Connect with us

Editorial

സഭാ ദിനങ്ങള്‍ വെട്ടിച്ചുരുക്കുമ്പോള്‍

Published

|

Last Updated

പതിമൂന്നാം നിയമസഭയുടെ അഞ്ചാം ബജറ്റ് സമ്മേളന പരിപാടികള്‍ വെട്ടിച്ചുരുക്കി സഭ നേരത്തെ പിരിഞ്ഞു. ബാര്‍കോഴയുമായി ബന്ധപ്പെട്ടു ബജറ്റ് ദിനത്തിലുണ്ടായ സംഭവങ്ങളെച്ചൊല്ലിയാണ് ഏപ്രില്‍ ഒമ്പത് വരെ നീണ്ടുനില്‍ക്കേണ്ടിയിരുന്ന സഭാ സമ്മേളനം മാര്‍ച്ച് 23നു തന്നെ പിരിഞ്ഞത്. കേരള നിയമ സഭയുടെ ചരിത്രത്തില്‍ ഇതൊരു പതിവു ശൈലിയായി മാറിയിരിക്കയാണ്. ഓരോ തവണയും സഭ സമ്മേളിക്കുമ്പോള്‍, ഭരണപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷം എന്തെങ്കിലും വിഷയങ്ങള്‍ ചികഞ്ഞു കണ്ടെത്തും. 2013ല്‍ സോളാര്‍ തട്ടിപ്പിനെച്ചൊല്ലിയായിരുന്നു കോലാഹലം. അന്ന് പ്രതിപക്ഷ ബഹളം കാരണം സഭാ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെട്ടപ്പോള്‍ ധനബില്ലും ധനവിനിയോഗ ബില്ലും ചര്‍ച്ച കൂടാതെ പാസാക്കി ഒമ്പത് ദിവസം മുമ്പേ സഭ പിരിയുകയായിരുന്നു. സമാനമായ സ്ഥിതിവിശേഷമാണ് ഇത്തവണയും ഉണ്ടായത്.
70ല്‍ കൂടുതല്‍ അംഗങ്ങളുള്ള നിയമസഭകള്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് 90 ദിവസവും 70ല്‍ കുറവ് അംഗങ്ങളുള്ള സഭകള്‍ 50 ദിവസമെങ്കിലും ചേരണമെന്നാണ ്മുന്‍ ജസ്റ്റിസ് എം എന്‍ വെങ്കടചെല്ലയ്യ അധ്യക്ഷനായ ഭരണഘടനാ അവലോകന സമിതിയുടെ ശിപാര്‍ശ. എന്നാല്‍ 140 അംഗങ്ങളുള്ള കേരള നിയമസഭ 2004 മുതല്‍ 2013 വരെയുള്ള പത്ത് വര്‍ഷം സമ്മേളിച്ചതിന്റെ വാര്‍ഷിക ശരാശരി 49 ദിവസമാണ്. 2011ല്‍ നിലവില്‍ വന്ന 13ാം നിയമസഭ ഇതുവരെ ചേര്‍ന്നത് 46 ദിവസവും. ശരാശരി 36 ദിവസം മാത്രം. പ്രതിപക്ഷത്തിന്റെ മുഖ്യബാധ്യത സഭാ സമ്മേളനം അലങ്കോലപ്പെടുത്തലാണെന്ന മട്ടിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. ഓരോ നിയമസഭാ സമ്മേളനം തുടങ്ങുമ്പോഴും, ഇത്തവണ എങ്ങനെ സമ്മേളനം അലങ്കോലമാക്കാമെന്നാണ് പ്രതിപക്ഷം തലപുകഞ്ഞാലോചിക്കുന്നത്. ഭരണപക്ഷത്തിന്റെ നിലപാടും വ്യത്യസ്തമല്ല. പ്രശ്‌നം എത്ര ഗൗരവമുള്ളതെങ്കിലും പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ മുഖവിലക്കെടുക്കാതെ, അതവഗണിക്കുകയും പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നു.
സമ്മേളന ദിനങ്ങള്‍ വെട്ടിച്ചുരുക്കി ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും ധനവിനിയോഗ ബില്ലും ചര്‍ച്ച കൂടാതെ പാസ്സാക്കി പിരിഞ്ഞതിന് ഇരുപക്ഷവും ഉത്തരവാദികളാണ്. