Connect with us

Gulf

ജൈറ്റെക്‌സ് ഷോപ്പര്‍: പ്രവേശന ഫീസ് വര്‍ധിപ്പിച്ചു

Published

|

Last Updated

ദുബൈ: മേഖലയിലെ ഏറ്റവും വലിയ ഇലട്രോണിക്‌സ് ഉല്‍പന്നമേളയായ ജൈറ്റെക്‌സ് ഷോപ്പറിന്റെ പ്രവേശന ഫീസ് അഞ്ചു ദിര്‍ഹം വര്‍ധിപ്പിച്ചു. നിലവിലെ 15 ദിര്‍ഹത്തില്‍ നിന്നാണ് 20 ആക്കിയിരിക്കുന്നത്. അടുത്ത മാസം ഒന്നു മുതല്‍ നാലു വരെയാണ് ഈ വര്‍ഷത്തെ ജൈറ്റെക്‌സ് ഷോപ്പര്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ അരങ്ങേറുകയെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരിക്കും പ്രവേശനം. 20 ദിര്‍ഹത്തിന് പ്രവേശനം ലഭിക്കുന്നവര്‍ക്ക് ജൈറ്റെക്‌സ് ഷോപ്പര്‍ സ്പ്രിംഗിലും ഷോപ്പര്‍ സ്മാര്‍ട് ലിവിംഗിലും തിരഞ്ഞെടുത്ത ഇമാറാത്ത് ഔട്ട്‌ലെറ്റുകളിലും പ്രവേശിക്കാനാവും. കഴിഞ്ഞ വര്‍ഷത്തെ ജൈറ്റെക്‌സ് മേളയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രവേശന നിരക്കില്‍ 33 ശതമാനത്തിന്റെ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 23 മുതല്‍ 26 വരെയായിരുന്നു ജൈറ്റെക്‌സ് ഷോപ്പര്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ അരങ്ങേറിയത്.
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി ഓഫറുകളും എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും നല്‍കുന്നുണ്ട്. ഏറ്റവും ആധുനികമായ ഗിസ്‌മോസും ഗാഡ്‌ഗെറ്റ്‌സും സ്വന്തമാക്കാനും മേള ഉപകാരപ്പെടും. കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ വിപണിയില്‍ എത്തിക്കും. വീട്ടാവശ്യത്തിനും തൊഴില്‍, വിദ്യാലയം തുടങ്ങിയവക്കും ആവശ്യമായി വരുന്ന നിരവധി വസ്തുക്കളാണ് ഇതില്‍ അണിനിരക്കുക. ഇത്തവണ കൂടുതല്‍ വസ്തുക്കള്‍ എത്തിക്കുമെന്നതിനൊപ്പം കൂടുതല്‍ പണം ലാഭിക്കാനും അവസരം ലഭിക്കുമെന്ന് സംഘാടകരായ വേള്‍ഡ് ട്രേഡ് സെന്ററിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ട്രിക്‌സി ലൊഹ്മിര്‍മാന്‍ഡ് വ്യക്തമാക്കി.
ഈ വര്‍ഷം 40 സ്വര്‍ണ ബാറുകളാണ് നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുക. 2,500 ദിര്‍ഹത്തിന് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഇതിനായുള്ള കൂപ്പണ്‍ ലഭിക്കുക. കൂപ്പണ്‍ നറുക്കിട്ടെടുത്താണ് സമ്മാനം നല്‍കുക. സന്ദര്‍ശകന് ദിനേന ഗ്യാലക്‌സി എ5 സ്മാര്‍ട് ഫോണ്‍ ലഭിക്കാനും അവസരമുണ്ട്. സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ സാംസങിന്റെ വിവിധ ഉത്പന്നങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ടെന്നും ട്രിക്‌സി വെളിപ്പെടുത്തി. ഓരോ വര്‍ഷവും ജൈറ്റെക്‌സിലേക്ക് സന്ദര്‍ശകരുടെ കനത്ത പ്രവാഹമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണത്തില്‍ പുതിയ റെക്കാര്‍ഡുണ്ടാവുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.