മദ്യനിരോധമല്ല ലക്ഷ്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Posted on: March 25, 2015 12:58 pm | Last updated: March 26, 2015 at 9:10 am
SHARE

kerala high court pictures

കൊച്ചി: പുതിയ വസ്തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ മദ്യനയത്തില്‍ കാലോചിത മാറ്റം വരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. നയരൂപവത്കരണം സര്‍ക്കാറിന്റെ നയപരമായ കാര്യമാണെന്നും സര്‍ക്കാറിനു വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. നയരൂപവത്കരണത്തിന് മദ്യനയം സംബന്ധിച്ച കോടതി വിധികളടക്കമുള്ളവ ആസ്പദമാക്കുമെന്നും പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം ബോധിപ്പിച്ചു.
എന്നാല്‍, ഇപ്പോഴത്തേത് എന്ത് നയമാണെന്നും മദ്യനയത്തിന്റെ ലഭ്യത കുറയുകയല്ല മദ്യം സുലഭമാക്കുന്നതാണ് പുതിയ നയത്തിലൂടെ ഉണ്ടായിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു. എല്ലായിടത്തും ഇപ്പോള്‍ മദ്യം സുലഭമാണ്. സര്‍ക്കാര്‍ സ്ഥാപനമായ ബീവറേജ്‌സ് കോര്‍പറേഷനില്‍ നിന്ന് മദ്യം വാങ്ങി വീടുകളില്‍ കുടുബാംഗങ്ങളോടൊപ്പം മദ്യം കഴിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉപഭോഗത്തില്‍ കുറവല്ല വര്‍ധനവാണ് ഇതുമൂലം ഉണ്ടാകുന്നതെന്നും കോടതി പറഞ്ഞു. നയമുണ്ടാക്കിയത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണോയെന്ന് കോടതി ആരാഞ്ഞു.
അതേസമയം, സുപ്രീം കോടതി ഇത്തരവിനെത്തുടര്‍ന്ന് ഏകാംഗ കമ്മിഷനാണ് നയമുണ്ടാക്കാന്‍ പഠനം നടത്തിയതെന്നും മദ്യ ഉപഭോഗം സംബന്ധിച്ച് കോടതി നിരീക്ഷണങ്ങള്‍ നടത്തുന്നത് എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും കപില്‍ സിബല്‍ മറുചോദ്യം ഉന്നയിച്ചു.
നയവും അടിസ്ഥാനവും തീരുമാനിക്കേണ്ടത് കോടതിയുടെ ചുമതലയല്ലെന്നും ഒരാള്‍ മദ്യപിക്കുന്നത് എന്തുകൊണ്ടെന്നും മദ്യം വീട്ടില്‍ കൊണ്ടുപോയി ഉപയോഗിക്കുന്നതിന്റെ കാരണമെന്താണെന്നും അന്വേഷിക്കേണ്ട ബാധ്യത സര്‍ക്കാറിനില്ല. സമ്പൂര്‍ണ മദ്യനിരോധം സര്‍ക്കാറിന്റെ നയമല്ല. മദ്യത്തിന്റെ ലഭ്യത കുറച്ച് ഉപഭോഗം നിയന്ത്രിക്കുക എന്നതാണ് നയമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നയം ദുരുദ്ദേശ്യപരമോ ഉദ്ദേശ്യലക്ഷ്യങ്ങളെ സാധൂകരിക്കാത്തതോ ആണെങ്കില്‍ മാത്രമേ കോടതി ഇടപെടല്‍ പാടുള്ളൂ എന്നും സര്‍ക്കാര്‍ വാദിച്ചു.
നിലവാരമില്ലെന്ന കാരണത്താല്‍ അടച്ചുപൂട്ടിയ ബാറുകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ച സര്‍ക്കാറിന്റെ യുക്തിയെ കോടതി ചോദ്യം ചെയ്തു. ഈ ഹോട്ടലുകളില്‍ ബിയറും വൈനും വില്‍ക്കാമെങ്കില്‍ എന്തുകൊണ്ട് മദ്യം വില്‍പ്പന നടത്തിക്കൂടെന്ന് കോടതി ചോ ദിച്ചു.
ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്കും ലൈസന്‍സ് നല്‍കണമെന്ന സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാറും ത്രിസ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച സിംഗിള്‍ ബഞ്ച് വിധി ചോദ്യം ചെയ്ത ബാര്‍ ഉടമകളും സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളാണ് ജസ്റ്റിസുമാരായ കെ ടി ശങ്കനും ബാബു മാത്യു പി തോമസും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. അപ്പീലുകളില്‍ 31ന് വിധി പ്രസ്താവിക്കുമെന്നും അതിനാല്‍ ബാര്‍ ഉടമകള്‍ ഇതിനു മുമ്പ് മറുപടി വാദം പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു.