ദുബൈയില്‍ ദിനേന മൂന്നു പുതിയ ശതകോടീശ്വരന്മാര്‍

Posted on: March 25, 2015 8:05 pm | Last updated: March 25, 2015 at 8:05 pm
SHARE

dubaiദുബൈ: ദുബൈയില്‍ ഓരോ ദിവസവും മൂന്നു പുതിയ ശതകോടീശ്വരന്മാര്‍ ഉണ്ടാവുന്നതായി പഠനം. സാമ്പത്തിക മാന്ദ്യം അവസാനിച്ചതില്‍ പിന്നെ ഓരോ വര്‍ഷവും വന്‍കുതിപ്പാണ് സാമ്പത്തിക രംഗത്ത് ദുബൈ കൈവരിച്ചുകൊണ്ടിരിക്കുന്നത്. ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020 വരെ വന്‍ വളര്‍ച്ചയാണ് ദുബൈയില്‍ സംഭവിക്കുക. സാമ്പത്തിക രംഗത്ത് വന്‍ വികസനത്തിന് കളമൊരുക്കുന്നത് ദുബൈയില്‍ നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്. നിര്‍മാണ മേഖലയില്‍ ഉള്‍പെടെ വന്‍ മൂലധാനമാണ് നിക്ഷേപിക്കപ്പെടുന്നത്.
2019 ആവുമ്പോഴേക്കും ദുബൈയില്‍ 7,700 പുതിയ ശതകോടീശ്വരന്മാര്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 2014 അവസാനത്തെ കണക്കു പ്രകാരം ദുബൈയില്‍ 50,595 ശതകോടീശ്വരന്മാരാണുള്ളത്. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവാണ് 2014ല്‍ സംഭവിച്ചത്. ഓരോ വര്‍ഷവും 1,548 ശതകോടീശ്വരന്മാരാണ് ദുബൈയില്‍ ഉണ്ടാവുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍ ദിനേന 4.2 ശതകോടീശ്വരന്മാര്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.
എല്ലാ അര്‍ഥത്തിലും യു എ ഇയുടെ സമ്പദ്‌വ്യവസ്ഥയില്‍ വേള്‍ഡ് എക്‌സ്‌പോ നിര്‍ണായകമായിരിക്കും. സാമ്പദ്‌വ്യവസ്ഥക്കൊപ്പം രാജ്യത്തെ ജനങ്ങള്‍ക്ക് പല വിധത്തില്‍ മേള ഉപകാരപ്പെടും.
സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം 2020ന് ശേഷവും വളര്‍ച്ച ത്വരിതപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2010മായി താരതമ്യപ്പെടുത്തുമ്പോള്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെ വളര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. 35,960 ശതകോടീശ്വരന്മാരായിരുന്നു അന്നുണ്ടായിരുന്നത്. ഇത് തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ 8.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ജി സി സി മേഖലയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ സഊദി അറേബ്യയില്‍ 49,168 ശതകോടീശ്വരന്മാര്‍ മാത്രമാണുള്ളത്.
കഴിഞ്ഞ വര്‍ഷം ഖത്തറില്‍ 34,785 പേരായിരുന്നു. 2014ലെ വെല്‍ത്-എക്‌സ് ആന്‍ഡ് യു ബി എസ് വേള്‍ഡ് അള്‍ട്ര വെല്‍ത് റിപ്പോര്‍ട്ട് 2014ല്‍ ആഗോളതലത്തില്‍ യു എ ഇ 22-ാമത്തെ സമ്പദ്‌വ്യവസ്ഥയായിരുന്നുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.