Connect with us

Articles

രാഷ്ട്രീയത്തിലെ മാനാഭിമാനങ്ങള്‍

Published

|

Last Updated

കാതറീന്‍മേയോ എന്ന അമേരിക്കന്‍ മദാമ്മ ഇന്ത്യക്കാരെ പരിഹസിച്ചുകൊണ്ട് മദര്‍ ഇന്ത്യ എന്ന പേരില്‍ ഒരു പുസ്തകം എഴുതി (1924). ഭാരതാംബെ നിന്റെ പെണ്‍മക്കളടുക്കളക്കാരികള്‍ എന്നാരംഭിക്കുന്ന ഒരു സംഗ്രഹീത വിവര്‍ത്തനം നമ്മുടെ മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ ഇതിനെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ പെണ്‍മക്കള്‍ അടുക്കള വിട്ട് അരങ്ങത്തുവന്നാല്‍ എന്തൊക്കെ സംഭവിച്ചേക്കാം എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിപ്പോള്‍ നമ്മുടെ നിയമസഭയില്‍ നിന്നു ലഭിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സെക്‌സും പൊളിറ്റിക്‌സും തമ്മിലുള്ള ബന്ധം ഒരു പഠനവിഷയമാക്കി ശ്രദ്ധേയമായ ചില കണ്ടെത്തലുകളില്‍ എത്തിച്ചേര്‍ന്ന ഒരു മനഃശാസ്ത്രജ്ഞനായിരുന്നു ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്രം എഴുതിയ വില്‍ഹം റീഹ്. അടിച്ചമര്‍ത്തപ്പെട്ട ലൈഗികതയും ഫാസിസ്റ്റ് രാഷ്ട്രീയ കാഴ്ചപ്പാടുകളും തമ്മിലുള്ള ബന്ധം റീഹ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അഴിമതിയെന്നാല്‍ കേവലം സാമ്പത്തിക തിരിമറികള്‍ മാത്രമല്ല മനുഷ്യര്‍ പരസ്പരം പുലര്‍ത്തുന്ന മാനസിക ബന്ധങ്ങളില്‍ മായം ചേര്‍ക്കുന്നതും അഴിമതി തന്നെയാണ്. അതുപോലെ തന്നെ സദാചാരമെന്നാല്‍ ലൈംഗിക വിമുഖത മാത്രമല്ല, മനസ്സിന്റെ പരിശുദ്ധി കൂടിയാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു എന്നു പറയുകയും ഏകാധിപത്യം പുലര്‍ത്തുകയും അധികാരം ജനസേവനത്തിനെന്നു പുറമെ ഭാവിക്കുകയും അഴിമതിയിലൂടെ അധികാരം വെട്ടിപ്പിടിച്ചു സ്വയം സേവനത്തിന്റെ വഴി തേടുന്നതും അഴിമതി തന്നെയാണ്, സദാചാരധ്വംസനമാണ്.
കേരള നിയമസഭയില്‍ അവഹേളനത്തിനു വിധേയമായത് ഇപ്പോള്‍ ആരോപിക്കപ്പെടുന്നതുപോലെ വനിതാ എം എല്‍ എമാരല്ല. പിന്നെയോ, ജനാധിപത്യം തന്നെയാണ്. നമ്മള്‍ തിരഞ്ഞെടുത്തയച്ച ജനപ്രതിനിധികളുടെ ഉള്ളിലിരുപ്പാണ് പുറത്തുവന്നത്. മാര്‍ച്ച് 13ന്റെ കറുത്ത വെള്ളിയാഴ്ചക്കു ശേഷം മറ്റൊരു വെള്ളിയാഴ്ച കൂടി പിന്നിട്ടിട്ടും സഭക്കകത്തും പുറത്തും ഭരണപക്ഷവും പ്രതിപക്ഷവും ഉരുളക്കുപ്പേരി പോലെ പറഞ്ഞുനടക്കുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ കേട്ടാല്‍ കൊടുങ്ങല്ലൂരെ ഭരണിപ്പാട്ടുകാരും ശൃംഗാരശ്ലോകങ്ങള്‍ ചമച്ചു കാലംപോക്കിയ പഴയ മണിപ്രവാള കവികളും പോലും മൂക്കത്തു വിരല്‍ വെച്ചു പോകും.
