Connect with us

Articles

നാറ്റത്തിന്റെ സുഗന്ധങ്ങള്‍

Published

|

Last Updated

ഈ ലേഖനം വായിക്കാന്‍ അത്ര രസമുണ്ടായിരിക്കില്ലെന്നു മാത്രമല്ല; മിക്കവാറും എല്ലാവര്‍ക്കും അറപ്പും വെറുപ്പും തോന്നാനും ഇടയുണ്ട്. പക്ഷേ, നിവൃത്തിയില്ല. ഇന്ത്യയിലെ യാഥാര്‍ഥ്യങ്ങള്‍ വിവരിക്കണമെങ്കില്‍ ഇവിടെ എടുത്തെഴുതുന്നതു പോലുള്ള കാര്യങ്ങള്‍; മൂക്കു പൊത്തിക്കൊണ്ട്, കണ്ണടച്ചു കൊണ്ട്, വായയില്‍ നിന്നു പുറത്തുവരുന്ന ഛര്‍ദില്‍ അടക്കിക്കൊണ്ട്, എഴുതുകയും വായിച്ചറിയുകയുമല്ലാതെ തരമില്ല. പിന്നീട്, ഡെറ്റോളും സോപ്പും ഷാമ്പൂവും ഉപയോഗിച്ച് കഴുകിയും കുളിച്ചും സ്വയം വൃത്തിയായി സുഗന്ധദ്രവ്യങ്ങള്‍ മേലാസകലം തേച്ച് മധ്യവര്‍ഗ-ഉപരിവര്‍ഗ ഇന്ത്യക്കാരന് ആശ്വാസം തിരിച്ചു മേടിക്കുകയുമാകാം.
ആമുഖം നിര്‍ത്തട്ടെ. ഈ ലേഖനത്തിലെ മുഖ്യപ്രതിപാദ്യവിഷയം മനുഷ്യവിസര്‍ജ്യം അഥവാ മലമാണ്. ഇത്തരമൊരു ലേഖനം എഴുതുന്നതിന് ഞാനല്ല ആദ്യത്തെ കാരണക്കാരന്‍. ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ നടത്തിയ നൂതനമായ ഒരു സമര രീതിയാണ് ഈ ലേഖനത്തിലെ വസ്തുതകളിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടത്. ആ സമരത്തിലേക്കാകട്ടെ അവരെ നയിച്ചത് ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാറും. സര്‍ക്കാര്‍ ഈയിടെ പാസാക്കിയ കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനോടുള്ള പ്രതിഷേധവും അതിന് ആദിവാസികള്‍ അവലംബിച്ച നൂതനമായ രീതിയുമാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയ സംഭവം. (കേരളത്തിലെ മാധ്യമങ്ങള്‍ പൊതുവെ കണ്ണടച്ചാണ് വാര്‍ത്തകള്‍ ശേഖരിക്കുന്നതെന്നതിനാല്‍ ഈ വാര്‍ത്ത മുഖ്യ പത്രങ്ങളിലും ചാനലുകളിലുമൊന്നും കാണുകയുണ്ടായില്ല. സ്പീക്കറെ ജയരാജന്മാരിലൊരാള്‍ വിളിച്ചതായി പറയപ്പെടുന്ന വിശേഷണം ഇവര്‍ക്കും ചേരും!)
ഝാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലെ ബര്‍വാദി ബ്ലോക്ക് ഓഫീസിനു മുമ്പിലെ പൊതുനിരത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരായ സമരം “വൃത്തികെട്ട” രീതിയിലേക്ക് തിരിഞ്ഞത്. ഏതാണ്ട് അറുപത് ആദിവാസി പുരുഷന്മാര്‍ ഈ മാസം 18ന് നിരത്തില്‍ വരി വരിയായി കുത്തിയിരുന്ന് ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്റെ കോപ്പികളിന്മേല്‍ പരസ്യമായി മലവിസര്‍ജനം നടത്തി. ആദിവാസി അവകാശങ്ങള്‍ക്കായുള്ള ദേശീയ പ്രചാരണസമിതി(എന്‍ സി എ ആര്‍) ആണ് ഈ പ്രക്ഷോഭം സംഘടിപ്പിച്ചത്. സമരം ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുകയും ദി ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള പത്രങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ തന്നെ മറ്റ് ആറ് കേന്ദ്രങ്ങളില്‍ നിന്നു കൂടി സമരത്തിനുള്ള ക്ഷണം ഉയര്‍ന്നുവന്നിരിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പി എച്ച് ഡി വിദ്യാര്‍ഥി കൂടിയായ ആദിവാസി വംശജനും സമരക്കാരനുമായ അഭയ് ക്‌സാക്‌സ പറയുന്നത്, ഞങ്ങള്‍ കഴിഞ്ഞ 14ന് നൂതനമായ സമരമാര്‍ഗം ആവിഷ്‌കരിക്കണമെന്ന് ആലോചിച്ചപ്പോള്‍, ചില യുവാക്കളാണ് ഇത്തരമൊരു സമരമാണ് വേണ്ടത് എന്നഭിപ്രായപ്പെട്ടത് എന്നാണ്.
പുതിയ നിയമമനുസരിച്ച്, ഒരു കര്‍ഷകന്റെ ഭൂമി ഏറ്റെടുക്കണമെങ്കില്‍ അയാളുടെ സമ്മതം തന്നെ ആവശ്യമില്ല. സാമൂഹിക പ്രത്യാഘാതങ്ങള്‍ വിലയിരുത്തപ്പെടുന്നതിനുള്ള പഠനങ്ങള്‍ നടത്തണമെന്ന നിബന്ധനയും എടുത്തുകളഞ്ഞിരിക്കുന്നു. ഭൂമിയുടെ ഉടമകള്‍ക്ക് കമ്പോളവില ലഭിക്കുമെന്ന യാതൊരുറപ്പും ബില്ലിലില്ല. പില്‍ക്കാലത്തുണ്ടാകുന്ന വികസനത്തെ തുടര്‍ന്ന് ഭൂമിക്ക് ലഭ്യമാകുന്ന മൂല്യ വര്‍ധന കര്‍ഷകരുമായി പങ്കുവെക്കണമെന്ന ആവശ്യവും തള്ളിക്കളഞ്ഞിരിക്കുന്നു. ലോക്‌സഭ ബില്ല് പാസാക്കുന്നതിനു മുമ്പു തന്നെ ഒമ്പത് ഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നു കഴിഞ്ഞു. ബില്ലിനെതിരെ ധര്‍ണകളും പദയാത്രകളും അടക്കമുള്ള സാധാരണ പ്രക്ഷോഭങ്ങള്‍ നിരവധി ഉണ്ടായെങ്കിലും, സര്‍ക്കാറിനെതിരെ മാരകമായ പ്രഹരം ഏല്‍പ്പിക്കാന്‍ പോന്ന തരത്തിലുള്ള സമരമാര്‍ഗമായിരുന്നു ഝാര്‍ഖണ്ഡിലെ ആദിവാസി സഖാക്കള്‍ അവലംബിച്ചത്.
ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും എതിരും കോര്‍പറേറ്റുകളുടെ താത്പര്യങ്ങള്‍ നിറവേറ്റുന്നതുമാണ് പുതിയ ബില്‍ എന്ന കാര്യം വ്യാപകമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. വികസനത്തിന്റെ പേരില്‍, കര്‍ഷകരുടെ ഭൂമി അവരുടെ സമ്മതമില്ലാതെ വന്‍ തോതില്‍ ഏറ്റെടുത്ത് കോര്‍പറേറ്റുകളുടെ കാല്‍ക്കീഴില്‍ സമര്‍പ്പിക്കുന്നതിനായിട്ടാണ് ഈ ബില്‍ കൊണ്ടു വന്നിരിക്കുന്നതെന്ന് വ്യക്തം. നേരത്തെ, യു പി എ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ ബില്ലും കര്‍ഷകരെ രക്ഷിക്കുന്നതിന് ഉതകുന്ന ഒന്നായിരുന്നില്ല. എന്നാല്‍, പുതിയ ബില്‍ കര്‍ഷകരെ ഒന്നായി കൊന്നൊടുക്കുന്നതിന് തുല്യമായിരിക്കും.
