Connect with us

National

ഐ ടി നിയമം 66എ: നിയമക്കുരുക്കില്‍പ്പെട്ടവര്‍ ആശ്വാസത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഐ ടി ആക്ടിലെ സെക്ഷന്‍ 66എ റദ്ദാക്കിക്കൊണ്ട് പരമോന്നത കോടതി ചരിത്രപരമായ വിധി പുറപ്പെടുവിക്കുമ്പോള്‍ ഈ കരിനിയമത്തിന് ഇരയായി വാര്‍ത്തകളില്‍ നിറയുകയും നിയമക്കുരുക്കുകളില്‍ നിന്ന് ഇന്നും മോചിതരാകാതിരിക്കുകയും ചെയ്തവര്‍ വലിയ ആശ്വാസത്തിലാണ്. ഓണ്‍ലൈനില്‍ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 66 എ വകുപ്പ്.
ഫിസിക്കല്‍ കെമിസ്ട്രിയില്‍ പ്രൊഫസറായ അഭിഷേക് മഹാപത്ര 2012 ഏപ്രിലിലാണ് ഈ കരിനിയമമനുസരിച്ച് അറസ്റ്റിലാകുന്നത്. സത്യജിത്ത് റേയുടെ പ്രസിദ്ധമായ ഡിറ്റക്ടീവ് കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍. തൃണമൂല്‍ മേധാവി മമതാ ബാനര്‍ജിയും അന്നത്തെ റെയില്‍വേ മന്ത്രി മുകുള്‍ റോയിയും ചില ഗൂഢ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതായിരുന്നു കാര്‍ട്ടൂണില്‍ ഉള്ളടക്കം. തൃണമൂലിലെ തന്നെ നേതാവായിരുന്ന ദിനേശ് ത്രിവേദിയെ ഇല്ലാതാക്കാനായിരുന്നു അവരുടെ ആലോചന. ഈ കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തയാളും അറസ്റ്റിലായി.
രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റായ അസീം ത്രിവേദി ഇതേ നിയമത്തിന്‍ കീഴില്‍ 2012 സെപ്തംബറില്‍ അറസ്റ്റിലായി. അദ്ദേഹത്തിന്റെ വെബ് പോര്‍ട്ടലില്‍ രാജ്യത്തിന്റെ രാഷ്ട്രീയ വ്യസ്ഥയെയും ഭരണഘടനയെയും അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ അപ്‌ലോഡ് ചെയ്തുവെന്നായിരുന്നു ആരോപണം. അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ സജീവമായിരുന്നു അസീം ത്രിവേദി. അദ്ദേഹത്തിനെതിരെ രാജ്യദ്രോഹകുറ്റവും ചുമത്തിയിരുന്നു.
മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ അവഹേളിക്കുന്ന പോസ്റ്റുകള്‍ ഇട്ടുവെന്നാരോപിച്ച് 2012 ഒക്‌ടോബറിലാണ് രവി ശ്രീനിവാസന്‍ എന്ന വ്യവസായിയെ അറസ്റ്റ് ചെയ്തത്. പോണ്ടിച്ചേരിയില്‍ പ്ലാസ്റ്റിക് കവറിംഗ് സാമഗ്രികളുണ്ടാക്കുന്ന വ്യവസായ സ്ഥാപനം നടത്തുന്ന രവി 2011 മുതല്‍ ട്വിറ്റര്‍ വഴി നിരന്തരമായി കാര്‍ത്തിയെ അവഹേളിച്ചു വരുന്നുവെന്നായിരുന്നു പരാതി. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയേക്കാള്‍ കാര്‍ത്തി സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു രവി ശ്രീനിവാസന്‍ പ്രധാനമായും പ്രചരിപ്പിച്ചിരുന്നത്.
ദലിത് ചിന്തകന്‍ കന്‍വാല്‍ ഭര്‍ത്തിയും ഈ നിയമത്തില്‍ കുടുങ്ങിയിരുന്നു. 2013 ആഗസ്റ്റിലാണ് അറസ്റ്റിലായത്. ഐ എ എസ് ഉദ്യോഗസ്ഥ ദുര്‍ഗ ശക്തി നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് യു പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ ഫേസ്ബുക്കില്‍ നടത്തിയ പോസ്റ്റുകളാണ് കേസിന്നാധാരം. അഖിലേഷ് സര്‍ക്കാര്‍ ക്രമസമാധാന പാലനത്തില്‍ വന്‍ പരാജയമാണെന്നും ഭര്‍ത്തി ആരോപിച്ചിരുന്നു.
ശിവസേനാ മേധാവിയായിരുന്ന ബാല്‍ താക്കറെയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്ന ദിവസം ബന്ദാചരിച്ചതിനെ വിമര്‍ശിച്ച് പോസ്റ്റിട്ട ശഹീന്‍ ദാദയും അവളുടെ പോസ്റ്റ് ലൈക്ക് ചെയ്ത കൂട്ടുകാരിയും 2012 നവംബറില്‍ അറസ്റ്റിലായി. ഏറ്റവും ഒടുവില്‍ അഅ്‌സം ഖാനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പന്ത്രണ്ടാം ക്ലാസുകാരന്റെ അറസ്റ്റാണ് നിയമം റദ്ദാക്കുന്നതിലേക്ക് വരെ നയിച്ച വ്യവഹാരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിദ്യാര്‍ഥി വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു.

Latest