Connect with us

Kozhikode

ബജറ്റ് ചര്‍ച്ചയിലും പോര്; മേയര്‍ ഇറങ്ങിപ്പോയി

Published

|

Last Updated

കോഴിക്കോട്: കോര്‍പറേഷന്‍ ബജറ്റ് ചര്‍ച്ചക്കിടയിലും ഭരണ- പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം. പ്രതിപക്ഷ ഉപനേതാവ് വി മുഹമ്മദലിയുടെ മോശം പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മേയര്‍ എ കെ പ്രേമജം ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം ചര്‍ച്ച മുടങ്ങി.
ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുല്ലത്വീഫ് അവതരിപ്പിച്ച കോര്‍പറേഷന്റെ 2015-16 ബജറ്റില്‍ പുതുതായി ഒന്നുമില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന്റെ ആവര്‍ത്തനമാണെന്നും പ്രതിപക്ഷം ചര്‍ച്ചയില്‍ പറഞ്ഞു. എന്നാല്‍ നഗര വികസനത്തിലും യുവനജങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള ഹൈടെക് ബജറ്റാണിതെന്ന് ഭരണപക്ഷം പറഞ്ഞു. ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചതിനെ എതിര്‍ത്തുകൊണ്ടാണ് ഭരണപക്ഷത്ത് നിന്ന് കൂടുതല്‍ കൗണ്‍സിലര്‍മാര്‍ സംസാരിച്ചത്. എന്നാല്‍ പൊതുമരാമത്ത് കമ്മറ്റിക്കെതിരെ രൂക്ഷവിമര്‍ശമാണ് പ്രതിപക്ഷം ഉന്നയിച്ചത്.
ഇന്നലെ രാവിലെ 9.30 മുതല്‍ ആരംഭിച്ച ബജറ്റ് ചര്‍ച്ച ഉച്ചക്ക് ശേഷം മൂന്ന് വരെ സുഗമമായാണ് നടന്നത്. ഇതിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷ കൗണ്‍സിലര്‍ സക്കറിയ പി ഹുസൈന്‍ സംസാരിക്കുമ്പോള്‍ അനുവദിച്ച സമയം കഴിഞ്ഞതിനെ തുടര്‍ന്ന് മേയര്‍ ബെല്ലടിച്ചു. എന്നാല്‍ സക്കറിയക്ക് മൂന്ന് മിനുറ്റ് കൂടി സമയം അനുവദിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കെ മുഹമ്മദാലി പറഞ്ഞു. പ്രതിപക്ഷത്തിന് 3.55 മിനുട്ട് സമയം തരാമെന്ന് മേയര്‍ നേരത്തെ ഉറപ്പുനല്‍കിയതാണെന്നും ഇത് ലംഘിക്കപ്പെട്ടതായും മുഹമ്മദലി ആരോപിച്ചു.
അതേസമയം താന്‍ പ്രസംഗം നിര്‍ത്തുകയാണെന്നും സമയം വേണ്ടെന്നും സക്കറിയ പി ഹുസൈന്‍ പറഞ്ഞു. തുടര്‍ന്ന് മേയറുടെ വൃത്തികെട്ടസ്വഭാവം കൊണ്ടാണ് പ്രശ്‌നമുണ്ടാകുന്നതെന്ന മുഹമ്മദാലിയുടെ പരാമര്‍ശമാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്. ഭരണപക്ഷ കൗണ്‍സിലര്‍ ഒ ഭരദ്വാജ് മുന്നോട്ടുവന്ന് ഈ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണപക്ഷ അംഗങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റു. ഭരദ്വാജും പ്രതിപക്ഷ കൗണ്‍സിലര്‍ സത്യഭാമയുമായി ഏറ്റുമുട്ടി.
