Connect with us

Kannur

രാത്രികാല നിര്‍ജലീകരണം പാല്‍ ഉല്‍പാദനക്കുറവിന് കാരണമെന്ന് ഗവേഷണ റിപ്പോര്‍ട്ട്‌

Published

|

Last Updated

കണ്ണൂര്‍: രാത്രികാല നിര്‍ജ്ജലീകരണം മൂലമുള്ള ശാരീരിക ജല നഷ്ടമാണു കറവപ്പശുക്കളിലെ ഉത്പാദനക്കുറവിനു മുഖ്യകാരണം എന്നു വിദഗ്ധാഭിപ്രായം. പന്നിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്നു വരുന്ന ജീവനം 2015 സാങ്കേതികവിദ്യാ വാരാഘോഷത്തോടനുബന്ധിച്ച് നടന്ന “കറവപ്പശുക്കളിലെ വേനല്‍ക്കാല പരിചരണം”എന്ന വിഷയത്തില്‍ ക്ലാസ് നയിച്ച മണ്ണുത്തി വെറ്ററിനറി കോളജ് ലൈവ്‌സ്‌റ്റോക് പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പ്രസാദാണ് ഈ ഗവേഷണ ഫലം പുറത്തു വിട്ടത്.
കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ അന്തരീക്ഷ താപനില, ആപേക്ഷിക ആര്‍ദ്രത എന്നിവയെ അടിസ്ഥാനമാക്കി വെറ്ററിനറി കോളജ് നടത്തിയ ഗവേഷണത്തിലാണു ഈ വസ്തുത വെളിവായത്. കേരളത്തേക്കാള്‍ ഉയര്‍ന്ന പകല്‍ താപനില രേഖപ്പെടുത്തുന്ന തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇസ്‌റാഈല്‍ പോലുള്ള വിദേശ രാജ്യങ്ങളിലും താപനില പാലുത്പാദനത്തെ ബാധിക്കാത്തതു രാത്രികാലങ്ങളിലെ കുറഞ്ഞ താപനില മൂലമാണെന്നും, എന്നാല്‍ രാത്രികാല താപനിലയില്‍ പകല്‍ താപനിലയേക്കാള്‍ വലിയ കുറവു അനുഭവപ്പെടാത്തതിനാല്‍ കേരളത്തില്‍ പശുക്കളില്‍ രാത്രികാല നിര്‍ജ്ജലീകരണം സംഭവിക്കുന്നു എന്നും അതു പാലുത്പാദനത്തില്‍ വലിയ കുറവു വരുത്തുന്നുവെന്നാണ് തെളിഞ്ഞിട്ടുള്ളത്. സങ്കര ഇനം പശുക്കള്‍ക്കു ഉയര്‍ന്ന താപനില താങ്ങുവാന്‍ സാധിക്കുന്നില്ലെന്നും അത് പാലുത്പാദനക്കുറവിനു പുറമേ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വന്ധ്യതക്കും കാരണമാകുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന ഫാമുകളില്‍ ശാസ്ത്രീയ താപനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ നിര്‍ജ്ജലീകരണത്തിനു തടയിടാന്‍ സാധിക്കുന്നു.
എന്നാല്‍ പൂര്‍ണമായും തൊഴുത്തില്‍ തന്നെ നിര്‍ത്തി പശു വളര്‍ത്തുന്ന രീതി അവലംബിക്കുന്ന ചെറുകിട കര്‍ഷകര്‍ ഇത്തരം സങ്കേതങ്ങളെക്കുറിച്ചു അജ്ഞരായതിനാല്‍ ഉത്പാദനക്കുറവ്, വന്ധ്യത തുടങ്ങിയ പ്രശ്‌നങ്ങള്‍ വേനല്‍ക്കാലത്തു കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്നു. ഉയര്‍ന്ന ഉത്പാദനം പ്രതീക്ഷിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്ന കന്നുകാലികള്‍ അവിടത്തെ ഉത്പാദനം നമ്മുടെ നാട്ടില്‍ നല്‍കാത്തതിന്റെ കാരണം കാലാവസ്ഥയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങളും അതിനെ നേരിടുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള കര്‍ഷകരുടെ അജ്ഞതയുമാണ്. 24 മണിക്കൂറും തൊഴുത്തില്‍ ജലലഭ്യത ഉറപ്പു വരുത്തുകയടക്കം വേനല്‍ക്കാല പ്രശ്‌നങ്ങളെ നേരിടാനുള്ള വിവിധ താപനിയന്ത്രണ രീതികളുണ്ടെന്ന് ഡോ. പ്രസാദ് വിശദീകരിച്ചു.