രാജ്യത്തെ മോദി അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നു-കെ എല്‍ പൗലോസ്

Posted on: March 25, 2015 10:51 am | Last updated: March 25, 2015 at 10:51 am
SHARE

സുല്‍ത്താന്‍ ബത്തേരി: ഭാരതം കാലാകാലമായി സൂക്ഷിച്ചു വരുന്ന ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത എന്ന സങ്കല്‍പ്പം വര്‍ഗീതയിലൂടെ ഇല്ലാതാക്കന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ നയങ്ങള്‍ രാജ്യത്ത് അരക്ഷിതാവസ്ഥയിലേക്ക് കൊണ്ടുപോകുമെന്നതില്‍ തര്‍ക്കമില്ല. ഇത്തരം വര്‍ഗ്ഗീയ പരമായ നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ.എല്‍ പൗലോസ് പറഞ്ഞു. കെ.പി.സി.സി. ആഹ്വാനപ്രകാരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി പോസ്റ്റ് ഓഫീസിനു മുമ്പില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകന്റെ ഭൂമി ഏറ്റെടുക്കുന്നതിനായി കൊണ്ടുവന്ന നിയമം അങ്ങേയറ്റം കര്‍ഷ വിരുദ്ധവും കുത്തക കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിനുവേണ്ടി മാത്രമുള്ളതുമാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വില ക്രമാനുഗതമായി കുറഞ്ഞുവരുമ്പോഴും അതിന്റെ നേട്ടം സാധാരണക്കാരന് ലഭ്യമാക്കാതെ കോര്‍പ്പറേറ്റുകളെയും എണ്ണകമ്പനികളെയും സഹായിക്കുന്ന തീരുമാനമാണ് ഗവണ്‍മെന്റ് ഏറ്റെടുത്തിരിക്കുന്നത്. 900 രൂപ പാചകവാതകത്തിന് വിലയുണ്ടായിരുന്നപ്പോള്‍ 450 രൂപയാണ് ജനങ്ങള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ പൊതുവിപണിയില്‍ 665 രൂപ ആയപ്പോള്‍ സാധാരണക്കാര്‍ക്ക് ലഭിക്കുന്നത് 200 രൂപയില്‍ താഴെ മാത്രമാണ്.
നഞ്ചന്‍കോഡ് – നിലമ്പൂര്‍ റെയില്‍വേ പാതക്ക് മൊത്തം വരുന്ന ചിലവിന്റെ 50% സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് ഏറ്റിട്ടും കേന്ദ്ര റെയില്‍വേ ബജറ്റില്‍ ഒരു പരാമര്‍ശവും ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണ്. ദേശീയ തലത്തില്‍ പാവപ്പെട്ടവന് ആശ്വാസമായ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പാടെ ഉപേക്ഷിക്കുന്നതിന്റെ മുന്നോടിയായി ഘട്ടം ഘട്ടമായി പദ്ധതിയെ തകര്‍ക്കുന്നതിനുവേണ്ടി നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്ലോക്ക് പ്രസിഡന്റ് ടി.ജെ. ജോസഫ് അദ്ധ്യക്ഷനായിരുന്നു. സി.പി. വര്‍ഗ്ഗീസ്, കെ.കെ.ഗോപിനാഥന്‍, എന്‍.എം. വിജയന്‍, ഒ.എം. ജോര്‍ജ്ജ്, നിസി അഹമ്മദ്, ടി.പി. രാജശേഖരന്‍, ഒ.ആര്‍. രഘു, കെ.ഇ. വിനയന്‍, ആര്‍.പി. ശിവദാസ്, കെ.പി. ദാമോദരന്‍, പി.എം. തോമസ്, ബാബു പഴുപ്പത്തൂര്‍, വര്‍ഗ്ഗീസ് എം.വി. ബാലസുബ്രഹ്മണ്യന്‍, കെ.കെ. വാസു, കെ.ആര്‍. സാജന്‍, മണി ചോയിമൂല, മേരി തോമസ്, ജയമുരളി, എം.യു. ജോര്‍ജ്ജ്, എലിസബത്ത് വര്‍ഗ്ഗീസ്, ഷാജി ചുള്ളിയോട്, ആര്‍. ശ്രീനിവാസന്‍, ടി.ജെ.രാജു, ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.