ബാര്‍കോഴ വിവാദം കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ നടുക്കടലില്‍ ആഴ്ത്തിയിരിക്കുന്നു എന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് തന്നെ വെളിപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ ശരിതെറ്റുകള്‍ ഇവിടെ ഇനിയും വിസ്തരിക്കേണ്ടതില്ല. മാര്‍ച്ച് 13ന്റെ നിയമസഭാ കോലാഹലത്തിന്റെ ബാക്കിപത്രം എന്ന നിലയില്‍ സ്ത്രീകളുടെ മാനത്തെ മുന്‍നിറുത്തി ഇപ്പോള്‍ നടന്നുവരുന്ന അഭിപ്രായപ്രകടനങ്ങളുടെ സാധുത പരിശോധിക്കാം. പ്രതിപക്ഷം വനിതാ എം എല്‍ എമാരെ ചാവേര്‍പ്പടയാക്കുന്നു എന്നു മുഖ്യമന്ത്രി. ഞങ്ങള്‍ക്കു വനിതാ എം എല്‍ എമാരോട് അതിക്രമം കാണിക്കേണ്ട ആവശ്യമില്ല. അതിനു ആരോഗ്യമുള്ള ഭാര്യമാര്‍ ഞങ്ങളുടെ വീടുകളില്‍ ഉണ്ടെന്ന് മറ്റൊരു ഭരണകക്ഷി എം എല്‍ എ. ഭാര്യമാരെക്കൊണ്ട് മറ്റൊന്താവശ്യം? എന്നല്ലേ ധ്വനി. മന്ത്രി ഷിബു ബേബിജോണ്‍ ഇ എസ് ബിജിമോള്‍ എം എല്‍ എയെ പിടിച്ചപ്പോള്‍ ബിജിമോള്‍ അത് പരമാവധി ആസ്വദിച്ചു എന്നാണ് എം എ വാഹിദ് എം എല്‍ എ പറഞ്ഞത്. എം എല്‍ എ കുപ്പായവും തയ്പ്പിച്ച് തന്റെ ഊഴം കാത്തിരിക്കുന്ന കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബു എല്ലാവരെയും കടത്തിവെട്ടി സ്വന്തം പ്രായത്തിന്റെയും അനുഭവസമ്പത്തിന്റെയും അടിസ്ഥാനത്തില്‍ ആക്രമണവിധേയരായ സ്ത്രീകള്‍ പ്രകടിപ്പിക്കുന്ന പ്രതികരണങ്ങള്‍ സ്ത്രീകള്‍ ലൈംഗികസുഖം അനുഭവിക്കുമ്പോള്‍ പ്രകടിപ്പിക്കുന്ന സ്വാഭാവിക ചേഷ്ടകളാണെന്നുവരെ പറഞ്ഞു ഫലിപ്പിച്ചുകളഞ്ഞു.
