ബസിനും ടാക്‌സിക്കും പ്രത്യേക പാത; നിയമ ലംഘകര്‍ക്ക് പിഴ വര്‍ധിപ്പിച്ചു

Posted on: March 25, 2015 6:00 pm | Last updated: March 25, 2015 at 6:49 pm
SHARE

ദുബൈ: ബസിനും ടാക്‌സിക്കും മാത്രമായി ഏര്‍പെടുത്തിയ പാതകളില്‍ പ്രവേശിക്കുന്ന മറ്റു വാഹനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ 600 ദിര്‍ഹം പിഴ ചുമത്തും. നായിഫ് റോഡിലെ പ്രത്യേക പാതയില്‍ പ്രവേശിക്കുന്ന മറ്റു വാഹനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പുതിയ പിഴ ചുമത്തുക. ധാരാളം പേര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി വെളിപ്പെടുത്തി.
പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും വേണ്ടിയാണ് അല്‍ മസാര്‍ എന്ന പേരില്‍ പുതിയ സംവിധാനം നടപ്പാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് മാസം മുമ്പ് നായിഫ് സ്ട്രീറ്റില്‍ 1. 7 കിലോമീറ്ററില്‍ പ്രത്യേക ലൈന്‍ ഏര്‍പെടുത്തിയിരുന്നു. ഈ പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ ഏഴു ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. പരീക്ഷണകാലത്ത് നിയമംലംഘിച്ച വാഹന ഉടമകള്‍ക്ക് എസ് എം എസ് സന്ദേശവും അയച്ചിരുന്നു.
ആര്‍ ടി എ. യുടെ ബസുകള്‍, ടാക്‌സികള്‍, ആംബുലന്‍സ്, അഗ്‌നിശമനസേന, പോലീസ് വാഹനങ്ങള്‍ ഉള്‍പെടെയുള്ള ഗവര്‍ണ്മെന്റ് വാഹനങ്ങള്‍ എന്നിവക്ക് മാത്രമെ ഈ പാതയിലൂടെ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. മറ്റു വാഹനങ്ങള്‍ ഈ പാതയിലൂടെ പോയാല്‍ കരിമ്പട്ടികയില്‍പെടുത്തി ശിക്ഷിക്കും. ഏപ്രില്‍ ഒന്നു മുതല്‍ ഓരോ തവണ നിയമം ലംഘിക്കുമ്പോഴും 600 ദിര്‍ഹം വീതം പിഴ ഈടാക്കും. വൈകാതെ നഗരത്തിലെ മറ്റുപാതകളിലും മസാര്‍ പദ്ധതി കൊണ്ടുവരും. പരീക്ഷണ കാലത്തിനിടെ 63 ശതമാനം പേര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ബോധവത്കരണം ശക്തമാക്കുന്നത്.