Connect with us

Gulf

കൃഷി ഒരു സംസ്‌കാരം; മരുഭൂമിയില്‍ 'അതുക്ക് മേലെ'

Published

|

Last Updated

കൃഷി എവിടെയായാലും വരുമാനമാര്‍ഗമെന്നതിനപ്പുറം ഒരു സംസ്‌കാരമാണ്. ഭൂമിയോടും ആവാസ വ്യവസ്ഥയോടും ഉള്ള ഐക്യദാര്‍ഡ്യം, ജീവന്റെ തുടിപ്പുകളോടുള്ള ആദരവ്. കേരളീയരെ സംബന്ധിച്ചിടത്തോളം അതിനുമപ്പുറത്തുള്ള വികാരമാണത്. പണ്ട്, കേരളം കാര്‍ഷിക സമൃദ്ധമായിരുന്നു. കേരളത്തിന്റെ ഫല ഭൂയിഷ്ടതയില്‍ ധാരാളം വിളകളുണ്ടായി. വിശാലമായ പാടങ്ങള്‍ നെല്ലുല്‍പാദനത്തിനും ഇടവിളകള്‍ക്കും മണ്ണൊരുക്കി. മനുഷ്യരും കന്നുകാലികളും അധ്വാനിച്ച്, വിദേശികളെയും ഊട്ടി. കേരളത്തിന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുവേണ്ടി അറബികളടക്കം ധാരാളം വിദേശികളെത്തി. ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഏവരും അഭിപ്രായപ്പെട്ടത് പാടങ്ങളും കായലുകളും പുല്‍മേടുകളും വനഗര്‍ഭങ്ങളും കണ്ടിട്ടാണ്.
പാശ്ചാത്യ സംസ്‌കാരത്തിന്റെ വേലിയേറ്റത്തില്‍ കേരളത്തിന്റെ തനത് മാതൃകകളെ മലയാളികള്‍ മറന്നു. കൃഷി ആര്‍ക്കും വേണ്ടെന്നായി. ഭൂമിയെ തുണ്ടുകളാക്കി വിറ്റ്, കോണ്‍ക്രീറ്റ് കാടുകള്‍ക്ക് നിലമൊരുക്കി. മറിച്ച്, ദുബൈ പോലുള്ള നഗരങ്ങള്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കൊപ്പം പച്ചപ്പുകള്‍ക്ക് ധാരാളം ഇടം നല്‍കി. കൃഷിയെ പരമാവധി പ്രോത്സാഹിപ്പിച്ചു. വില്ലകളുടെ മുറ്റത്തും അപ്പാര്‍ടുമെന്റുകളുടെ ബാല്‍കണിയിലും കൃഷി ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു. വന്‍കെട്ടിടങ്ങളുടെ മുകള്‍ ഭാഗത്ത് ചെടികള്‍ നട്ടുപിടിപ്പിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കി.
ദുബൈ നഗരസഭയുടെ “ഗ്രോ യുവര്‍ ഫുഡ്” പദ്ധതിയുമായി, മലയാളികളുടെ ഉടമസ്ഥതയിലുള്ള ജലീല്‍ ഹോള്‍ഡിംഗ്‌സ്, ഈസ്റ്റേണ്‍ ഗ്രൂപ്പ് കമ്പനികള്‍ സഹകരിച്ചു. നിരവധി മലയാളി കുടുംബിനികളാണ് കൃഷി മത്സരത്തില്‍ വിജയിച്ചത്. സ്‌കൂള്‍ വിഭാഗത്തില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള അജ്മാനിലെ ഹാബിറ്റാറ്റ് പ്രൈവറ്റ് സ്‌കൂള്‍ സമ്മാനം നേടി.
മലപ്പുറം മാറഞ്ചേരിയിലെ നദീറ അബ്ദുല്‍ ജബ്ബാര്‍, പാലക്കാട് സ്വദേശിനി അഷിമോള്‍ ഷാബു, പാലാ സ്വദേശി സാം ഏബ്രഹാം ജോര്‍ജ്, തിരുവല്ലയിലെ സൂസമ്മ വര്‍ഗീസ് എന്നിവരാണു മറ്റു വിജയികള്‍. തങ്ങള്‍ താമസിക്കുന്ന ഫഌറ്റിലും വില്ലയിലും പച്ചക്കറി വളര്‍ത്തി നൂറുമേനി വിളയിച്ചവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്തുപേര്‍ക്കാണു ദുബൈ നഗരസഭ സമ്മാനം നല്‍കിയത്.