സംഭോഗവേളകളില്‍ പങ്കാളികള്‍ പരസ്പരം ഏല്‍പ്പിക്കുന്ന ദന്തക്ഷതവും നഖക്ഷതവും ഒക്കെ ലൈംഗികപങ്കാളികളെ ഒരുപോലെ രസിപ്പിക്കുമെന്ന് വാത്സായനന്‍ സമര്‍ഥിക്കുന്നുണ്ട്. നമ്മുടെ കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബുവിന്റെ വാത്സായനീയ വിജ്ഞാനത്തിനു മുമ്പില്‍ ഹാവലോക്എല്ലിസും ഷെയ്ക്‌നെഫ്‌സാവിയും പോലും തോറ്റുപോകും. പ്രായക്കൂടുതലുള്ള ശിവദാസന്‍ നായരെ കടിക്കുന്നതിനു പകരം കരിമ്പുപോലുള്ള പി കെ ബഷീറിനെ കടിക്കാമായിരുന്നു ജമീല പ്രകാശത്തിന് എന്നു പറയുമ്പോള്‍ ഈ കോണ്‍ഗ്രസ് നേതാവിനു എന്തിന്റെ കടിയാണെന്നു കേള്‍വിക്കാര്‍ക്കു വേഗം മനസ്സിലാകും. ഏറെ വിസ്മയിപ്പിച്ചത് വന്ദ്യവയോധികനായ ധനകാര്യമന്ത്രി കെ എം മാണിയുടെ പ്രകടനമായിരുന്നു. കമ്മ്യൂണിസ്റ്റ് സ്ത്രീകള്‍ക്കു മറ്റ് സ്ത്രീകള്‍ക്കില്ലാത്ത എന്തൊ ഒരിത് എന്ന് പ്രസംഗിക്കുമ്പോഴത്തെ കെ എം മാണിസാറിന്റെ ശരീരഭാഷ ഒന്നു കാണേണ്ടതു തന്നെ ആയിരുന്നു. ഏതോ ഒരു സ്വീകരണ സമ്മേളനത്തില്‍ അകാലത്തില്‍ അസ്തമിച്ചുപോയ കഥാപ്രസംഗകലയുടെ കേരളതിലകം സാക്ഷാല്‍ പീതാംബരക്കുറുപ്പ് കെ എം മാണിയുടെ സാന്നിധ്യത്തില്‍ പറഞ്ഞ ഫലിതോക്തികള്‍ കേട്ട് കൂവിത്തിമര്‍ത്ത സദസ്യരെ നമുക്കു വെറുതെവിടാം. അതെല്ലാം കേട്ടാസ്വദിച്ചിരിക്കുക മാത്രമല്ല ഇത്തരം ഒരു പ്രസംഗം നടത്താന്‍ പീതാംബരക്കുറുപ്പിനെ പാലായിലേക്കു ക്ഷണിക്കുകകൂടി ചെയ്ത കെ എം മാണിയുടെ തൊലിക്കട്ടി അപാരം. തനിക്കു വളരെ അടുപ്പമുള്ള ഏതോ സ്ത്രീയെ അനുസ്മരിച്ചുകൊണ്ടാകാം കേരള നിയമസഭയിലെ ബഹുമാനപ്പെട്ട ഒരു വനിതാ ജനപ്രതിനിധിക്കു എം എ വാഹിദ് ഒരു ഐരാവതപ്പട്ടം നല്‍കിയത്. അതുകേട്ട മാത്രയില്‍ അന്തഹന്തക്കിന്തപ്പട്ട് എന്ന മട്ടില്‍ മനസ്സുകൊണ്ടെങ്കിലും കേള്‍വിക്കാര്‍ ഒരു പട്ടുപുതപ്പിക്കും എന്നായിരിക്കും ഈ എം എല്‍ എ വിചാരിച്ചിട്ടുണ്ടാവുക. ഐരാവതം ദേവേന്ദ്രന്റെ ആനയാണ്. താനും ഒരു ദേവേന്ദ്രനാണെന്നാണല്ലോ ഇവരുടെയൊക്കെ മനസ്സിലിരുപ്പ്. ആ നിലയ്ക്കു അദ്ദേഹത്തിനു ദേവലോകത്തിലെ ഐരാവതത്തെ മാത്രമല്ല ദേവേന്ദ്ര പത്‌നിമാരായ ഉര്‍വ്വശി, മേനക, രംഭ, തിലോത്തമമാരെയും സ്വപ്‌നം കാണാനുള്ള അവകാശം ആരും നിഷേധിക്കേണ്ടതില്ല. മറ്റൊരു മന്ത്രി അടൂര്‍ പ്രകാശിനു തന്നെ പിന്തുണക്കുന്ന ശിവദാസന്‍ നായര്‍ എം എല്‍ എ യുടെ ലൈംഗികശേഷിയിലാണ് സംശയം. ശിവദാസന്‍ നായര്‍ക്കു ജമീല പ്രകാശത്തിനോട് എന്തോ ചെയ്യാനാണ്. അദ്ദേഹത്തെക്കൊണ്ട് അതിനൊന്നും പറ്റില്ലെന്നു അടൂര്‍ പ്രകാശിനുറപ്പാണ്.
