മലപ്പുറത്തിന് തുണയാകാന്‍ ദ്രുതകര്‍മ സേന; പ്രാഥമിക വിവര ശേഖരണം തുടങ്ങി

Posted on: March 25, 2015 10:40 am | Last updated: March 25, 2015 at 10:40 am
SHARE

മലപ്പുറം: ജില്ലയുടെ സമാധാന അന്തരീക്ഷം എക്കാലത്തും ഉറപ്പാക്കുന്നതിനായി ദ്രുതകര്‍മ സേനയും രംഗത്ത്.
രാഷ്ട്രീയ-വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനും ജില്ലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി കോയമ്പത്തൂര്‍, പോത്തനൂര്‍ ആസ്ഥാനമായുള്ള ദ്രുതകര്‍മ സേന (റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്) ജില്ലയിലെത്തി. ജില്ലയെക്കുറിച്ച് ദ്രുതകര്‍മസേനയുടെ പക്കലുള്ള വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നത് കൂടാതെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും വിവിധ പ്രദേശങ്ങള്‍ പരിചയപ്പെടുകയുമാണ് സംഘത്തിന്റെ ഉദ്ദേശ്യം. ക്രമസമാധാന പ്രശ്‌നമുണ്ടാവുമ്പോള്‍ സ്ഥലത്തെത്തി കര്‍ത്തവ്യം നിര്‍വഹിക്കുന്നതിന് പകരം ഓരോ പ്രദേശത്തേയും ജനങ്ങളെയും കുറിച്ച് കൂടുതല്‍ മനസിലാക്കി വിവേകപൂര്‍വം പ്രവര്‍ത്തിക്കുന്നതിന് സഹായകമാവുന്നതിനാണ് ‘ഏരിയാ ഫെമിലരൈസേഷന്‍’ നടത്തുന്നത്. ഈമാസം 30 വരെ മേല്‍മുറിയില്‍ കാംപ് ചെയ്യുന്ന 65 അംഗ സംഘം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തും.
അസി. കമാന്‍ഡന്റുമാരായ അബ്ദുള്‍ അസീസ്, വി. ദൈവ കനി എന്നിവരാണ് മലയാളികളും തമിഴ്‌നാട്ടുകാരും ഉത്തരേന്ത്യക്കാരുമടങ്ങുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത്. വിവിധ സ്ഥലങ്ങളില്‍ സംഘത്തിനെ നിയോഗിക്കുന്നതിന് മുന്നോടിയായി ജില്ലാ കലക്ടര്‍ കെ. ബിജു, ജില്ലാ പൊലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റ എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. അഗ്നിയും കല്ലേറും ചെറുക്കാനുള്ള പ്രതിരോധ സംവിധാനങ്ങള്‍, ട്രോമാ പാഡ് എന്നിവയടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ സേനയ്ക്കുണ്ട്.
കേരളം കൂടാതെ കര്‍ണ്ണാടകം, തമിഴ്‌നാട്, ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, ആന്‍ഡമാന്‍- നിക്കോബാര്‍, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ക്രമസമാധാനത്തിന്റെ ചുമതലയും സേനക്കുണ്ട്.