ഈ അവസരത്തില്‍ ഓര്‍ക്കേണ്ട ശ്രദ്ധേയമായ കാര്യം, തൊണ്ണൂറ്റൊമ്പത് ശതമാനം ഇന്ത്യക്കാര്‍ക്കും അറപ്പുളവാക്കുന്ന അവരുടേതടക്കമുള്ള മലം, ഒരു വിഭാഗം ദളിതര്‍ക്ക് ഇപ്പോഴും അവരുടെ ജീവനോപാധിയാണെന്നതാണ്. ദളിതരുടെ ജീവനോപാധിയായ മനുഷ്യവിസര്‍ജ്യത്തെ, സമരോപാധിയുമാക്കുന്നു എന്ന മൂല്യവര്‍ധിത കര്‍ത്തവ്യമേ ആദിവാസികള്‍ നിര്‍വഹിക്കുന്നുള്ളൂ. മലം ജീവനോപാധിയായ, “തിളങ്ങുന്ന ഇന്ത്യ”യില്‍ നിന്നുള്ള ചില കാഴ്ചകള്‍ ഇനി പറയും പ്രകാരമാണ്.
“കണ്ണായിരം പെരുമാള്‍ ജനിച്ചു വളര്‍ന്ന സ്ഥലത്ത് ഫഌഷ് ലാട്രിന്‍ എന്നാല്‍ എന്താണെന്നേ അറിയില്ല. ചില പണക്കാരുടെ വീട്ടില്‍ എടുപ്പു കക്കൂസ് ഉണ്ടാകും. ഏഴകളാണെങ്കില്‍ കരുവേല്‍ തോപ്പുകളും വെളിമ്പ്രദേശങ്ങളും തന്നെ. എടുപ്പുകക്കൂസ് എന്നാല്‍ പൈപ്പ് വെള്ളത്തിന്റെ സൗകര്യമില്ലാത്ത കക്കൂസ്. അവിടത്തെ ചില വീടുകളില്‍ മാത്രമേ വെള്ളമുള്ളൂ. വീടിന്റെ പിറകുഭാഗത്തായുള്ള അത്തരം കക്കൂസിന് മേല്‍ക്കൂരയുണ്ടാകില്ല. നാലുവശവും ചുവരുകൊണ്ട് മറച്ചിരിക്കും. കാലുകള്‍ മടക്കി തവളയെപ്പോലെ ഇരുന്ന് മലവിസര്‍ജനം ചെയ്യാനുള്ള സൗകര്യത്തിനായി അരയടി ഉയരത്തില്‍ U എന്നപോലെ തറ കെട്ടിയിരിക്കും. ഓരോ ദിവസവും കാലത്ത് തോട്ടിച്ചിയോ തൊമ്പച്ചിയോ വന്ന് ഇത് വൃത്തിയാക്കും. അവളുടെ അരയില്‍ ഒരു പരമ്പുകൂടയുണ്ടാകും. മലം ഒരു ചിരട്ടകൊണ്ട് കോരിയെടുത്ത് കൂടയിലിട്ടതിനു ശേഷം ചിരട്ട കൂടയുടെ ഒരു ഭാഗത്തു വയ്ക്കും. മലം അര്‍ധദ്രാവകരൂപത്തിലാണെങ്കിലാണ് ബുദ്ധിമുട്ട്. അതെല്ലാം തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍. വീട്ടിലെ ഏതെങ്കിലും അംഗത്തിന് പൈല്‍സ് അസുഖമുണ്ടെങ്കില്‍ നിറയെ രക്തമുണ്ടാകും. എല്ലാമെടുത്ത് നന്നായി വെള്ളമൊഴിച്ച് ചൂലുകൊണ്ടടിച്ച് കഴുകി വൃത്തിയാക്കണം. ഇതില്‍ മറ്റൊരു കാര്യവുമുണ്ട്. തോട്ടിച്ചി വീട്ടിനുള്ളില്‍ കയറിവരാന്‍ പാടില്ല. വീട് വലം വെച്ചുപോകണം. അങ്ങനെ ചുറ്റിവരാതെ വീട്ടിനുള്ളിലേക്ക് കയറിച്ചെന്നാല്‍ ഈ തോട്ടിച്ചി കാരണമാണ് ലോകം മുഴുവന്‍ മലം നാറുന്നത് എന്ന പോലെ ചീത്തവിളിക്കും. എനിക്കപ്പോഴെല്ലാം ഒരേയൊരു സംശയമാണ് തോന്നാറുള്ളത്. മലം എല്ലാവരുടെയും വയറ്റിലുണ്ടല്ലോ. അങ്ങനെയാണെങ്കില്‍ ഓരോ ശരീരവും മലമല്ലേ?” (കണ്ണായിരം പെരുമാളിന്‍ നാല്‍പതുകഥകളും ചില പിന്‍കുറിപ്പുകളും- നോവല്‍/ചാരുനിവേദിത-മലയാള പരിഭാഷ-ടി ഡി രാമകൃഷ്ണന്‍)
സച്ചിന്‍ കുമാര്‍, ഇന്ത്യ ടുഗതര്‍ എന്ന വെബ്‌സൈറ്റിലെഴുതിയ 2005 ഫെബ്രുവരി 26ന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ പെട്ട ബറോത്ത ഗ്രാമത്തിലെ സുമിത്രാബായ് വിവാഹത്തിനു ശേഷം ഭര്‍ത്തൃഗൃഹത്തിലെത്തിയതിനു ശേഷം കുലത്തൊഴിലായ തോട്ടിപ്പണിക്ക് നിര്‍ബന്ധിതയായി. ഗ്രാമത്തിലെ ഇരുപത്തഞ്ച് സവര്‍ണ വരേണ്യരായ പണക്കാരുടെ വീടുകളിലെ എടുപ്പുകക്കൂസുകളിലെ മലം എല്ലാ ദിവസവും നീക്കം ചെയ്യേണ്ട ജോലിയാണവള്‍ക്കു മേല്‍ നിക്ഷിപ്തമായത്. അവളത് ചെയ്തില്ലെങ്കില്‍ മര്‍ദനം, ബഹിഷ്‌കരണം, ഭക്ഷണ നിഷേധം, കൊലപാതകം എന്നിവയില്‍ ഏതും അവള്‍ക്കുമേല്‍ പ്രയോഗിക്കപ്പെടാം. ഇത്തരം ജോലി, എടുപ്പു കക്കൂസുകളുടെ നിര്‍മാണവും മലം കൈകൊണ്ട് എടുത്തുമാറ്റുന്ന ജോലി മനുഷ്യരെക്കൊണ്ട് ചെയ്യിക്കുന്നതും നിരോധിച്ചുകൊണ്ട് പാസാക്കിയ ( Employment of Manual Scavengers and Construction of Dry Ltarines (Prohibition) Act, 1993)നിയമം മൂലം നിരോധിക്കപ്പെട്ട ഇന്ത്യാരാജ്യത്ത് 2002ല്‍ പുറത്തുവന്ന ഒരു പഠനം സൂചിപ്പിക്കുന്നതു പ്രകാരം പത്ത് ലക്ഷം ദളിതരാണ് തോട്ടിപ്പണി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നത് എന്നാണ്. കണ്ടുപിടിച്ചാല്‍ 2000 രൂപ വരെ പിഴയും ഒരു വര്‍ഷം വരെ തടവുമാണ് ശിക്ഷ. പട്ടികജാതിക്കാരെ ദ്രോഹിക്കുന്നതു തടയുന്ന 1989ലെ നിയമപ്രകാരമുള്ള ശിക്ഷയും പ്രതീക്ഷിക്കാം. എന്നാല്‍ ഇതൊക്കെ നഗ്നമായി ലംഘിച്ചുകൊണ്ട്, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ തുടങ്ങി ഇന്ത്യന്‍ റെയില്‍വേ വരെ ഇത്തരം ജോലിക്കാരെ ഔദ്യോഗികമായിത്തന്നെ ഇന്നും നിയമിച്ചുവരുന്നു. ത്വക്ക്, കണ്ണ്, സന്ധികള്‍, ശ്വാസകോശം, കുടല്‍ എന്നിവയെ ഗുരുതരമായി ബാധിക്കുന്ന അണുബാധ ഇത്തരം ജോലിക്കാരെ രോഗികളാക്കാനുള്ള സാധ്യത അതിസാധാരണമാണ്. മിക്കവരും 40 വയസ്സാകുമ്പോഴേക്കും ക്ഷയരോഗികളായിത്തീര്‍ന്നിരിക്കും.