ഏതോ മൂന്നാംതരം സിനിമകളിലെ ഡയലോഗുകളെ അനുസ്മരിപ്പിക്കുന്ന ദ്വയാര്‍ത്ഥപ്രയോഗം വഴി ഈ കോണ്‍ഗ്രസ് മന്ത്രിമാരും എം എല്‍ എമാരും നിയമസഭയിലെ തങ്ങളുടെ വനിതാ സഹപ്രവര്‍ത്തകരെ അവഹേളിച്ചിരിക്കുകയാണ്. നിയമസഭാ മെമ്പര്‍മാരുടെ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് വിസ്തരിച്ച് എഴുതിയ സായിപ്പന്മാര്‍ പുരുഷ എം എല്‍ എമാര്‍ സ്ത്രീ എം എല്‍ എമാരോട് എങ്ങനെ പെരുമാറണമെന്നൊന്നും എഴുതിവെച്ചിട്ടുണ്ടാകില്ല. കാരണം ഇത്തരം പുരുഷന്മാരൊന്നും നിയമസഭയിലെത്താനുള്ള സാധ്യത അവര്‍ വിഭാവന ചെയ്തിരിക്കില്ല.
മേല്‍ സൂചിപ്പിച്ച സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെല്ലാം ഭാഷയിലും ആവിഷ്‌കാര ശൈലികളിലും വ്യത്യസ്തമാണെങ്കിലും ഉള്ളടക്കത്തില്‍ ഏകസ്വഭാവം പുലര്‍ത്തുന്നു. കേരളത്തിലെ പുരുഷന്മാര്‍ക്കു സ്ത്രീകളെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടാണ് ഇതിലെ പൊതുഘടകം. ബലാത്‌സംഗം പോലെതന്നെ കുറ്റകരമാണ് ബലാത്‌സംഗാഭിലാഷം മനസ്സില്‍ സൂക്ഷിക്കുന്നതും. നമ്മുടെ ഈ കാലഘട്ടത്തില്‍ പ്രത്യകിച്ചും. മത്സരങ്ങളിലൂടെയും വെട്ടിപ്പിടിത്തങ്ങളിലൂടെയും ആഗ്രഹിക്കുന്നതെന്തും നേടാം എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. അര്‍ഹതയുള്ളത് അതിജീവിക്കും എന്ന തത്വമൊക്കെ കാലഹരണപ്പെട്ടു. അര്‍ഹിക്കുന്നത് മാത്രം ആഗ്രഹിക്കുക. അര്‍ഹിക്കാത്തതിനെ ഏതുവിധേനയും സ്വന്തമാക്കാന്‍ നടത്തുന്ന ഏതു പ്രവര്‍ത്തനവും റേപ്പായി കണക്കാക്കാം. സ്ത്രീകളെക്കാളധികം ബലാത്‌സംഗത്തിനു വിധേയമാകുന്നത് ആദര്‍ശങ്ങളാണ്. ആദര്‍ശത്തിന്റെ മുഖംമൂടി അണിഞ്ഞുകൊണ്ട് വിദ്യാഭ്യാസം, സമ്പത്ത്, രാഷ്ട്രീയാധികാരം, എന്തിന് സ്വന്തം മതത്തെപ്പോലും ബലാല്‍ക്കാരേണ കീഴടക്കാനുള്ള ശ്രമം ആണ് നടക്കുന്നത്. അതിന്റെ ഭാഗം തന്നെയാണ് സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളും.
