Connect with us

Wayanad

ഡോ.എം വി മുകുന്ദന്‍ ഡയറ്റിന്റെ പടിയിറങ്ങുന്നു

Published

|

Last Updated

കല്‍പ്പറ്റ: മികച്ച പ്രവര്‍ത്തനങ്ങളിലൂടെ വയനാട് ഡയറ്റിന്റെ ഭൗതികവും അക്കാദമികവുമായ മുഖഛായ മാറ്റിയ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.എം വി മുകുന്ദന്‍ ഈ മാസം 31ന് ജോലിയില്‍നിന്നും വിരമിക്കും. ഇന്ത്യയിലാദ്യമായി 1989ല്‍ സ്ഥാപിതമായ വയനാട് ഡയറ്റില്‍ 2013 സെപ്റ്റംബറിലാണ് അദ്ദേഹം പ്രിന്‍സിപ്പലായി ചുമതലയേറ്റത്.
പ്രൈമറി അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച എം.പി.മുകുന്ദന്‍ വയനാട്, തൃശ്ശൂര്‍, കണ്ണൂര്‍, കോഴിക്കോട് ഡയറ്റുകളില്‍ സീനിയര്‍ ലക്ചററായും പത്തനംതിട്ട ഡയറ്റ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.
വയനാട് ഡയറ്റിന്റെ ജൂബിലി സമ്മേളനം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം,ഗുരുവന്ദനം, ക്യാമ്പസ് നവീകരണ പ്രവര്‍ത്തനങ്ങള്‍, ജൂബിലി സ്‌ക്വയര്‍ നിര്‍മാണം, വിവിധ സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പുസ്തകരചനകള്‍, പരിശീലനങ്ങള്‍, തുടങ്ങിയവയും സാഫല്യം, സ്വീറ്റ്, മേനി, മേ•, ടീം തുടങ്ങിയ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്.പ്രധാനാധ്യാപകര്‍ക്കുള്ള കൈപ്പുസ്തകമായ തുഴ, സവിശേഷ പരിഗണനയര്‍ഹിക്കുന്ന കുട്ടികളുമായി ഇടപഴകുന്നവര്‍ക്കുള്ള പ്രഭവഗ്രന്ഥമായ നോട്ടം, പ്രവൃത്തിപരിചയ അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകമായ കിരണം, വാര്‍ത്താ പത്രികകള്‍, ഡി-എഡ് വിദ്യാര്‍ത്ഥികളുടെ മാഗസിനായ നാമ്പ് തുടങ്ങിയവ അക്കാദമിക ശ്രദ്ധ നേടി.
സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എസ്എസ്എല്‍സി തുല്യതാ പരീക്ഷക്ക് നൂറ് ശതമാനം വിജയം കൈവരിക്കാനുള്ള സാഫല്യം പദ്ധതി വന്‍ വിജയമായി.
ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദവും മൈസൂര്‍ റീജ്യണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷനില്‍നിന്ന് എം-എഡും ഹോങ്കോങ്ങ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് വിദ്യാഭ്യാസത്തില്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. 2004 ജൂണ്‍ മുതല്‍ 2008വരെ ചൈനയിലെ ഷെന്യാങ്ങ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍, ഡോക്ടര്‍ ഓഫ് എജ്യുക്കേഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
യുഎസ്, യുകെ, ചൈന, ക്യൂബ, സ്വീഡന്‍,വിയറ്റ്‌നാം തുടങ്ങി നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചു.യുനെസ്‌കോ, യൂനിസെഫ്, വേള്‍ഡ് ബാങ്ക് എന്നിവക്കുവേണ്ടി അക്കാദമിക സഹായങ്ങളും പഠനവും നടത്തിയിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവപ്രവര്‍ത്തനം കാഴ്ച്ചവെച്ചു. സ്വീഡനിലെ ലുണ്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കുട്ടികളുടെ അവകാശങ്ങളില്‍ ഡിപ്ലോമ ലഭിച്ചു.
അടുത്ത വര്‍ഷം കംബോഡിയയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രബന്ധാവതരണത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ നിരവധി പുസ്തകങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്ന് സ്വദേശിയാണ്.ഭാര്യ യരോജിനി ഹൈസ്‌കൂള്‍ അധ്യാപികയാണ്. മകന്‍ ഹരിഗോവിന്ദ് എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി.മകള്‍ ഹരിത ജേണലിസം വിദ്യാര്‍ഥിനി.

Latest