ഓപറേഷന്‍ സുരക്ഷ: അറസ്റ്റിലായത് 22054 കുറ്റവാളികള്‍

Posted on: March 25, 2015 5:49 am | Last updated: March 24, 2015 at 11:49 pm
SHARE

തിരുവനന്തപുരം: ഗുണ്ടാ-മാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യാനായി ആഭ്യന്തര വകുപ്പ് ആവിഷ്‌ക്കരിച്ച ഓപറേഷന്‍ സുരക്ഷ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. ഒരു മാസം മുമ്പ് തുടങ്ങിയ ഓപ്പറേഷനില്‍ 22054 കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അക്രമവുമായി ബന്ധപ്പെട്ട് 332 പേരും കൊലപാതകം, കൊലപാതക ശ്രമം കേസുകളില്‍ 627 പേരും ഒളിവില്‍ കഴിഞ്ഞിരുന്ന 16735 പേരും പിടിയിലായി. ഗുണ്ടാ ആക്ട് പ്രകാരം 32 പേര്‍ക്കെതിരെ നടപടിയെടുത്തു. ‘ക്രൈം ഫ്രീ കേരള’യാണ് ഓപ്പറേഷന്‍ സുരക്ഷയുടെ രണ്ടാംഘട്ടത്തിന്റെ ലക്ഷ്യം. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മാഫിയകളെയും ക്രിമിനലുകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ഉന്മൂലനം ചെയ്യും. മണല്‍ മാഫിയ, മദ്യ-മയക്കുമരുന്ന് സംഘങ്ങള്‍, സ്‌ഫോടക വസ്തു ദുരുപയോഗം ചെയ്യുന്നവര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇതിനൊപ്പം ഇത്തരം കേസുകളില്‍ നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നീക്കവും ഉണ്ടാകും. പദ്ധതിയുടെ ചുമതലക്കാരനായ അരുണ്‍ സിന്‍ഹയെ സഹായിക്കാനായി പ്രകാശന്‍ ഐ പി എസിന് പ്രത്യേക ചുമതല നല്‍കി. ഇന്നലെ 715 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 219 പേരും, കൊച്ചി റേഞ്ചില്‍ 147 പേരും, തൃശൂര്‍ റേഞ്ചില്‍ 78 പേരും, കണ്ണൂര്‍ റേഞ്ചില്‍ 271 പേരുമാണ് അറസ്റ്റിലായത്. ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം സിറ്റി 3, തിരുവനന്തപുരം റൂറല്‍ 51, കൊല്ലം സിറ്റി 57, കൊല്ലം റൂറല്‍ 65, പത്തനംതിട്ട 43, ആലപ്പുഴ 48, കോട്ടയം 4, ഇടുക്കി 01, കൊച്ചി സിറ്റി 55, എറണാകുളം റൂറല്‍ 39, തൃശൂര്‍ സിറ്റി 4, തൃശൂര്‍ റൂറല്‍ 3, പാലക്കാട് 23, മലപ്പുറം 48, കോഴിക്കോട് സിറ്റി 57, കോഴിക്കോട് റൂറല്‍ 34, കണ്ണൂര്‍ 133, വയനാട് 13, കാസര്‍കോട് 34.