ഇരുപക്ഷവും ആരോപണപ്രത്യാരോപണങ്ങളുമായി എഴുന്നേറ്റതോടെ ചര്‍ച്ച ബഹളത്തില്‍മുങ്ങി. ഇതിനിടെ മുഹമ്മദാലിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് മേയര്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് ബജറ്റ് ചര്‍ച്ച ഒരു മണിക്കൂറും അഞ്ച് മിനുറ്റും നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് കക്ഷിനേതാക്കളുടെ യോഗത്തിന് ശേഷം മുഹമ്മദാലി പരാമര്‍ശം പിന്‍വലിക്കാമെന്ന് പറഞ്ഞതോടെ 4.5ന് മേയര്‍ തിരിച്ചെത്തി യോഗം ആരംഭിച്ചു. പ്രതിപക്ഷവുമായുണ്ടാക്കിയ ധാരണ തെറ്റിച്ചതുകൊണ്ടാണ് താന്‍ പ്രതികരിച്ചതെന്നും തന്റെ പരാമര്‍ശം മേയറെ വേദനിപ്പിച്ചെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് മുഹമ്മദാലി പറഞ്ഞു. ബജറ്റ് ചര്‍ച്ചയില്‍ സമയത്തിന് വേണ്ടി ബഹളം വെച്ച് ഇരുപക്ഷവും ഒരു മണിക്കൂറാണ് പാഴാക്കിയത്. ശുചിത്വനഗരം പദ്ധതിക്ക് ഒരു കോടി അനുവദിക്കുക, വാര്‍ഡ് ഫണ്ട് വര്‍ധിപ്പിക്കുക, വര്‍ധിപ്പിച്ച തൊഴില്‍ നികുതി കുറക്കുക എന്നീ നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു.
ബജറ്റ് വേളയില്‍ എന്തിന് വേണ്ടിയായിരുന്നു പ്രതിപക്ഷക്കോപ്രയമെന്നും ഏതെങ്കിലും പ്രതിപക്ഷ കൗണ്‍സിലര്‍ക്ക് തന്റെ വാര്‍ഡില്‍ വികസനം നടപ്പാക്കിയില്ലെന്ന് നെഞ്ചത്ത് കൈവെച്ച് പറയാമോയെന്നും ഒ ഭരദ്വാജ് ചോദിച്ചു. ബാര്‍ കോഴയിലകപ്പെട്ട കെ എം മാണിക്ക് “അഴി മാത്രം മതി”യെന്നാണ് പറയുന്നതെന്നും ഡെപ്യൂട്ടിമേയര്‍ക്കെതിരെ വ്യക്തമായ ഒരു അഴിമതിയും ഇല്ലെന്നും ചേമ്പില്‍ വിവേകാനന്ദന്‍ പറഞ്ഞു.
എടുത്തുപറയത്തക്ക ഒരു വികസനവും കോര്‍പറേഷന്‍ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ഷിനോജ് കുമാര്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ അവസാന ബജറ്റാണെന്ന് സുധാമണി അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായിട്ടും പ്രഖ്യാപനങ്ങള്‍ നടത്തുകയല്ലാതെ നഗരത്തില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയാത്തത് കോര്‍പറേഷന്റെ പരാജയമാണെന്ന് കെ സത്യനാഥന്‍ പറഞ്ഞു. നഗരസഭ അഴിമതിയില്‍ കുടുങ്ങിയിരിക്കുകയാണെന്ന് കമല രഘുനാഥനും കൃഷിക്ക് ഏറ്റവും കുറഞ്ഞ ഫണ്ടാണ് അനുവദിച്ചതെന്ന് പൂളക്കല്‍ ശ്രീകുമാറും പറഞ്ഞു.
എന്നാല്‍ ബജറ്റില്‍ എല്ലാ മേഖലയിലും വികസന തന്ത്രമാണെന്നും ആവര്‍ത്തനമെന്ന് ബജറ്റിനെക്കുറിച്ച് പറയുന്നവര്‍ തുടര്‍ ബജറ്റാണ് തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്നതെന്ന് മനസ്സിലാക്കണമെന്ന് സല്‍മാ റഹ്മന്‍ പറഞ്ഞു. സി എം ശ്രീധരന്‍, കെ ദേവകി, ടി സുജന്‍, ടി കെ സൗദാബി, കവിതാ അരുണ്‍, ജലജ, ടി ഹസന്‍, കെ സി ശോഭിത, പി കൃഷ്ണദാസ്, എം പി ഹമീദ് ചര്‍ച്ചയില്‍ പങ്കെടുത്തു. ബജറ്റ് ചര്‍ച്ച ഇന്നും തുടരും.