നൂറിലേറെ പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. 10,000 ദിര്‍ഹം (1.70ലക്ഷം രൂപ) ആണു സമ്മാനത്തുക. ദുബൈയിലെ എഎംടി മൊബൈല്‍ കമ്പനി ഉടമയും കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയുമായ മുഹമ്മദ് സാബിറും ഭാര്യ ജാസ്മിനും നഗരസഭയുടെ അംഗീകാരം ലഭിച്ചു.ജാസ്മിന്‍ കുടുംബസമേതം ദുബൈ ഖിസൈസ് അല്‍തവാര്‍ രണ്ടിലെ വില്ലയിലാണ് താമസം. വില്ലക്കു ചുറ്റും മുപ്പതിലേറെ പച്ചക്കറിയിനങ്ങളാണ് ജാസ്മിന്‍ നട്ടുവളര്‍ത്തുന്നത്. അഞ്ചുവര്‍ഷത്തിലധികമായി ജാസ്മിന്‍ പച്ചക്കറി കൃഷി ചെയ്യുന്നു.
വീട്ടുജോലി കഴിഞ്ഞതിനുശേഷമുള്ള സമയങ്ങളിലാണ് വീട്ടമ്മമാര്‍ക്കു മാതൃകയായി ജാസ്മിന്‍ ദുബൈയില്‍ കൃഷി ചെയ്യുന്നത്. കൃഷിക്കുള്ള വിത്തുകള്‍ നാട്ടില്‍ നിന്നുമാണ് കൊണ്ടുവരുന്നത്. ചിലത് ദുബൈയിലെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങും. സെപ്തംബറില്‍ വിത്തിടുന്നു. ഒക്ടോബറില്‍ വിളവെടുപ്പ് ആരംഭിക്കും. ഏപ്രില്‍ വരെ പച്ചക്കറി ലഭിക്കും.
തക്കാളി, പടവലങ്ങ, കയ്പക്ക, കോവയ്ക്ക, വഴുതന, വെണ്ട, സവോള തുടങ്ങി 30 ലധികം പച്ചക്കറികളാണ് തോട്ടത്തിലുള്ളത്. രാവിലെയും വൈകിട്ടുമാണ് തോട്ടം നനക്കുന്നത്. ഭര്‍ത്താവ് സാബിറും മക്കളും കൂട്ടിനുണ്ട്. മേല്‍പറമ്പ് സ്വദേശിനിയാണ് ജാസ്മിന്‍.
ഷാര്‍ജയില്‍ ഒഴിഞ്ഞ സ്ഥലം കാണുന്നിടത്തൊക്കെ കൃഷിപരീക്ഷിക്കുന്ന സുധീഷ് ഗുരുവായൂരിനെത്തേടി നിരവധി അംഗീകാരങ്ങള്‍. സുധീഷിന്റെ കൃഷിതാല്‍പര്യം കണക്കിലെടുത്ത് ഒരു സ്വദേശി ഭൂമി പാട്ടത്തിനു നല്‍കി. മരുഭൂമിയില്‍ നെല്ലും വിളയുമെന്നു തെളിയിച്ചു, സുധീഷ്. യു എ ഇ എക്‌സ്‌ചേഞ്ച്, ഈവന്റ്‌സ് ഹെഡ് വിനോദ് നമ്പ്യാര്‍ കൃഷി വിദഗ്ധനാണ്. കൃഷിയുടെ സാധ്യതകള്‍ പലവേദികളിലും അദ്ദേഹം വിശദീകരിക്കുന്നു. മുമ്പ്, നാട്ടില്‍ ആകാശവാണിയില്‍ കൃഷിപാഠം അവതരിപ്പിച്ചായിരുന്നു വിനോദിന്റെ തുടക്കം.
സാമൂഹിക മാധ്യമങ്ങളിലെ കൂട്ടായ്മകളെ കൃഷി കാര്യത്തിന് ഉപയോഗപ്പെടുത്തിയ ധാരാളം ആളുകളുണ്ട്. അവര്‍ ഇടക്കിടെ യോഗം ചേര്‍ന്ന്, വിത്തുകളും അനുഭവങ്ങളും കൈമാറുന്നു. ഫെയ്‌സ്ബുക്കില്‍ അടുക്കളത്തോട്ടം എന്ന കൂട്ടായ്മയില്‍ 75,000 ലധികം ആളുകള്‍. അവര്‍ വിത്തുബേങ്ക് ഒരുക്കി, ഗള്‍ഫിലുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കും. കൃഷി കൂട്ടായ്മകള്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്യുന്നില്ലെന്ന് മാത്രമല്ല, മഹത്തായ ഒരു സംസ്‌കാരം വീണ്ടെടുക്കുന്ന പ്രക്രിയയുമാണ്. അത്തരം സൗഹൃദ കൂട്ടായ്മകള്‍ മനുഷ്യ മനസുകളില്‍ പച്ചപ്പ് നിറക്കുന്നു.