Connect with us

Palakkad

കിണറില്‍ വീണ മയിലിന് രക്ഷകനായി അബ്ബാസ്

Published

|

Last Updated

കൊപ്പം: ഇരതേടിയിറങ്ങിയ പെണ്‍മയില്‍ വീണത് 10 അടിതാഴ്ചയുള്ള കിണറില്‍. മൂന്ന് ദിവസം കിണറില്‍ കഴിഞ്ഞ പെണ്‍മയിലിന് രക്ഷകനായെത്തിയത് പാമ്പ് പിടിത്തക്കാരന്‍ കൈപ്പുറം അബ്ബാസ്.
പട്ടാമ്പി മുതുതല വള്ളൂര്‍ ഉരുളാംകുന്നത്ത് കുഞ്ഞിമുഹമ്മദിന്റെ വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണറിലാണ് മയില്‍ വീണത്. വീട്ടുമുറ്റത്തെ കിണറില്‍ മയില്‍ വീണതോടെ വീട്ടുകാര്‍ക്കും “യമായി. കൊട്ടയും കയറുമൊക്കെ ഇറക്കിനോക്കി മയിലിനെ രക്ഷപ്പെടുത്താന്‍ വീട്ടുകാരും നാട്ടുകാരും ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
നിറയെ വെള്ളമുള്ള കിണറില്‍ മാളത്തിലൊളിച്ചിരിക്കയായിരുന്നു മയില്‍. കിണറില്‍ വീണ് മയിലിനെ വേട്ടയാടുമോ എന്ന് ഭയന്ന കുഞ്ഞിമുഹമ്മദ് മൂന്ന് ദിവസവും ഉറക്കമൊഴിച്ചു കാവലിരുന്നു. വീട്ടുകാര്‍ ബക്കറ്റിലും പാത്രത്തിലുമായി തീറ്റയും ഇറക്കിക്കൊടുത്തിരുന്നു. പന്തികേട് ശരിയല്ലെന്ന് മനസ്സിലാക്കിയ കുഞ്ഞിമുഹമ്മദ് ഒടുവില്‍ മൂന്നാംദിവസം പാമ്പ് പിടിത്തക്കാരന്‍ അബ്ബാസ് കൈപ്പുറത്തെ വിളിച്ചുവരുത്തുകയായിരുന്നു.
അബ്ബാസ് എത്തി മയിലിനെ തന്ത്രപരമായി പിടികൂടി കരയ്‌ക്കെത്തിച്ചതോടെയാണ് കുഞ്ഞിമുഹമ്മദിന് ആശ്വാസമായത്. ജീവഹാനിയൊന്നും സംഭവിച്ചിട്ടില്ലാത്ത മയിലിനെ അബ്ബാസ് കൈപ്പുറം ഷൊര്‍ണൂരിലെ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.
കഴിഞ്ഞ ദിവസം തൃത്താലയില്‍ നാട്ടുകാരെ വിറപ്പിച്ച പുലിയെ പിടിക്കാന്‍ ഒരുപകല്‍ മുഴുവന്‍ കാവലിരുന്നതും ഈ ചെറുപ്പക്കാരനായിരുന്നു.
ജനങ്ങള്‍ക്ക് ശല്യമാകുന്ന വന്യജീവികളെയും പാമ്പുകളെയും പിടികൂടി കാട്ടില്‍ കൊണ്ടുപോയി വിടുന്നതിന് രണ്ട് തവണ വനമിത്ര അവാര്‍ഡ് അബ്ബാസിനെ തേടിയെത്തിയിട്ടുണ്ട്.

Latest