Connect with us

Malappuram

ജില്ലാ പഞ്ചായത്ത് ബജറ്റ്: വിദ്യാധനം, ആരോഗ്യദായകം

Published

|

Last Updated

മലപ്പുറം: ആരോഗ്യം, വിദ്യാഭ്യാസം, വനിതാക്ഷേമം, പട്ടികജാതി വികസനം, കൃഷി, അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു അവതരിപ്പിച്ചു.

104.14 കോടി രൂപ വരവും 103.69 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് 44.93 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാന ബജറ്റില്‍ ജില്ലാ പഞ്ചായത്തിന് വകയിരുത്തിയിട്ടുള്ള പ്ലാന്‍ വികസന ഫണ്ട്, പ്രത്യേക ഘടക പദ്ധതി വികസന ഫണ്ട്, പട്ടിക വര്‍ഗ വികസന ഫണ്ട്, സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയും ജില്ലാ പഞ്ചായത്ത് മുഖേന നിര്‍വഹണം നടത്തുകയും ചെയ്യുന്ന പദ്ധതികള്‍ക്കുള്ള ഫണ്ട്, സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തിന് കൈമാറിയിട്ടുള്ള സ്ഥാപനങ്ങള്‍, ആസ്തികള്‍ എന്നിവയുടെ സംരക്ഷണം പുനരുദ്ധാരണം എന്നിവക്കായി ലഭിക്കുന്ന ഫണ്ട്, തദ്ദേശ സ്ഥാപനങ്ങള്‍ക്കുടെ ഭരണ നിര്‍വഹണത്തിന് ബജറ്റില്‍ വകയിരുത്തുന്ന ജനറല്‍ പര്‍പ്പസ് ഗ്രാന്‍ഡ്, കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പ്രതീക്ഷിക്കുന്ന ഫണ്ട്, ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, ആസ്ഥികള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം, ക്രയ വിക്രയങ്ങള്‍, പിഴ എന്നിങ്ങനെയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.
ബജറ്റ് ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ ബജറ്റ് അവതരണ യോഗത്തില്‍ നിന്ന് വിട്ടു നിന്നു.

പി കെ കുഞ്ഞുവിന്റെ പത്താമത് ബജറ്റ്
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ ഇരുപതാമത്തെ വാര്‍ഷിക ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. ഈ ഭരണ സമിതിയുടെ അഞ്ചാമത്തെയും വൈസ് പ്രസിഡന്റ് പി കെ കുഞ്ഞുവിന്റെ പത്താമത്തെ ബജറ്റ് കൂടിയാണിതെന്ന പ്രത്യേകത കൂടിയുണ്ട്.
കേരളത്തില്‍ ഇത്രയും തവണ ബജറ്റ് അവതരിപ്പിക്കുന്ന വൈസ് പ്രസിഡന്റ് കൂടിയാണ് പി കെ കുഞ്ഞു. ഒരു നൂറ്റാണ്ട് കൊണ്ട് ഒരു ആള്‍ക്കൂട്ടം ചെയ്യുന്നത്, ഒരൊറ്റ വര്‍ഷം കൊണ്ട് കര്‍മോത്സുകരായ സ്ത്രീ പുരുഷന്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ബജറ്റ് പ്രസംഗം ആരംഭിച്ചത്.
സ്വപ്‌നം ചിന്തകളായി രൂപാന്തരപ്പെടും, ചിന്തകള്‍ പ്രവൃത്തിയായി പരിണമിക്കും എന്ന ഡോ. എ പി ജെ അബ്ദുല്‍കലാമിന്റെ വാക്കുകളിലൂടെയാണ് മലപ്പുറത്തിന്റെ വികസന മുന്നേറ്റത്തെ അദ്ദേഹം സാമ്യപ്പെടുത്തിയത്.
കാലഘട്ടം മോശമാണെന്ന് പഴിക്കലല്ല, മറിച്ച് അത് മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നതിനെ കുറിച്ച് നിങ്ങളോട് തന്നെ ചോദിക്കുകയാണ് വേണ്ടത് എന്ന ഹെലന്‍ കെല്ലറുടെ വാക്കുകള്‍ അന്വര്‍ഥമാക്കിയ പ്രാദേശിക ഭരണകൂടമാണ് മലപ്പുറമെന്നും അദ്ദേഹം പറഞ്ഞു.

Latest