സാമ്പത്തിക കാരണങ്ങളും ഇവരെ ഈ ജോലിയില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തുന്നു. 500 രൂപയാണ് മധ്യപ്രദേശില്‍ ഈ ജോലി ചെയ്യുന്നവരുടെ ഒരു കുടുംബത്തിന്റെ ശരാശരി മാസ വരുമാനം. സുമിത്ര ഈ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയും 20,000 രുപ വായ്പയെടുത്തുകൊണ്ട് തുണിക്കച്ചവടം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കച്ചവടം തുടങ്ങി മൂന്ന് മാസക്കാലത്തേക്ക് ആരും അവളുടെ പക്കല്‍ നിന്ന് ഒന്നും വാങ്ങിയില്ല. അവള്‍ കുലത്തൊഴിലിലേക്കു തന്നെ തിരിച്ചുപോയി. കടഭാരം വര്‍ധിച്ചത് മിച്ചം. വാല്‍മീകി കുലത്തിലും അതിന്റെ ഉപവിഭാഗങ്ങളായ ബധായ്, ചാംകാര്‍, ബര്‍ഗുദ, ഭെര്‍വ ജാതികളിലും പെട്ടവരാണ് മധ്യപ്രദേശില്‍ ഈ ജോലി ചെയ്യുന്നത്. ഇതര ദളിത് ജാതിക്കാരും ഇവരോട് അസ്പൃശ്യത കാണിക്കുന്നു. ചായക്കടകളില്‍ നിന്ന് ചായ പോലും ലഭിക്കില്ല. മധ്യപ്രദേശിലെ ദേവാസ്, പന്ന, ഹോഷംഗബാദ്, ഷാജാപൂര്‍, ഹാര്‍ദ, മന്ദ്‌സോര്‍, ഭിന്ദ്, രാജ്ഗര്‍ എന്നീ ജില്ലകളില്‍ പെട്ട 450 ഗ്രാമങ്ങളില്‍ വാല്‍മീകി കുലത്തില്‍പെട്ടവരുടെ മുടിമുറിക്കാനും താടി വടിക്കാനും ബാര്‍ബര്‍മാര്‍ തയ്യാറല്ല. മൂന്ന് ദിവസത്തെ കൂലിയായ 75മുതല്‍ 100 രൂപ വരെ ചെലവാക്കി അടുത്ത പട്ടണത്തിലേക്ക് പോയിയാണ് പലരും മുടിയും താടിയും വൃത്തിയാക്കുന്നത്. ഈ പ്രവൃത്തിയെടുക്കുന്നതില്‍ തൊണ്ണൂറ്റഞ്ച് ശതമാനം പേരും സ്ത്രീകളും പെണ്‍കുട്ടികളുമാണ്. ഇവരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടി ആറ് കോടിയോളം രൂപ 1990കള്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവാക്കിക്കഴിഞ്ഞു. അതു കട്ടെടുത്തവരുടെ നേരെ ഒരു രാജ്യസ്‌നേഹിയും വിരല്‍ ചുണ്ടുന്നത് കാണാനില്ല.
