Connect with us

Kozhikode

ഇരുതുള്ളി പുഴ സംരക്ഷണത്തിന് ജനകീയ കൂട്ടായ്മ

Published

|

Last Updated

താമരശ്ശേരി: ഇരുതുള്ളി പുഴയെയും കൂടത്തായി പ്രദേശത്തെയും മാലിന്യമുക്തമാക്കാന്‍ ജനകീയ കൂട്ടായ്മ രംഗത്ത്. ചുരത്തില്‍ നിന്ന് ഉത്ഭവിച്ച് താമരശ്ശേരി, ഓമശ്ശേരി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ഇരുതുള്ളി പുഴയെ ആശ്രയിച്ച് കഴിയുന്ന ആയിരത്തില്‍പരം കുടുംബങ്ങളെ മാരക രോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ പ്രകൃതിയെ സംരക്ഷിക്കുമെന്നും ഇരുതുള്ളി പുഴയെ മലിനപ്പെടുത്തില്ലെന്നുമുള്ള പ്രതിജ്ഞയോടെയാണ് ഒരുവര്‍ഷത്തെ കര്‍മ്മ പദ്ധതിക്ക് തുടക്കം കുറിച്ചത്. കൂടത്തായി, അമ്പലമുക്ക്, പുവ്വോട്ടില്‍, കരിങ്ങമണ്ണ, ചക്കിക്കാവ്, പുറായില്‍ പ്രദേശങ്ങളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യത്തോടെ ഒരുവര്‍ഷത്തെ പദ്ധതികളാണ് തയ്യാറാക്കിയത്. പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്താനായി പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങള്‍ക്ക് തുണിസഞ്ചി വിതരണം ചെയ്തു. കര്‍മപദ്ധതിയുടെ ഭാഗമായി വീടുകള്‍ കേന്ദ്രീകരിച്ച് കുടുംബ യോഗങ്ങള്‍ സംഘടിപ്പിക്കും. പുഴ സംരക്ഷണത്തിനും ബോധവത്കരണത്തിനുമായി പ്രത്യേക വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കും. ഇരുതുള്ളി പുഴയുടെ കൂടത്തായി പ്രദേശത്തെ രണ്ട് കിലോമീറ്ററോളം അടുത്തമാസം ശുചീകരിക്കും.
സീറോ ബജറ്റ് വേസ്റ്റ് പദ്ധതിയും തയാറാക്കിയിട്ടുണ്ട്. മുന്നൂറോളം വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നിശ്ചിത ഇടവേളകളില്‍ റീ സൈക്ലിംഗ് യൂനിറ്റില്‍ എത്തിക്കും. ജൈവ മാലിന്യങ്ങള്‍ പൈപ്പ് കംപോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് വഴി സംസ്‌കരിക്കും. ഈ വളം ഉപയോഗിച്ചുള്ള ജൈവകൃഷി പ്രോത്സാഹിപ്പിക്കും. പ്ലാസ്റ്റിക്കേതര ഉത്പന്നങ്ങളുടെ നിര്‍മ്മാണം, പരിസ്ഥിതി യാത്ര, വൃക്ഷത്തൈ നടല്‍, വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി ക്യാമ്പ് തുടങ്ങിയ വിവിധ പരിപാടികള്‍ ഒരുവര്‍ഷംകൊണ്ട് നടപ്പാക്കും.