പ്രതിപക്ഷ വനിതാ എം എല്‍ എമാരെ ചാവേര്‍പ്പടയാക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളിലേക്കാണ് വെളിച്ചം വീശുന്നത്. ചുരുങ്ങിയപക്ഷം സ്ത്രീപുരുഷ തുല്യതയ്ക്കായി വാദിക്കുന്ന മഹിളാ കോണ്‍ഗ്രസുകാരെങ്കിലും ഇതിന്റെ അപകടം ഉമ്മന്‍ ചാണ്ടിക്കു പറഞ്ഞുകൊടുക്കണം. നിയമസഭ പോലുള്ള പൊതു ഇടങ്ങളല്ല സ്ത്രീക്കു പറഞ്ഞിരിക്കുന്ന സ്ഥലം എന്നൊരു ധ്വനി അതിലുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരമാധ്യക്ഷ സോണിയാഗാന്ധി സ്ത്രീയാണെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. കേരള നിയമസഭയില്‍ ഇടതുപക്ഷത്തോട് ചെറിയതോതിലെങ്കിലും കിടപിടിക്കുന്ന ഒരു സ്ത്രീപ്രാതിനിധ്യം യു ഡി എഫ് കക്ഷികള്‍ക്കില്ലാതെ പോയതെന്തുകൊണ്ട് എന്ന കാര്യവും ചിന്തിക്കേണ്ടതുണ്ട്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സ്ത്രീസംവരണ നിയമത്തെ തൃപ്തിപ്പെടുത്താനായി പരിമിതമായ സ്ത്രീ പ്രാതിനിധ്യം ഉണ്ടെങ്കിലും അവിടെയൊക്കെ ഒരുതരം പിന്‍സീറ്റ് ഡ്രൈവിംഗാണ് നടക്കുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്. പുരുഷന്മാരുടെ ആജ്ഞക്കു വഴങ്ങിയല്ലാതെ സ്ത്രീകള്‍ക്കു സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കാനും പുരുഷന്‍ കൈയടക്കിവെച്ചിരിക്കുന്ന ഇടങ്ങളിലെല്ലാം കടന്നുചെന്ന് സ്വന്തം പ്രവര്‍ത്തനശേഷി പ്രകടിപ്പിക്കാനും കഴിയുന്നവരാണെന്ന ബോധ്യം ഇല്ലാതെ പോയതുകൊണ്ടല്ലേ മുഖ്യമന്ത്രിക്കു ഈ ചാവേര്‍ പ്രയോഗം നടത്തേണ്ടിവന്നത്.
കോഴ ആരോപണത്തിന്റെ പേരില്‍ കളങ്കിതനായ ഒരു ധനകാര്യമന്ത്രിയെ ഒരുകാരണവശാലും ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷ പ്രഖ്യാപനം വളരെ നേരത്തെ ഉണ്ടായതാണ്. ആ നിലയ്ക്കു സ്വാഭാവികമായും പുരുഷ എം എല്‍ എമാരോടൊപ്പം പ്രതിപക്ഷത്തെ വനിതാ എം എല്‍ എമാരും സജീവമാകുമെന്ന് നേരത്തെ തന്നെ കണക്കുകൂട്ടേണ്ടതായിരുന്നില്ലേ. തന്നെയോ തന്റെ മന്ത്രിമാരെയോ പ്രതിപക്ഷത്തെ സ്ത്രീ സാമാജികര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുമെന്ന് വല്ല ആശങ്കയും അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കില്‍ അത് തടയാന്‍ സ്ത്രീ വാച്ച് ആന്‍ഡ് വാഡുമാരെ അല്ലേ നിയോഗിക്കേണ്ടിയിരുന്നത്. അതിനുപകരം ഭരണപക്ഷ എം എല്‍ എമാരെയോ ഷിബു ബേബിജോണ്‍ അടൂര്‍ പ്രകാശ് തുടങ്ങിയ മന്ത്രിമാരെയോ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നോ? അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയല്ലെ തന്റെ സഹപ്രവര്‍ത്തകരെ ചാവേര്‍പ്പടയായി ഉപയോഗിച്ചത്. അതുകൊണ്ടല്ലേ അവരില്‍ പലരും ഇപ്പോള്‍ സ്ത്രീപീഡനാരോപണത്തിന്റെ പേരില്‍ ആക്ഷേപപാത്രങ്ങളായിരിക്കുന്നത്. മന്ത്രി ഷിബു ബേബിജോണ്‍ കോണ്‍ഗ്രസ് നേതാവിനെതിരെ നിയമനടപടിക്കുള്ള ആദ്യപടിയായ വക്കീല്‍ നോട്ടീസ് പോലും അയച്ചിരിക്കുന്നു.
