പ്ലാനറ്റേറിയവും സയന്‍സ് മ്യൂസിയവും ഈ വര്‍ഷം പൂര്‍ത്തിയാവും

Posted on: March 25, 2015 6:47 pm | Last updated: March 25, 2015 at 6:47 pm
SHARE

ദുബൈ: പ്ലാനറ്റേറിയവും സയന്‍സ് മ്യൂസിയവും ഉള്‍പെടെ അഭിമാനകരമായ നിരവധി പദ്ധതികള്‍ ദുബൈയില്‍ ഈ വര്‍ഷം പൂര്‍ത്തായാവും. ദുബൈ സഫാരി പാര്‍ക്ക്, ദുബൈ ഫ്രെയിം എന്നിവയുടെ ഉദ്ഘാടനത്തിനും വര്‍ഷം സാക്ഷിയാവും. ഇതോടൊപ്പം 13 പുതിയ ഉദ്യാനങ്ങളും സൂഖും എമിറേറ്റിന്റെ ഭാഗമാവും. അടുത്ത മാസം ദുബൈ നഗരസഭയുടെ ബജറ്റ് അവതരണം കഴിഞ്ഞാല്‍ പുതിയ പദ്ധതികളുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്ന് എഞ്ചിനിയറിംഗ് ആന്‍ഡ് പ്ലാനിംഗ് വിഭാഗം അസി. ഡയറക്ടര്‍ അബ്ദുല്ല മുഹമ്മദ് റാഫിയ വ്യക്തമാക്കി. എല്ലാ നഗരത്തിനും ഓരോ സയന്‍സ് മ്യൂസിയം വേണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. പ്ലാനറ്റേറിയത്തിന് നഗരസഭ അനുമതി നല്‍കിയിട്ടുണ്ട്. മുശ്‌രിഫ് പാര്‍ക്കില്‍ ഈ വര്‍ഷം പദ്ധതി യാഥാര്‍ഥ്യമാക്കും. അല്‍ വര്‍സാന്‍ മേഖലയിലാണ് സൂഖ് നിര്‍മിക്കുന്നത്. ബില്‍ഡിംഗ് മെറ്റീരിയല്‍സിനും ഉപയോഗിച്ച നിര്‍മാണ വസ്തുക്കള്‍ വില്‍പന നടത്താനുമാണ് സൂഖ് നിര്‍മിക്കുന്നത്.

അവീര്‍ യൂസ്ഡ് കാര്‍ മാര്‍ക്കറ്റിന് സമാനമായിരിക്കും ഇത്. അവീറില്‍ നഗരസഭ പണികഴിപ്പിച്ചിരിക്കുന്ന യൂസ്ഡ് കാര്‍ മാര്‍ക്കറ്റ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയതായി വളര്‍ന്നിരിക്കുന്നു. 2025 ആവുമ്പോഴേക്കും ദുബൈ നഗര പരിധിയിലെ ഹരിത മേഖല 12,000 ഹെക്ടറാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 13 ഉദ്യാനങ്ങള്‍ സ്ഥാപിക്കും. 2025 ആവുമ്പോഴേക്കുമാണ് നഗരത്തിന്റെ ഹരിത മേഖല 12,000 ഹെക്ടറിലേക്ക് വളരുക. ആറു കോടി ദിര്‍ഹം ചെലവഴിച്ച് അല്‍ ഗര്‍ഹൂദില്‍ കുതിരയോട്ടത്തിനായുള്ള ക്ലബ് സ്ഥാപിക്കും. നിലവില്‍ സ്വകാര്യവ്യക്തികളുടെയും കമ്പനികളുടെയും കൈകളില്‍ മാത്രമാണ് ഇത്തരം ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. ദുബൈ ക്രീക്കില്‍ പദ്ധതിയിടുന്ന ഡസേര്‍ട്ട് സഫാരിയും ദുബൈ ഫ്രെയിമും ഇതില്‍ ഉള്‍പെടുമെന്നും അദ്ദേഹം പറഞ്ഞു.