സി ബി എസ് ഇ പത്താം തരം പരീക്ഷ അവസാനിച്ചു; ഫലം ജൂണില്‍

Posted on: March 25, 2015 8:15 pm | Last updated: March 25, 2015 at 8:15 pm
SHARE

ഷാര്‍ജ: ഈ വര്‍ഷത്തെ സി ബി എസ് ഇ പത്താംതരം പരീക്ഷ അവസാനിച്ചു. ഫലം ജൂണ്‍ ആദ്യവാരത്തില്‍ പ്രസിദ്ധീകരിക്കും. ഇന്നലെയാണ് പരീക്ഷ അവസാനിച്ചത്. അവസാന വിഷയം ഉര്‍ദുവായിരുന്നു. ചുരുക്കം കുട്ടികളാണ് ഈ പരീക്ഷ എഴുതാനുണ്ടായിരുന്നത്. ഈ മാസം മൂന്നിനാണ് ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ പത്താംതരം പരീക്ഷ തുടങ്ങിയത്. രാജ്യത്തെ 18 കേന്ദ്രങ്ങളിലായി ഏകദേശം 12,000ത്തോളം കുട്ടികളാണ് ഇത്തവണ പത്താംതരം പരീക്ഷ എഴുതിയത്. ഈ വര്‍ഷം പുതുതായി ആരംഭിച്ച ഡല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ കേന്ദ്രത്തിലും പരീക്ഷ നടന്നു.

പ്രമുഖ സ്വകാര്യ വിദ്യാലയമായ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് ഇക്കുറി 400 ഓളം കുട്ടികള്‍ പരീക്ഷ എഴുതി. ഡല്‍ഹി പ്രൈവറ്റ് സ്‌കൂളായിരുന്നു കേന്ദ്രം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണിത്. ഫലം അറിയുന്നതിന് മുമ്പ് തന്നെ പതിനൊന്നാം ക്ലാസ് ആരംഭിക്കും. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പതിനൊന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കും. പരീക്ഷ എഴുതിയ കുട്ടികളെല്ലാം വിജയിക്കുമെന്ന ഉറച്ച വിശ്വാസം സ്‌കൂള്‍ അധികൃതര്‍ക്കുള്ളതിനാലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ പതിനൊന്നാം ക്ലാസും ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു. രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികളും സംതൃപ്തിയോടെയാണ് പരീക്ഷ എഴുതിയതെന്നും യാതൊരു പരാതികള്‍ക്കും ഇടവരാത്ത രീതിയിലായിരുന്നു പരീക്ഷ നടത്തിപ്പെന്നും സി ബി എസ് ഇ മുന്‍ ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാന്‍കൂടിയായ രാധാകൃഷ്ണന്‍ നായര്‍ വ്യക്തമാക്കി. തീര്‍ത്തും സുരക്ഷിതവും സ്വസ്ഥവുമായ അന്തരീക്ഷത്തില്‍ പരീക്ഷ എഴുതാനുള്ള സാഹചര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും ഇതു വിദ്യാര്‍ഥികളെ ഏറെ സംതൃപ്തരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പന്ത്രണ്ടാം തരം പരീക്ഷ തുടരുകയാണ്. ഏപ്രില്‍ 24നാണ് ഈ പരീക്ഷ അവസാനിക്കുക. ദിവസങ്ങള്‍ ഇടവിട്ടാണ് പരീക്ഷ എന്നതിനാലാണ് നീളുന്നത്. ഏകദേശം 7,000 ഓളം കുട്ടികളാണ് ഇത്തവണ പന്ത്രണ്ടാം തരം പരീക്ഷ എഴുതുന്നത്. ഈ പരീക്ഷാ ഫലവും ജൂണിലാവും പ്രസിദ്ധീകരിക്കുക.
അതിനിടെ പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ വിദ്യാലയങ്ങളില്‍ പൂര്‍ത്തിയായിവരികയാണ്. ഇനി ഒരാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. അതിനു മുമ്പ് നവാഗതരെ വരവേല്‍ക്കുന്നതടക്കം വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാകും.
പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളടക്കമുള്ള പഠന സാമഗ്രികള്‍ വിദ്യാലയങ്ങളില്‍ എത്തിക്കഴിഞ്ഞു. ഇവ അടുത്ത ദിവസങ്ങളില്‍ വിതരണം ചെയ്തു തുടങ്ങും. മിക്കയിടത്തും വിദ്യാലയങ്ങള്‍ മുഖേനയാണ് വിതരണം ചെയ്യുക. ഓരോ ക്ലാസിലെയും പഠന സാമഗ്രികള്‍ കിറ്റാക്കിയാണ് വിദ്യാര്‍ഥികള്‍ക്കു നല്‍കുക. തുക മുന്‍കൂറായി വിദ്യാലയങ്ങളില്‍ സ്വീകരിക്കും. വിതരണ വേളകളിലെ തിരക്കു ഒഴിവാക്കാന്‍ ഇതു സഹായകമാകും.
കിറ്റിന്റെ തുക സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സംവിധാനം രക്ഷിതാക്കള്‍ക്കും ഗുണകരമാണ്. വിതരണവേളകളില്‍ തുക അടക്കാന്‍ കാത്തുനിന്നു മുഷിയേണ്ട സ്ഥിതി ഒഴിവാകും. പാഠപുസ്തകങ്ങള്‍ പ്രധാനമായും കൊണ്ടുവരുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇവ ദിവസങ്ങള്‍ക്കു മുമ്പുതന്നെ വിദ്യാലയങ്ങളില്‍ എത്തിയിരുന്നു. അതേ സമയം, നോട്ടുപുസ്തകങ്ങളടക്കമുള്ളവ രാജ്യത്തകത്തു നിന്നാണ് എത്തുന്നത്.