പുരുഷന്മാരില്‍ അധികം പേര്‍ക്കും ഉള്ള ഒരു അബദ്ധധാരണയാണ് സ്ത്രീകളും തങ്ങളുടേതിനു സമാനമായ ലൈംഗികസ്വഭാവം പുലര്‍ത്തുന്നു എന്നത്. ഇത് സ്ത്രീപ്രകൃതിയെക്കുറിച്ചുള്ള ജീവശാസ്ത്രപരവും മനഃശാസ്ത്രപരവുമായ അജ്ഞതയെയാണ് പ്രകാശിപ്പിക്കുന്നത്. പുരുഷന്‍ വൈകാരിക വിഷയങ്ങളില്‍ യുക്തിക്കു കൂടുതല്‍ പ്രധാന്യം നല്‍കുന്നു. അതേസമയം നൈമിഷികമായ ആനന്ദത്തില്‍ അവന്‍ തൃപ്തിയടയുന്നു. സ്ത്രീയകട്ടെ യുക്തിയെക്കാളേറെ ഉള്‍ക്കാഴ്ചക്കു ഊന്നല്‍ നല്‍കുന്നു. നൈമിഷികമായ തൃപ്തിയെക്കാള്‍ അവളിഷ്ടപ്പെടുന്നത് സ്ഥായിയായ സംതൃപ്തിയെയാണ്. (സെബാസ്റ്റ്യന്‍ കാപ്പന്‍- നാളത്തേക്കൊരു ലൈംഗികസദാചാരം പേജ്-60 ) താന്‍ ഭാര്യയില്‍ നിന്നനുഭവിക്കുന്ന രതിസുഖം അതേപടി അനുഭവിക്കാനുള്ള തീവ്രമായ അഭിലാഷം ഭാര്യയിലും ജനിപ്പിക്കാനുള്ള അറിവില്ലാത്ത ഒരാള്‍ സ്വയം ആ സുഖം അനുഭവിക്കരുത്. പ്രേമം ഒരു കലയാണ്. സ്ത്രീകളെ തൃപ്തിപ്പെടുത്തുന്ന കല- ഫ്രഞ്ചു നോവലിസ്റ്റ് ബല്‍സാക്കിനെ ഉദ്ധരിച്ചുകൊണ്ട് സുഗന്ധോദ്യാനം എന്ന അറബികാമശാസ്ത്രത്തിന്റെ മലയാള വിവര്‍ത്തകനായ എം ടി എന്‍ നായര്‍. (സുഗന്ധോദ്യാനം-പേജ് 7 )
ഇതൊക്കെ എന്തിനിവിടെ ഉദ്ധരിക്കണം. പോത്തിന്റെ ആസനത്തിലല്ലല്ലോ അമരകോശം പാരായണം ചെയ്യേണ്ടത്. രാത്രിയില്‍ കറങ്ങിനടക്കുന്ന സ്ത്രീകള്‍, പുരുഷലൈംഗികതയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വസ്ത്രധാരണം ചെയ്യുന്ന സ്ത്രീകള്‍, തന്നില്‍ അര്‍പ്പിതമായ രാഷ്ട്രീയ ഉത്തരവാദിത്വം നിറവേറ്റാന്‍ ബാധ്യസ്ഥരായ സ്ത്രീകള്‍ അവരെല്ലാം ഏതുസമയവും ബലാത്സംഗം ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും സ്ഥാനത്തും അസ്ഥാനത്തും ഉള്ള പരപുരുഷ സ്പര്‍ശനം അവരെ ലൈംഗികമായി സുഖിപ്പിക്കുന്നുവെന്നും അന്ധമായി