Connect with us

Kozhikode

അനസ്‌തേഷ്യ നല്‍കിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

കോഴിക്കോട്: കോട്ടപ്പറമ്പ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വേണ്ടി അനസ്‌തേഷ്യ നല്‍കിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തു. നഴ്‌സിംഗ് അസിസ്റ്റന്റ് ദേവരാജന്‍, ഗ്രേഡ്- ഒന്ന് അറ്റന്‍ഡര്‍ ഡെന്‍സില്‍ പെരേര എന്നിവര്‍ക്കെതിരേയാണ് നടപടി.
പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയക്കായി കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിയ യുവതിക്ക് നേരെ കഴിഞ്ഞ 18നാണ് പീഡന ശ്രമമുണ്ടായത്. ശസ്ത്രക്രിയ കഴിഞ്ഞ് ഓപറേഷന്‍ തിയേറ്ററില്‍ നിന്ന് പ്രതികളായ ഇരുവരും യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് ആരോപണം. യുവതി ഈ സമയം അര്‍ധബോധാവസ്ഥയിലായിരുന്നു. ബോധം തെളിഞ്ഞപ്പോള്‍ ആശുപത്രി സുപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയെങ്കിലും ഇദ്ദേഹം ഇത് പോലീസിന് കൈമാറിയിരുന്നില്ല. ഇതിനിടെ, ആശുപത്രി അധികൃതരും ആരോപണവിധേയരും ചേര്‍ന്ന് യുവതിയുടെ ബന്ധുക്കളെക്കണ്ട് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും ആരോപണം ഉയര്‍ന്നു. ഒടുവില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനും അറ്റന്‍ഡര്‍ക്കുമെതിരെ നടപടിയെടുക്കാമെന്ന ആശുപത്രി അധികൃതരുടെ ഉറപ്പില്‍ പരാതി പിന്‍വലിച്ചു. കഴിഞ്ഞ ദിവസമാണ് ഡി എം ഒ ഡോ. പി കെ മോഹനന്‍ ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
യുവതിയുടെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റാണെന്ന് ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ടി മോഹന്‍ദാസ് പറഞ്ഞു. ആരോപണവിധേയരായ ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഡി എം ഒയോട് ശിപാര്‍ശ ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യുവതിയുടെ പരാതി പോലീസിന് കൈമാറാതിരുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ സൂപ്രണ്ട് തയ്യാറായില്ല. ചാനല്‍ വാര്‍ത്തകളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും തങ്ങള്‍ക്ക് ഇതേക്കുറിച്ച് പരാതി ഒന്നും ലഭിച്ചില്ലെന്നും ടൗണ്‍ പോലീസ് പറഞ്ഞു.

Latest