തമിഴ്‌നാട്ടിലെ മധുരൈ നഗരത്തിലെ ടെമ്പിള്‍ തെരുവിലെ ഒരു ടാര്‍ നിരത്ത് പൊതു കക്കൂസായാണ് ചുറ്റും താമസിക്കുന്ന പാവപ്പെട്ടവര്‍ ഉപയോഗിക്കുന്നത്. അവര്‍ക്ക് ഉപയോഗിക്കാനായി മൂന്ന് കക്കൂസുകള്‍ മുനിസിപ്പാലിറ്റി പണിതുകൊടുത്തിട്ടുണ്ടെങ്കിലും വെള്ളത്തിന്റെ ദൗര്‍ലഭ്യം, ബോധവത്കരണത്തിന്റെ കുറവ് എന്നീ അതീവ സാധാരണമായ കാരണങ്ങളാല്‍ അവയില്‍ പോകുന്നതിനു പകരം ഈ തെരുവും മറ്റു സമാന തെരുവുകളുമാണ് ഇവര്‍ മലമൂത്ര വിസര്‍ജനത്തിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ 40 വര്‍ഷമായി ഈ തെരുവ് വൃത്തിയാക്കുന്നത് മുനിയമ്മ എന്ന മുനിസിപ്പല്‍ ജോലിക്കാരിയാണ്. മുവ്വായിരം രൂപ മാസശമ്പളത്തില്‍ ആസ്ത്മ, കൈകാല്‍ കുഴച്ചില്‍, നടുവേദന, പനി തുടങ്ങിയ സ്ഥിരം രോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന ആ സ്ത്രീ മരിച്ചുപോയ മദ്യപാനിയായിരുന്ന ഭര്‍ത്താവിനു ശേഷം മക്കളുടെയും തന്റെ തന്നെയും വിശപ്പകറ്റാനായി ഈ വൃത്തികെട്ടതും അനാരോഗ്യകരവുമായ ജോലി തുടരാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. സൂപ്പര്‍വൈസറോട് നിരവധി തവണ ഈ ജോലിയില്‍ നിന്ന് ഒരു മാറ്റം ആവശ്യപ്പെട്ടെങ്കിലും അയാളത് അനുവദിക്കാന്‍ പോകുന്നില്ലെന്ന് അവര്‍ക്കു തന്നെ തീര്‍ച്ചയാണ്. (ആര്‍ പി അമുതന്‍ സംവിധാനം ചെയ്ത ഷിറ്റ് (പീ/തമിഴ് 2003) എന്ന ഡോക്കുമെന്ററിയില്‍ നിന്ന്)
ഇന്ത്യ തിളങ്ങുകയും നാളത്തെ ലോകചരിത്രത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്യുന്നത്, ഇപ്പോള്‍ പാസാക്കപ്പെട്ട കുപ്രസിദ്ധമായ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ പേരിലായിരിക്കില്ല. മറിച്ച്, ആ നിയമത്തിലൂടെ നടപ്പാക്കപ്പെടാന്‍ പോകുന്ന അമിതാധികാരപരമായ ജനവിരുദ്ധ നടപടിക്കെതിരായി മനുഷ്യവിസര്‍ജ്യം ഉപയോഗിച്ച് നടത്താന്‍ ശ്രമിച്ച ചെറുത്തു നില്‍പ്പിന്റെ പേരിലായിരിക്കും.

Ref : https://www.saddahaq.com/politics/lan-dacquisitionbill/adivasistakeadumponthecopies oflandacquisitionbilltoprotest