വിശ്വസിക്കുന്ന പോത്തുസമാനമായ പുരുഷന്മാര്‍ ധാരാളം ഉള്ള നാടാണ് നമ്മുടേത്. അതല്ലേ ഡല്‍ഹിയില്‍ കൂട്ട ബലാത്‌സംഗത്തിനിരയാക്കി ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ കശ്മലന്മാര്‍ക്കു വേണ്ടിയും ഓടുന്ന ട്രെയിനില്‍ നിന്നു പെണ്‍കുട്ടിയെ തള്ളിയിട്ട് ഭോഗിച്ചുകൊന്ന ഒറ്റക്കയ്യന്‍ ഗോവിന്ദചാമിക്കു വേണ്ടിയും വക്കീലന്മാരിവിടെ ക്യൂ നിന്നത്. ഡല്‍ഹിക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇരുപത്തിയെട്ടുകാരന്‍ മുകേഷ് എന്ന തെരുവുതെമ്മാടിയുടെ അതേ ഭാഷ കടമെടുത്തല്ലേ സ്ത്രീകളുടെ ബലാത്‌സംഗാസ്വാദനത്തെക്കുറിച്ച് ഇവിടുത്തെ ചില എം എല്‍ എമാര്‍ വാചകമടിക്കുന്നത്. അടിസ്ഥാനപരമായി ഒരു സ്ത്രീവിരുദ്ധ മനോഭാവം പുലര്‍ത്തുന്ന ഇന്ത്യന്‍ മനസ്സിന്റെ പരിഛേദം ആണ് തന്റെ പ്രവൃത്തിയെ ന്യായീകരിച്ച്“ഇന്ത്യയുടെ മകള്‍ എന്ന ബി ബി സി ഡോക്യുമെന്ററിയുടെ സംവിധായകയോട് സംസാരിച്ച മുകേഷ് എന്ന കുറ്റവാളി. ഇന്ത്യയുടെ മാനം ലോകത്തിനു മുമ്പില്‍ ഇടിയുമെന്ന ഭീതിപരത്തി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടഞ്ഞ ഇന്ത്യാ ഗവണ്‍മെന്റ് യഥാര്‍ഥത്തില്‍ ചെയ്യേണ്ടിയിരുന്നത് ഇത്തരം പ്രതികളെ കുറ്റവിമുക്തരാക്കാന്‍ കോടതിക്കു മുമ്പില്‍ വാദിക്കുന്ന മനോഹര്‍ലാല്‍ ശര്‍മ്മ, എ കെ സിംഗ് പോലുള്ള വക്കീലന്മാരുടെ നിയമബിരുദം അസാധുവാക്കുകയായിരുന്നു. കോടതിയില്‍ തോറ്റ വക്കീലന്മാരാണ് രാഷ്ട്രീയത്തിലിറങ്ങി ഭരണാധികാരികളാകുന്നതെന്ന് പറയാറുണ്ട്. അവര്‍ക്കു എന്തു വേണമെങ്കിലും പറയാം, എന്തും ചെയ്യാം. തോറ്റുകൊടുക്കാന്‍ തയ്യാറായ ജനം മുതുകുകുനിച്ചു നില്‍ക്കുന്നിടത്തോളം അവരുടെ മുതുകില്‍ തന്നെ കയറി ഇരുന്നിവര്‍ക്കു ലഡു അടിക്കുകയോ വിജയഭേരി മുഴക്കുകയോ എന്തു വേണമെങ്കിലും ചെയ്യാം.