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെച്ചൊല്ലിയാണല്ലോ പ്രശ്‌നം ഉടലെടുത്തത്. മാണി ആരോപണ വിധേയനെന്നത് ശരി തന്നെ. ധാര്‍മികമായി അദ്ദേഹം മാറിനില്‍ക്കേണ്ടതുമായിരുന്നു. എന്നാല്‍ ഒരാളുടെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം തെളിയിക്കപ്പെടുന്നതു വരെ അയാളെ കുറ്റക്കാരനായി കാണരുതെന്നാണ് നിയമം അനുശാസിക്കുന്നത്. ഇത് അറിയാത്തവരല്ലല്ലോ പ്രതിപക്ഷം. അതേസമയം മാണി ബജറ്റ് അവതരിപ്പിച്ചാല്‍ സഭാനടപടികള്‍ നിയന്ത്രണാധീതമാകുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്ന മുഖ്യമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ മാറ്റിനിര്‍ത്തി സംഘര്‍ഷം ഒഴിവാക്കാമായിരുന്നു. അത് പ്രതിപക്ഷത്തിന്റെ മുമ്പില്‍ പരാജയം സമ്മതിക്കലാകുമെന്ന ദുരഭിമാന ചിന്തയില്‍ ഭരണപക്ഷവും പിടിവാശി കാണിച്ചു.
നിയമനിര്‍മാണ വേദികളാണ് പാര്‍ലിമെന്റും സംസ്ഥാന അസംബ്ലികളും. ജനപ്രതിനിധികള്‍ നിയമനിര്‍മാതാക്കളും. ഗഹനവും സമഗ്രവുമായ ചര്‍ച്ചക്ക് വിഷയീഭവിക്കേണ്ടതാണ് അവിടെ നടക്കുന്ന നടപടികള്‍. സഭകളില്‍ അവതരിപ്പിക്കുന്ന ബില്ലുകളും ബജറ്റും വിശദമായി ചര്‍ച്ച ചെയ്തു നെല്ലും പതിരും വേര്‍തിരിച്ചെടുക്കാനാണ് ജനങ്ങള്‍ എം എല്‍ എമാരെയും എം പിമാരെയും തിരഞ്ഞെടുത്തയക്കുന്നത്. അവര്‍ക്ക് രാജ്യം പ്രത്യേക പദവികളും സ്ഥാനങ്ങളും വക വെച്ചു കൊടുക്കുന്നതും ഇതുകൊണ്ടാണ്. ജനങ്ങളുടെ മേല്‍ കൂടുതല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതും അവരെ ദോഷകരമയി ബാധിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ് ഇത്തവണ നിയമസഭയില്‍ അവതരിപ്പിച്ച വാര്‍ഷിക ബജറ്റ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും പുതിയ നികുതി ബാധ്യതകള്‍ നീക്കം ചെയ്യിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനു പകരം ചര്‍ച്ച കൂടാതെ ബജറ്റ് പാസ്സാക്കേണ്ട ഒരവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ എത്തിച്ച ഇരുപക്ഷത്തിന്റെയും നിലപാടുകള്‍ ജനദ്രോഹപരവും ജനാധിപത്യ വിരുദ്ധവുമാണ്. തങ്ങളുടെ ഭാഗം വിജയിക്കണമെന്ന പിടിവാശിയില്‍ നിയമസഭയെ ഇരുപക്ഷവും ചേര്‍ന്നു യുദ്ധക്കളമാക്കി മാറ്റിയപ്പോള്‍ അവിടെ തോറ്റത് ഇവരെയൊക്കെ വോട്ടു ചെയ്തു വിജയിപ്പിച്ച ജനങ്ങളാണ്.
സഭാ ബഹിഷ്‌കരണവും, സ്തംഭനവും ജനാധിപത്യപരമായ സമര മാര്‍ഗമല്ല. നികുതിപ്പണത്തിലൂടെ സ്വരൂപിക്കുന്ന വന്‍തുക ചെലവിട്ടു നടത്തുന്ന നിയമസഭാ സമ്മേളനങ്ങള്‍ പ്രഹസനമാവുകയും നാടിനെയും ജനങ്ങളെയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നതിലപ്പുറം ഇതുകൊണ്ടു ആരും ഒന്നും നേടിയിട്ടുമില്ല. പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ ഇരുപുറമാണ് ഭരണപക്ഷവും പ്രതിപക്ഷവും. ശത്രുതാപരമായ ഏറ്റുമുട്ടലല്ല, ആരോഗ്യകരമായ സംവാദങ്ങളും ചര്‍ച്ചകളും വഴിയാണ് തങ്ങളുടെ വാദഗതികള്‍ സഭക്കകത്തും പുറത്തും അവര്‍ സ്ഥാപിച്ചെടുക്കേണ്ടത്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ഗൗരവപൂര്‍ണമായ പുനരാലോചന നടക്കേണ്ടതുണ്ട്.

Latest