെ ഗുരുദ്വാര പുല്‍പംഗാഷില്‍ 1984 നവംബര്‍ ഒന്നിന് ടൈറ്റ്‌ലര്‍ ഇല്ലെന്നാണ് സി ബി ഐയുടെ വാദം. ഇന്ദിരാ ഗാന്ധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച തീന്‍ മൂര്‍ത്തി ഭവനിലായിരുന്നു ടൈറ്റ്‌ലറെന്നാണ് വാദം.