പോബ്‌സണ്‍ ക്രഷറിന് മുന്നിലെ നിരാഹാര സമരം പിന്‍വലിച്ചു

Posted on: March 25, 2015 10:27 am | Last updated: March 25, 2015 at 10:27 am
SHARE

മുക്കം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പ് റോഡ് പോബ്‌സണ്‍ ക്രഷറിന് മുന്നില്‍ സംയുക്ത സമരസമിതി ഒരാഴ്ചയായി നടത്തിവരുന്ന നിരാഹാര സമരം പിന്‍വലിച്ചു. സമര സമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ സമരം പിന്‍വലിച്ചത്. പോബ്‌സണ്‍ ക്രഷറില്‍ ക്രഷര്‍ ഉത്പന്നങ്ങള്‍ നല്‍കുമ്പോള്‍ ആദ്യ 30 ലോഡ് പ്രദേശവസികള്‍ക്ക് നല്‍കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ഏപ്രില്‍ 10നകം പ്രശ്‌നം പരിഹരിക്കാമെന്ന് ഇന്നലെ നടന്ന ചര്‍ച്ചയില്‍ ക്രഷര്‍ അധികൃതര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു.
അതിനിടെ ഇന്നലെ രാവിലെ കോടതി ഉത്തരവിനെ തടര്‍ന്ന് സമരക്കാരെ മാറ്റാന്‍ പോലീസെത്തിയത് നേരിയ സംഘര്‍ഷത്തിനു കാരണമായി. രാവിലെ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെ അവരുടെ കുടുംബങ്ങള്‍ സമരപന്തലിലെത്തി. ഇതോടെ കൂടുതല്‍ പോലീസെത്തിയെങ്കിലും വനിതാ പോലീസുകാരില്ലാത്തതിനാല്‍ അറസ്റ്റ് നടന്നില്ല. ഇതിനിടെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുജ ടോമിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ റോഡ് ഉപരോധിച്ചു. ഇതോടെ ലോഡ് കയറ്റിയ ലോറികള്‍ക്ക് പുറത്ത് പോകാന്‍ കഴിയാതായി. ഇതേ തുടര്‍ന്ന് കൊടുവള്ളി സി ഐയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരമായത്.