യാസ്മറീനയില്‍ കൂട്ടയോട്ടം

Posted on: March 25, 2015 8:19 pm | Last updated: March 25, 2015 at 8:19 pm
SHARE

അബുദാബി: വൃക്ക ഗവേഷണ പദ്ധതികളുടെ ധനശേഖരണാര്‍ഥം യാസ് മറീനാ ഫോര്‍മുല വണ്‍ സര്‍ക്യൂട്ടില്‍ കൂട്ടയോട്ടം നടന്നു. ശൈഖ് സായിദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഏഴു ലക്ഷം ദിര്‍ഹം സമാഹരിച്ചു. ഭിന്നശേഷിയുള്ളവരും സ്‌കൂള്‍ വിദ്യാര്‍ഥികളും മാരത്തണില്‍ പങ്കെടുത്തു. ആരോഗ്യകരമായ ജീവിതം എന്നതായിരുന്നു ഇത്തവണത്തെ സന്ദേശം. 10 കിലോമീറ്ററില്‍ ആഷ്‌നഫി മോഗസ് ഒന്നാം സ്ഥാനം നേടി. വനിതാ വിഭാഗത്തില്‍ ഡനിനിനെറ്റ് ഡെംസ്യൂമാണ് ഒന്നാമതായത്. അഞ്ച് കിലോമീറ്ററില്‍ യഹ്‌യ ബിന്‍ യൂസഫ് ഒന്നാമതും ബെലൈനേഷ് യാമി ഗുര്‍മു രണ്ടാമതുമെത്തി.
അബുദാബി ആംഡ് ഫോഴ്‌സസ് ഓഫിസേഴ്‌സ് ക്ലബ്, യാസ് മറീനാ സര്‍ക്യൂട്ട്, അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍, അബുദാബി ഹെല്‍ത് സര്‍വീസസ് കമ്പനി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. രാഷ്ര്ടപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്മരണക്കായി 10 വര്‍ഷം മുന്‍പാണ് സായിദ് മാരത്തണ്‍ സംഘടിപ്പിച്ചത്. യു എസില്‍ ശൈഖ് സായിദ് നടത്തിയ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായതിനെ തുടര്‍ന്നാണു വൃക്ക ഗവേഷണ പദ്ധതികള്‍ക്കു ഫൗണ്ടേഷന്‍ തുടക്കം കുറിച്ചത്.
യു എ ഇയില്‍ കൂടാതെ സായിദ് മാരത്തണ്‍ യു എസിലും ഈജിപ്തിലും നടക്കുന്നു. 10 വര്‍ഷത്തിനകം അമേരിക്കന്‍ മാരത്തണില്‍ 132.2 കോടി ഡോളര്‍ ശേഖരിക്കാന്‍ സാധിച്ചതായി യാസ് മറീനാ സര്‍ക്യൂട്ട് ഗവണ്‍മെന്റ് അഫയേഴ്‌സ് തലവന്‍ അഹ്മദ് അല്‍ കഅബി അറിയിച്ചു. എട്ട് മുതല്‍ 11 വയസുവരെ പ്രായമുള്ള കുട്ടികള്‍ ഒരു കിലോമീറ്റര്‍ മാരത്തണിലും 12 മുതല്‍ 15 വരെ പ്രായക്കാര്‍ മൂന്നു കിലോമീറ്റര്‍ മാരത്തണിലും പങ്കാളികളായി. അഞ്ച് കിലോമീറ്റര്‍, 10 കിലോമീറ്റര്‍ മാരത്തണില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കു 10,000 ദിര്‍ഹം, 7,000 ദിര്‍ഹം, 5,000 ദിര്‍ഹം വീതം കാഷ് അവാര്‍ഡും സമ്മാനിച്ചു.