ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥ തലവന്‍

Posted on: March 25, 2015 5:54 am | Last updated: March 24, 2015 at 11:54 pm
SHARE

വാഷിംഗ്ടണ്‍: അന്‍പത് വര്‍ഷമായി ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശം പുതിയ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നും ഒപ്പം ഫലസ്തീന്‍ രാജ്യത്തിന് വ്യക്തമായ വഴി തുറക്കുമെന്നും പ്രതിക്ഷിക്കുന്നതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥ തലവന്‍ ഡെനിസ് മക്‌ഡൊണ പറഞ്ഞു.
ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള ചര്‍ച്ചകള്‍ റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പ്രഖ്യാപിച്ച ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടിയെ ജെ സ്ട്രീറ്റില്‍ ഇസ്‌റാഈല്‍ സംഘത്തിന് മുന്നില്‍ നടത്തിയ പ്രസംഗത്തില്‍ മക്‌ഡൊണ വിമര്‍ശിച്ചു.
50 വര്‍ഷങ്ങളായി തുടരുന്ന അധിനിവേശം ഇസ്‌റാഈല്‍ നിര്‍ബന്ധമായും അവസാനിപ്പിക്കണമെന്നും ഫലസ്തീന്‍ ജനങ്ങള്‍ക്ക് അവരുടേതായ പരമാധികാരത്തിനു കീഴില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1967 ലെ അറബ്- ഇസ്‌റാഈല്‍ യുദ്ധത്തില്‍ ഇസ്‌റാഈല്‍ കീഴടക്കിയ വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ജറൂസലേം എന്നീ പ്രദേശങ്ങളും ഗാസയും ഉള്‍പ്പെടുത്തി രാഷ്ട്രം രൂപവത്കരിക്കാനാണ് ഫലസ്തീന്‍ ജനത പൊരുതുന്നത്. ചര്‍ച്ചകളുടെ ഒടുവില്‍ 1967ലെ അതിര്‍ത്തിയില്‍ ഇരുരാഷ്ട്രവും സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.