Connect with us

Malappuram

വോട്ടര്‍പട്ടിക മാതൃകാപരമാക്കുന്നു തിരിച്ചറിയല്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാം

Published

|

Last Updated

മലപ്പുറം: വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ആധാര്‍ നമ്പര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. നിലവിലെ കാര്‍ഡ് വിനിയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെങ്കിലും ആധാര്‍ നമ്പര്‍ കൂടി രേഖപ്പെടുത്തിയ പുതിയ കാര്‍ഡ് ലഭിക്കുന്നതിനും നിലവില്‍ കാര്‍ഡിലുള്ള തെറ്റുകള്‍ തിരുത്തുന്നതിനുള്ള അവസരമായി വിനിയോഗിച്ച് പൊതുജനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളുമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
ആധാര്‍ ബന്ധിപ്പിക്കുന്നതെങ്ങനെ?
മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ജനന തീയതി, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, ഇ-മെയില്‍ ഐ ഡി എന്നിവ രണ്ട് പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ സഹിതം രലീ.സലൃമഹമ.ഴീ്.ശി ല്‍ രജിസ്റ്റര്‍ ചെയ്യണം. സ്വന്തമായി ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാം.
അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ 15 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കണം. അടുത്തമാസം 11 വരെ ഈ സൗകര്യം ലഭ്യമാകും.
അടുത്തമാസം 12 ന് ബൂത്ത്തല ക്യാമ്പുകള്‍
12 ന് കലക്ടറേറ്റിലും താലൂക്ക്-വില്ലേജ് ഓഫീസുകളിലും സൗജന്യ രജിസ്‌ട്രേഷന്‍ സൗകര്യമൊരുക്കും. കൂടാതെ മണ്ഡലാടിസ്ഥാനത്തില്‍ പോളിംഗ് ബൂത്ത് തലത്തിലുള്ള ക്യാമ്പുകളും അക്ഷയയുടെ ആഭിമുഖ്യത്തില്‍ സജ്ജീകരിക്കും. ജില്ലയില്‍ 2288 പോളിംഗ് ബൂത്തുകളാണുള്ളത്. 10 ബൂത്തുകള്‍ക്ക് ഒരു ക്യാമ്പ് എന്ന നിലക്ക് സൗകര്യമൊരുക്കും. രേഖകള്‍ സഹിതം കുടുംബത്തിലെ ഒരാള്‍ മാത്രം ക്യാമ്പിലെത്തിയാല്‍ മതി. ഫോട്ടോ കൈവശമില്ലാത്തവര്‍ക്ക് ഫോട്ടോയെടുക്കാനുള്ള സൗകര്യവും ബൂത്തുകളിലുണ്ടാവും.
തെറ്റ് തിരുത്താന്‍ അവസരം
നിലവിലുള്ള തിരിച്ചറിയല്‍ കാര്‍ഡില്‍ തെറ്റുകള്‍ തിരുത്തുന്നതിനും പഴയ ഫോട്ടോ മാറ്റി പുതിയ ഫോട്ടോ ചേര്‍ക്കുന്നതിനും അവസരമുണ്ട്.
വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാം
വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ്, തെറ്റായ വിവരങ്ങള്‍ എന്നിവ തിരുത്തി വോട്ടര്‍ പട്ടിക ശുചീകരിക്കുന്നതോടെ ജനാധിപത്യ പ്രക്രിയ കൂടുതല്‍ സുതാര്യമാകും. ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ വോട്ടര്‍ പട്ടികയിലുള്ള ഇരട്ടിപ്പുകള്‍ കണ്ടെത്താനാവും. ഒരു മേല്‍വിലാസം മാത്രം തിരഞ്ഞെടുക്കാന്‍ ഓരോ വോട്ടറും നിര്‍ബന്ധിതനാകും.
പുതിയ കാര്‍ഡിന് 10 രൂപ
ആധാര്‍ ബന്ധിപ്പിച്ച് ഏപ്രില്‍ 12 നകം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനെ പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യും. കാര്‍ഡ് ഒന്നിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 10 രൂപ ഈടാക്കും. പുതിയ കാര്‍ഡുകള്‍ മെയ് ആദ്യവാരത്തോടെ വിതരണം ചെയ്യും.
സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, കുടുംബശ്രീ-ആശാ പ്രവര്‍ത്തകര്‍ പദ്ധതിയുമായി സഹകരിക്കും. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ എം പങ്കജാക്ഷി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തഹസില്‍ദാര്‍മാര്‍, മാധ്യമപ്രതിനിധികള്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest