വീണ്ടും സൂര്യഘാതം ഓടത്തോട് രണ്ട് സ്ത്രീകള്‍ക്ക് പൊള്ളലേറ്റു

Posted on: March 25, 2015 10:48 am | Last updated: March 25, 2015 at 10:48 am
SHARE

കല്‍പ്പറ്റ: ജില്ലയില്‍ വേനല്‍ ശക്തമായതോടെ സൂര്യാഘാതം മൂലം പൊള്ളലേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ റിപ്പണ്‍ പോഡാര്‍ പ്ലാന്റേഷന്‍ ഓടത്തോട് തേയിലത്തോട്ടത്തിലെ രണ്ട് സ്ത്രീ തൊഴിലാളികള്‍ക്ക് കൂടി സൂര്യതാപമേറ്റു. പരേതനായ മൊയ്തീന്റെ ഭാര്യ ഉമ്മത്തൂര്‍ ആമിന(53), കരിയന്റെ ഭാര്യ ജാനകി(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ 11 മണിയോടെയാണ് അപകടം. ആമിനയുടെ ഇടത്തേ കയ്യിലും ജാനകിയുടെ പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. രണ്ട് പേരുടെയും പൊള്ളല്‍ ഗുരുതരമല്ല. കഴിഞ്ഞ ദിവസം എച്ച് എം എല്‍ കമ്പനിയുടെ സെന്റിനല്‍റോക്ക് എസ്റ്റേറ്റില്‍ എട്ട് തൊഴിലാളികള്‍ക്ക് പുറത്ത് പൊള്ളലേറ്റു. ഇതില്‍ അബ്ദുള്‍ലത്തീഫ്, അലിയാര്‍ എന്നിവരുടെ പുറംഭാഗത്താണ് പൊളള ലേറ്റത് .വയനാട്ടില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.മുന്‍വര്‍ഷങ്ങളിലൊന്നും മാര്‍ച്ച് മാസത്തില്‍ ഇത്രത്തോളം ചൂട് ഉണ്ടായിട്ടില്ലെന്ന് ആളുകള്‍ പറയുന്നു. പകല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് പരമാവധി എത്തിയത് 34 ഡിഗ്രി വരെയായിരുന്നു. നട്ടുച്ച സമയത്ത് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വിധം ചൂട് അധികരിച്ചിട്ടുണ്ട്. ഇത് വൈകുന്നേരം അഞ്ച് മണി വരെയും തുടരുന്നു. യഥേഷ്ടം വെള്ളം കുടിച്ചാല്‍ പോലും ചൂടിന് ശമനമില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ചൂട് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യമുയരുന്നത്.
പരുക്കേറ്റ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണം. സൂര്യാഘാതമാണ് പൊള്ളലേല്‍ക്കാന്‍ കാരണമെങ്കില്‍ തോട്ടങ്ങളില്‍ അടിയന്തിരമായി പകല്‍ ജോലി സമയം പുന:ക്രമീകരിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
സെന്റിനല്‍റോക്ക് എസ്റ്റേറ്റില്‍ സൂര്യാഘാതം മൂലം പൊള്ളലേറ്റ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ചൂട് വര്‍ധിച്ചതിനാല്‍ പകല്‍ ജോലി സമയം പുന:ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വയനാട് തോട്ടം തൊഴിലാളി യൂണിയന്‍(എ ഐ ടി യു സി) പ്രവര്‍ത്തകര്‍ എസ്റ്റേറ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജനറല്‍ സെക്രട്ടറി പി കെ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു.
പി കെ വിജയന്‍ അധ്യക്ഷനായിരുന്നു. എ ബാലചന്ദ്രന്‍, വി യൂസഫ്, കെ പ്രശാന്തന്‍, കെ അസീസ് പ്രസംഗിച്ചു. കെ സുദേവന്‍, എം സി ശകുന്തള, കെ പാത്തു,കെ ഇബ്രാഹിം നേതൃത്വം നല്‍കി. പൊഴുതന: വേനല്‍ ചൂട് കനത്ത സാഹചര്യത്തില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയം ഏകീകരിക്കണമെന്ന് കോണ്‍ഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സൂര്യാതപം ഏല്‍ക്കാനുള്ള സാഹചര്യം വര്‍ധിച്ചതിനാല്‍ തൊഴിലാളികള്‍ക്ക് മതിയായ ആരോഗ്യ സുരക്ഷ ഏര്‍പ്പെടുത്താന്‍ എസ്റ്റേറ്റ് മാനേജ് മെന്റുകള്‍ തയാറാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിന്റ ഉദ്ഘാടനം മണ്ഡലം പ്രസിഡണ്ട് കെ.പി. സൈദ് നിര്‍വഹിച്ചു. ശുക്കൂര്‍ പാലശേരി അധ്യക്ഷത വഹിച്ചു. വിമല ഗോപാലന്‍, ശശി അച്ചൂര്‍, ശിവദാസന്‍, രാജേഷ് മണി, ടൈറ്റസ്, വിശ്വനാഥന്‍, ജഷീര്‍ കടവത്ത്, ജോണ്‍സണ്‍, സദാനന്ദന്‍, എബിന്‍ മുട്ടപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു