Connect with us

Kozhikode

ഇ ഡിസ്ട്രിക്ട് പദ്ധതിക്ക് ജില്ലയില്‍ മികച്ച നേട്ടം; രണ്ട് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷത്തോളം അപേക്ഷകള്‍

Published

|

Last Updated

കോഴിക്കോട്: സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യമായും കാര്യക്ഷമമായും വേഗത്തിലും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇ ഡിസ്ട്രിക്ട് പദ്ധതിക്ക് ജില്ലയില്‍ മികച്ച നേട്ടം.
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാകുന്ന ഇ ഡിസ്ട്രിക്ട് പദ്ധതിയില്‍ രണ്ട് വര്‍ഷത്തിനിടെ സമര്‍പ്പിക്കപ്പെട്ടത് 9,91,579 അപേക്ഷകള്‍. ഇതില്‍ 91 ശതമാനം അപേക്ഷകളിലും തീരുമാനമെടുത്തു കഴിഞ്ഞു. സംസ്ഥാന ഐ ടി മിഷന്‍, എന്‍ ഐ സി, റവന്യൂ വകുപ്പ്, അക്ഷയ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയിലൂടെ ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലും കണക്ടിവിറ്റി എത്തിക്കാനും സാധിച്ചു.
നിലവില്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള 24 സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈനായി ലഭ്യമാകുന്നത്. അക്ഷയ കേന്ദ്രങ്ങളിലൂടെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനും തീരുമാനമെടുക്കുന്ന മുറക്ക് ഡിജിറ്റല്‍ സിഗ്നേച്ചറോട് കൂടിയ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാനും പദ്ധതിവഴി സാധിച്ചു. ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന 165 അക്ഷയ കേന്ദ്രങ്ങളില്‍ ഇ ഡിസ്ട്രിക്ട് സൗകര്യം ലഭ്യമാണ്.
മറ്റുപല ഓണ്‍ലൈന്‍ സൗകര്യങ്ങളും നല്‍കുന്നതിനോടൊപ്പം പ്രത്യേക കൗണ്ടര്‍ സംവിധാനം ആരംഭിച്ചാണ് അക്ഷയ കേന്ദ്രങ്ങളില്‍ പദ്ധതി നടത്തിവരുന്നത്. ഇ ഡിസ്ട്രിക്ട് ഉള്‍പ്പെടെ അക്ഷയ കേന്ദ്രങ്ങള്‍ നല്‍കിവരുന്ന സേവനങ്ങളുടെ നിരക്കുകള്‍ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇ ഡിസ്ട്രിക്ട് അപേക്ഷക്ക് 17 രൂപയും ബന്ധപ്പെട്ട രേഖകള്‍ സ്‌കാന്‍ ചെയ്യുന്നതിന് പേജ് ഒന്നിന് രണ്ട് രൂപയുമാണ് നിരക്ക്. അപേക്ഷാ ഫോം, സ്റ്റാമ്പ് എന്നിവക്ക് പ്രത്യേക ചാര്‍ജ് ഇല്ല.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തെക്കുറിച്ചോ കേന്ദ്രങ്ങള്‍ ഈടാക്കുന്ന നിരക്കിനെക്കുറിച്ചോ ഉള്ള പരാതികള്‍ akshayacomplaintskkd@gmail.com എന്ന വെബ്‌സൈറ്റില്‍ അറിയിക്കാം.

Latest