Connect with us

Kerala

കൊക്കെയിന്‍ കേസ്: കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ചേക്കും

Published

|

Last Updated

കൊച്ചി:കൊക്കെയിന്‍ കേസിന്റെ ചുരുകുള്‍ അഴിയുന്നു. ചൈന്നയില്‍ അറസ്റ്റിലായ പൃഥ്വിരാജ് പ്രധാന പ്രതി രേഷ്മ രംഗ സ്വാമിയുടെ കാമകനാണെന്നും പൃഥ്വരാജിന്റെ പ്രേരണയിലാണ് രേഷ്മ കൊക്കയിന്‍ കച്ചവടത്തിന് ഇറങ്ങിയതെന്നും പോലീസ് പറയുന്നു. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളത്തെ വസ്ത്ര വ്യാപാരം പൊളിഞ്ഞ് സ്ഥാപനം നിര്‍ത്തിയതോടെയാണ് പുതിയ ബിസിനസ് തുടങ്ങാന്‍ രേഷ്മ പൃഥ്വിരാജിന്റെ സഹായം തേടിയത്. പെട്ടെന്ന് വലിയ ലാഭമുണ്ടാക്കാന്‍ കൊക്കെയിന്‍ കച്ചവടമാണ് നല്ലതെന്ന് പൃഥ്വിരാജ് രേഷ്മയെ ഉപദേശിച്ചു. ഇതിനായി സുഹൃത്തായ ജസ്ബീര്‍ സിംഗിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. രേഷ്മ ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ പിറന്നാള്‍ വിരുന്നില്‍ വെച്ചാണ് ജസ്ബീറിനെ പരിചയപ്പെടുത്തുന്നത്. പഞ്ചാബില്‍ നിന്നും ചെന്നൈയിലെത്തിയ സര്‍ദാര്‍ കുടുംബത്തിലെ അംഗമാണ് ജസ്ബീര്‍ സിംഗ്. മയക്കുമരുന്ന് ഉപയോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നതായും പോലീസ് പറഞ്ഞു. പൃഥ്വിരാജിന്റെ മാതാവ് ശ്രീലങ്കയില്‍ നിന്നും കുടിയേറിയതാണ്. പൃഥ്വിരാജ് ചെന്നൈ ബസന്ത് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതിയായ രേഷ്മ രംഗസ്വാമിക്ക് കൊക്കെയിന്‍ വാങ്ങാനായി ഗോവയിലെ കൊക്കെയിന്‍ കച്ചവടക്കാരാനായ ഒക്കോവോയെ പരിചയപ്പെടുത്തിക്കൊടുത്തത് പൃഥ്വിരാജും സുഹൃത്ത് ജസ്ബീര്‍ സിംഗുമായിരുന്നു. ഇവരുടെ നിര്‍ദേശ പ്രകാരം ഒക്കാവോ രേഷ്മയെ വിളിച്ചാണ് കൊക്കെയിന്‍ എത്തിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയത്. കൊച്ചിയില്‍ കൊക്കെയിനുമായി എത്തിയ ഒക്കാവോ ഫോണില്‍ ജസ്ബീര്‍ സിംഗിനെ നിരന്തരം ബന്ധപ്പെട്ടിരുന്നു. രേഷ്മയുടേയും ഒക്കാവോയുടേയും ടെലിഫോണ്‍ കാള്‍ വിശദാംശങ്ങളില്‍ നിന്നാണ് കൊക്കെയിന്‍ കേസിന്റെ ചെന്നൈ ബന്ധത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.
കൊക്കെയിന്‍ കേസിലെ റഷ്യന്‍ സ്വദേശി ഫ്രാങ്കോ നൈജീരിയന്‍ സ്വദേശി ഒക്കോവോ ഷിഗോസി തന്നെയെന്ന് സ്ഥിരീകരിച്ചതായും പോലീസ് പറഞ്ഞു. രേഷ്മയുടെയും ബ്ലെസിയുടെയും മൊഴിയില്‍ റഷ്യന്‍ സ്വദേശി ഫ്രാങ്കോയുടെ കൈയില്‍ നിന്നാണ് ഗോവയിലെ സണ്‍ബേണ്‍ പാര്‍ട്ടിക്കിടെ കൊക്കെയിന്‍ വാങ്ങിയതെന്ന് പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് പ്രതികളുമായി ദിവസങ്ങളോളം ഗോവയിലെ വിവിധ ബീച്ചുകളിലും ഹോട്ടലുകളിലും തിരച്ചില്‍ നടത്തിയെങ്കിലും ഫ്രാങ്കോയെ കണ്ടെത്താനായില്ല. പിന്നീട് ജയിലില്‍ വെച്ച് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് രേഷ്മയും ബ്ലെസിയും പോലീസിനെ കബളിപ്പിക്കാനാണ് റഷ്യക്കാരന്റെ പേര് പറഞ്ഞതെന്ന് തെളിഞ്ഞു. പിന്നീട് റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഒക്കോവോയും രേഷ്മയും തമ്മില്‍ കണ്ടുമുട്ടുന്നത് പോലീസ് തിരിച്ചറിഞ്ഞു. രേഷ്മ, ബ്ലെസി, ഒക്കോവോ എന്നിവരെ ഫഌറ്റിലെത്തിച്ച ടാക്‌സി ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്നും കാറില്‍ വെച്ചാണ് കൊക്കെയിന്‍ നല്‍കിയതെന്നും വ്യക്തമായി. ഇന്ത്യയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരനായ ഒക്കോവോയെ മാര്‍ച്ച് നാലിന് സിഐ ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം ഗോവയില്‍ വെച്ച് അറസ്റ്റ് ചെയ്യുതു. ഇയാളെ സിറ്റി പോലീസ് കമ്മീഷനണര്‍ ഉള്‍പ്പെടെ നിരവധി തവണ ചോദ്യം ചെയ്തിട്ടും ഫ്രാങ്കോ എന്നത് സുഹൃത്തായ മറ്റൊരു നൈജീരിയക്കാരനാണെന്നും താന്‍ ഇയാളുടെ ആവശ്യപ്രകാരം രേഷ്മക്ക് കൊക്കെയിന്‍ എത്തിച്ച് കൊടുക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള നിലപാടില്‍ ഉറച്ചു നിന്നു.
യഥാര്‍ഥ ഫ്രാങ്കോക്കായി അന്വേഷണം തുടര്‍ന്ന പോലീസ് രേഷ്മയുടെയും ബ്ലെസിയുടെയും ഫോണ്‍ കോള്‍ പട്ടിക വീണ്ടും പരിശോധിച്ചു. ഇതില്‍ ചെന്നൈയില്‍ നിന്നുള്ള കോളുകള്‍ ശ്രദ്ധയില്‍പ്പെടുകയും ഇത് കൊച്ചി സൈബര്‍ സെല്ലിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ചെന്നൈ ബസന്ത് നഗറില്‍ നിന്നും പ്രഥ്വിരാജ്(25), അണ്ണാനഗറില്‍ നിന്ന് ജസ്ബീര്‍ സിംഗ്(28) എന്നിവര്‍ പിടിയിലാകുന്നത്.
അറസ്റ്റിലായ പ്രിഥ്വിരാജിനെയും ജസ്ബീറിനെയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്തു. ഇവരെ എറണാകുളം സബ്ജയിലിലേക്ക് മാറ്റി. പ്രതികള്‍ക്കെതിരെ ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് പോലീസ് പറഞ്ഞു.

Latest