സ്ത്രീയെ കടിച്ചു കൊന്ന കരടിയെ വനംവകുപ്പ് വെടിവെച്ചു കൊന്നു

Posted on: March 25, 2015 10:47 am | Last updated: March 25, 2015 at 10:47 am
SHARE

ഗൂഡല്ലൂര്‍: കോത്തഗിരിയില്‍ സ്ത്രീയെ കടിച്ച് കൊന്ന കരടിയെ വനംവകുപ്പ് വെടിവെച്ച് കൊന്നു. പോലീസിന്റെ സഹായത്തോടെയാണ് പത്ത് വയസുള്ള കരടിയെ വെടിവെച്ച് കൊന്നത്. കരടിയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം സ്ത്രീ കൊല്ലപ്പെട്ടിരുന്നു. കോത്തഗിരി തോട്ടമുക്ക് കാളന്റെ ഭാര്യ മാതി (55) ആണ് കൊല്ലപ്പെട്ടിരുന്നത്. വീടിന് സമീപത്തെ തേയില തോട്ടത്തില്‍ ജോലിയെടുക്കുന്നതിനിടെയാണ് ഇവരെ കരടി ആക്രമിച്ചിരുന്നത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് കാളനും, മക്കളായ കുമാര്‍, ദിനകരന്‍ എന്നവര്‍ക്കും കരടിയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. മയക്ക് വെടിവെച്ച് പിടികൂടിയ കരടിയെ പിന്നീട് വെടിവെച്ച് കൊല്ലുകയായിരുന്നു. ജനങ്ങളുടെ നിരന്തര അഭ്യര്‍ഥനമാനിച്ചാണ് കലക്ടറുടെ ഉത്തരവ് പ്രകാരം ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് കരടിയെ വെടിവെച്ച് കൊന്നത്. ജില്ലാ കലക്ടര്‍ പി ശങ്കര്‍, നീലഗിരി എസ് പി ശെന്തില്‍കുമാര്‍, ഡി എഫ് ഒമാരായ ഭദ്രസ്വാമി, സൗന്ധര്‍പാണ്ഡ്യന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അതേസമയം കരടിയുടെ കുട്ടികള്‍ ഈ മേഖലയില്‍ ചുറ്റിത്തിരിയുന്നുണ്ടോയെന്ന് വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാതിയുടെ ആശ്രിതര്‍ക്ക് ജില്ലാ കലക്ടര്‍ പി ശങ്കര്‍ മൂന്ന് ലക്ഷം രൂപ വിതരണം ചെയ്തു.