മഴയും ദക്ഷിണാഫ്രിക്കയും തമ്മിലെന്ത് ?

Posted on: March 25, 2015 5:04 am | Last updated: March 25, 2015 at 10:22 am
SHARE

Cricket World Cupഓക്‌ലാന്‍ഡ്: ഭാഗ്യമില്ലാത്തവര്‍ എന്ന പേരുദോഷം ഇത്തവണ മാറ്റാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. ലോകകപ്പിലെ ആദ്യ കളി ജയിച്ചതിന് ശേഷം ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ എ ബി ഡിവില്ലേഴ്‌സ് പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ സെമിഫൈനലിന് മുമ്പ് ഡിവില്ലേഴ്‌സ് ആത്മവിശ്വാസത്തോടെ പറഞ്ഞത് മറ്റൊന്നാണ്: ഞങ്ങളെ തടയാന്‍ ആര്‍ക്കും സാധിക്കില്ല.
ക്യാപ്റ്റനും കളിക്കാരുമെല്ലാം ആത്മവിശ്വാസത്തിന്റെ ഔന്നത്യത്തിലായിരുന്നു. പക്ഷേ, ദൗര്‍ഭാഗ്യം കളം നിറഞ്ഞു കളിക്കാന്‍ തുടങ്ങിയാല്‍ പിന്നെ രക്ഷയില്ലല്ലോ.
ക്രിക്കറ്റിലെ മികച്ച അത്‌ലറ്റുകളുള്ള ദക്ഷിണാഫ്രിക്കന്‍ ടീം ഫീല്‍ഡില്‍ സ്‌കൂള്‍ നിലവാരം പോലുമില്ലാതെ തപ്പിത്തടഞ്ഞു. ദൗര്‍ഭാഗ്യം ഇത്തവണ തലപൊക്കിയത് റണ്ണൗട്ടിന്റെയും ക്യാച്ചിന്റെയും രൂപത്തിലായെന്ന് മാത്രം. മുമ്പ് മൂന്ന് തവണ സെമിയില്‍ എത്തിയിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവും മഴയും അവരെ ചതിക്കുകയായിരുന്നു.
ഫൈനല്‍ പ്രതീക്ഷയുമായിറങ്ങിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുമ്പോള്‍ മഴ പെയ്തു. ടീം അനുകൂലികളുടെ മനസ്സില്‍ കരിനിഴല്‍ പടര്‍ന്നു. കാരണം, അതാണവരുടെ ലോകകപ്പ് ചരിത്രം.
കളിച്ച ആദ്യ ലോകകപ്പില്‍ തന്നെ (1992) സെമിയില്‍ പ്രവേശിച്ചെങ്കിലും ദക്ഷിണാഫ്രിക്കയെ മഴനിയമം ചതിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ 252/6 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 232/6 ന് വിജയത്തിലേക്ക് നീങ്ങുമ്പോള്‍ മഴ ചാറി.
13 പന്തില്‍ 22 ആയിരുന്നു അപ്പോള്‍ വിജയലക്ഷ്യം. ഡെക്ക്‌വര്‍ത് ലൂയിസ് നിയമപ്രകാരം ലക്ഷ്യം പുനക്രമീകരിച്ചപ്പോള്‍ ജയിക്കാന്‍ ഒരു പന്തില്‍ 22 റണ്‍സ്! എന്തൊരു ക്രൂരമായ വിധി. ഇംഗ്ലണ്ട് ഫൈനലിലെത്തി.
1999 എഡ്ജ്ബാസ്റ്റണില്‍ നടന്ന ലോകകപ്പ് സെമിയില്‍ ഷോണ്‍ പൊള്ളോക്കിന്റെ ബൗളിംഗ് മികവില്‍ (5-36)ആസ്‌ത്രേലിയയെ 213ന് ആള്‍ ഔട്ടാക്കി. ആസ്‌ത്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ നാല് വിക്കറ്റെടുത്ത് മറുപടി നല്‍കി. പക്ഷേ, ലാന്‍സ് ക്ലൂസ്‌നര്‍ എന്ന മാരകായുധം ക്രീസിലുണ്ടായിരുന്നു.
നാല് പന്തില്‍ ഒരു റണ്‍സ് മാത്രം മതി ജയിക്കാന്‍. അവസാന വിക്കറ്റില്‍ ക്ലൂസ്‌നര്‍ക്കൊപ്പം അലന്‍ ഡൊനാള്‍ഡ്.
കളിക്കാരെ മുഴുവന്‍ മുന്നില്‍ നിര്‍ത്തിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ്‌വോയുടെ സമ്മര്‍ദ തന്ത്രം ഫലിച്ചു. ക്ലൂസ്‌നര്‍ സിംഗിളിന് ശ്രമിക്കവെ ഡൊനാള്‍ഡ് കാഴ്ചക്കാരനായി മാറി. റണ്ണൗട്ട്. മത്സരം ടൈ ആയതോടെ മുന്‍ റൗണ്ടിലെ ജയത്തിന്റെ ബലത്തില്‍ ഓസീസ് ഫൈനലിലേക്ക് കടന്നു.
2007ലും ആസ്‌ത്രേലിയയോട് സെമിയില്‍ തോറ്റു. ഷോണ്‍ ട്വെയിറ്റിന്റെ (4-39) പേസിന് മുന്നില്‍ ദക്ഷിണാഫ്രിക്ക 149ന് പുറത്ത്. ആസ്‌ത്രേലിയ 153/3.
2003ലും ദക്ഷിണാഫ്രിക്കയെ മഴനിയമം ചതിച്ചിരുന്നു. ശ്രീലങ്കയോടുള്ള സൂപ്പര്‍ സിക്‌സ് മത്സരം മഴനിയപ്രകാരം ടൈ ആവുകയായിരുന്നു.
ക്യാപ്റ്റന്‍ പൊള്ളോക്കിന്റെ ഡക്ക്‌വര്‍ത്ത്‌ലൂയിസ് നിയമപ്രകാരം വിജയ സ്‌കോര്‍ കണക്ക് കൂട്ടിയതിലെ പിഴവാണ് ഇത്തവണ അവര്‍ക്ക് വിനയായത്. ജയിച്ചാല്‍ സെമിയില്‍ പ്രവേശിക്കേണ്ട ദക്ഷിണാഫ്രിക്ക ഇതോടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കുവുകയും ചെയ്തു.