മാവോയിസ്റ്റ് ഭീഷണി: ഊട്ടി നഗരത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചു

Posted on: March 25, 2015 10:46 am | Last updated: March 25, 2015 at 10:46 am
SHARE

ഗൂഡല്ലൂര്‍: മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നീലഗിരി ജില്ലയിലെ ഊട്ടി നഗരത്തില്‍ ടൂറിസംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, ബോട്ട് ഹൗസ് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ബസ്റ്റാന്‍ഡിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. പുഷ്‌പോത്സവം ആരംഭിക്കാന്‍ ഒന്നരമാസം മാത്രമാണുള്ളത്. പുഷ്‌പോത്സവം കാണാന്‍ പ്രമുഖ വ്യക്തിത്വങ്ങളും വിദേശികളടക്കമുള്ള ആയിരക്കണക്കിന് സഞ്ചാരികളും എത്താറുണ്ട്. മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നത്. തിരക്കേറിയ ടൗണുകളിലൊന്നാണ് ഊട്ടി. കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം പേര്‍ ഇവിടെയെത്താറുണ്ട്. നിരന്തരം കേരളത്തിലെ വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ വ്യാപകമായതിനെത്തുടര്‍ന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് ദൗത്യസേനയും, പോലീസും നിരന്തരം പരിശോധന നടത്താറുണ്ട്. കൂടാതെ ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കഴിഞ്ഞ ദിവസം ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പാട്ടവയല്‍, നാടുകാണി, ചോലാടി, താളൂര്‍, ചേരമ്പാടി, കക്കുണ്ടി, നമ്പ്യാര്‍കുന്ന് തുടങ്ങിയ ചെക്‌പോസ്റ്റുകളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. വനാതിര്‍ത്തികളിലെ പോലീസ് സ്റ്റേഷനുകള്‍ക്കും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റേഷന് മുമ്പില്‍ ക്യാമറ സ്ഥാപിക്കുകയും, തോക്കേന്തിയ പോലീസുകാരെ കാവല്‍ നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. അയല്‍സംസ്ഥാനമായ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മാവോയിസ്റ്റുകള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്. അത്‌കൊണ്ട് തന്നെ ജില്ലാ അതിര്‍ത്തി വനങ്ങളില്‍ പോലീസ് ജാഗ്രതപാലിക്കുന്നുണ്ട്. ചെക്‌പോസ്റ്റുകളില്‍ കനത്ത പരിശോധനക്ക് ശേഷമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.