മാണിക്കെതിരെ വയനാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍

Posted on: March 25, 2015 10:45 am | Last updated: March 25, 2015 at 10:45 am
SHARE

കല്‍പറ്റ: ബാര്‍ കോഴ കേസിലെ പ്രതി മന്ത്രി കെ എം മാണിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കാണിക്കുന്ന വ്യഗ്രത ചോദ്യം ചെയ്ത് വയനാട്ടില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ പ്രചാരണം. കല്‍പറ്റ ടൗണിലാണ് കോണ്‍ഗ്രസ് നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെടുന്ന കയ്യെഴുത്ത് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. മാണി അടിയന്തിരമായി സ്ഥാനം രാജിവെച്ച് ജനാധിപത്യത്തിന്റെ അന്തസ് ഉയര്‍ത്തണമെന്നതാണ് ആദ്യ വാചകം. മാണിയെ വയനാട് ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും പോസ്റ്ററിലൂടെ പ്രഖ്യാപിക്കുന്നു. അഗ്നിശുദ്ധി വരുത്തി തിരിച്ചുവരാന്‍ വ്യവസ്ഥയുള്ളപ്പോള്‍ മാണി എന്തിനാണ് അധികാരത്തില്‍ കടിച്ചുതൂങ്ങി യു ഡി എഫിനെ തന്നെ ദുര്‍ബലപ്പെടുത്തുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ചോദിക്കുന്നു. കെ കരുണാകരനോട് കാണിക്കാത്ത അനുകമ്പ എന്തിന് കോണ്‍ഗ്രസ് നേതാക്കള്‍ മാണിയോട് കാണിക്കുന്നു എന്നതാണ് മറ്റൊരു ചോദ്യം. കോണ്‍ഗ്രസിലെ പാവങ്ങള്‍ മല്‍സരിക്കാന്‍ പോവുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സാധ്യത നേതാക്കള്‍ ഇല്ലാതാക്കരുതെന്ന ഓര്‍മപ്പെടുത്തലും പോസ്റ്ററിലുണ്ട്. ബാര്‍ കോഴ കേസിലെ പ്രതിയായ മന്ത്രി മാണി നിഷ്‌ക്കളങ്കനല്ലെന്ന പൊതുവികാരം തന്നെയാണ് യൂത്ത് കോണ്‍ഗ്രസിനും കോണ്‍ഗ്രസിലെ ഭൂരിപക്ഷത്തിനും ഉള്ളതെന്നതിന്റെ തെളിവുകൂടിയായി പോസ്റ്റര്‍ പ്രചാരണത്തെ കാണുന്നു. ചൊവ്വാഴ്ച രാത്രിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. രാവിലെ ജനങ്ങളെല്ലാം കണ്ടശേഷം ഇവ നീക്കം ചെയ്തത് ഉമ്മന്‍ചാണ്ടിയെ പിന്‍തുണയ്ക്കുന്ന എ ഗ്രൂപ്പുകാരാണ്. കെ മുരളീധരന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ക്ക് സമീപമാണ് മാണിക്കെതിരായ പോസ്റ്ററും പതിച്ചിരുന്നത്. കെ പി സി സി വക്താക്കളായ പന്തളം സുധാകരനും അജയ്തറയിലും ഇക്കാര്യം നേരത്തെ പരസ്യമായി പറഞ്ഞിട്ടുണ്ടെങ്കിലും അവര്‍ക്ക് നേതൃത്വം കൂച്ചുവിലങ്ങിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷും ഇതേ അഭിപ്രായം തന്നെയാണ് പരസ്യമായി പറഞ്ഞത്. ബാര്‍ കോഴയില്‍ മന്ത്രി മാണി ഉള്‍പ്പെട്ടിട്ടുണ്ടെന്നും അത് യു ഡി എഫിന്റെ പ്രതിച്ഛായ തകര്‍ത്തത്തുവെന്നും താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ തിരിച്ചറിയുന്നു എന്നതിന്റെ തെളിവായാണ് ഈ പോസ്റ്ററുകളെ പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ പ്രചാരണത്തെ നേരിട്ട് എതിര്‍ക്കാനുള്ള ശേഷി വയനാട്ടില്‍ മന്ത്രി മാണിയുടെ പാര്‍ട്ടിയ്ക്കില്ല. അതിനാല്‍ ഇക്കാര്യത്തില്‍ മാണിയുടെ പാര്‍ട്ടിക്കാര്‍ മൗനം അവലംബിക്കുകയാണ്.