Connect with us

Kerala

നിരവധി കേസുകളുടെ ഭാവി ആശങ്കയില്‍

Published

|

Last Updated

തിരുവനന്തപുരം: ഐ ടി നിയമത്തിലെയും കേരള പോലീസ് നിയമത്തിലെയും വകുപ്പുകള്‍ സുപ്രീം കോടതി റദ്ദാക്കിയതോടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത നൂറുകണക്കിന് കേസുകള്‍ ഇല്ലാതാകും. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയ കേസുകള്‍ പോലും ഇക്കൂട്ടത്തില്‍പ്പെടും. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ആഭ്യന്തര വകുപ്പ് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി. സമൂഹമാധ്യമങ്ങളുടെ വിശാലമായ ലോകം നല്‍കുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നുവെന്ന വാദത്തിലൂന്നിയാണ് ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഐ ടി ആക്ടിലെ 66 എ വകുപ്പിന്റെ ബലത്തിലാണ് ഇതെല്ലാം രജിസ്റ്റര്‍ ചെയ്തിരുന്നത്.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട കെ എം മാണിയെ രൂക്ഷമായി പരിഹസിച്ച് ഫേസ്ബുക്കില്‍ വന്ന പോസ്റ്റുകളെ ആധാരമാക്കി മന്ത്രിയുടെ ഓഫീസ് നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഈ വകുപ്പ് ഉപയോഗിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ അവസാനത്തെ കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഈ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊല്ലം അഞ്ചല്‍ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്റെ വീടെന്ന പേരില്‍ മറ്റൊരു ആഡംബരവസതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസും രജിസ്റ്റര്‍ ചെയ്തത് ഈ വകുപ്പ് ആധാരമാക്കിയായിരുന്നു. 66 എ വകുപ്പിനൊപ്പം ഗൂഢാലോചനക്കോ മറ്റോ ഉള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടുള്ള കേസുകളാണെങ്കില്‍ നിലനില്‍ക്കും. മറ്റു വകുപ്പുകള്‍ ചേര്‍ത്തിട്ടില്ലെങ്കില്‍ കുറ്റപത്രം നല്‍കിയ കേസുകളാണെങ്കില്‍ പോലും സുപ്രീം കോടതി വിധി അടിസ്ഥാനമാക്കി തുടര്‍നടപടികള്‍ ഒഴിവാക്കേണ്ടി വരും. അല്ലെങ്കില്‍ മറ്റു വകുപ്പുകള്‍ ചേര്‍ത്ത് പുനരന്വേഷണം നടത്തേണ്ടി വരും.

Latest