കേരള കോണ്‍ഗ്രസ് ഇപ്പോഴും നടുക്കടലില്‍ തന്നെ: പി സി ജോര്‍ജ്

Posted on: March 25, 2015 5:36 am | Last updated: March 24, 2015 at 11:37 pm
SHARE

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ഇപ്പോഴും നടുക്കടലില്‍ തന്നെയാണെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ്. പാര്‍ട്ടിയില്‍ താന്‍ തെറ്റു ചെയ്യാത്തതിനാലാണ് നടപടിയെടുക്കാത്തത്്. തനിക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ കുശാഗ്ര ബുദ്ധിക്കാരനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കരുണാകരനെ മര്യാദ പഠിപ്പിച്ച ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുന്നിടത്ത് യു ഡി എഫ് രാഷ്ട്രീയം എത്തും. ചീഫ് വിപ്പ് സ്ഥാനം ആര്‍ക്കും വേണ്ടാത്ത സ്ഥാനമാണ്. ആര്‍ക്കു വേണമെങ്കില്‍ കൈമാറാന്‍ തയാര്‍. പ്രായമാവുമ്പോള്‍ ഓര്‍മക്കുറവ് വരും. കെ എം മാണിക്ക്് ഓര്‍മക്കുറവുണ്ടെന്ന് ജോര്‍ജ്് സൂചിപ്പിച്ചു. പാര്‍ട്ടിയിലെ കച്ചവടക്കാരാണ് തനിക്ക് എതിരെ തിരിയുന്നത്്.
പി ജെ ജോസഫ് തികഞ്ഞ മൗനത്തിലാണ്. കെ എം മാണി രാജിവയ്ക്കണമോ എന്ന് പറയേണ്ടത് യു ഡി എഫാണ്.പാലായില്‍ കെ എം മാണിയുടെ സ്വീകരണ ചടങ്ങില്‍ പോവാതിരുന്നത് കൂവല്‍ ഭയന്നാണ്. ആരെങ്കിലും കൂവിയാല്‍ തന്റെ നിയന്ത്രണം വിടും. യോഗം ആകെ അലങ്കോലമാവും. പാര്‍ട്ടിയില്‍ നിന്ന് താന്‍ വി ആര്‍ എസ്്് എടുക്കണമെന്ന് ആഗ്രഹിക്കുന്നത് കച്ചവടക്കാരാണ്. തനിക്കെതിരായ നീക്കങ്ങളില്‍ ജോസ് കെ മാണിക്ക് പങ്കില്ല. ഇടതുമുന്നണിക്ക് കോഴ വിവാദം പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ പോയാല്‍ മാത്രമേ അവര്‍ക്ക് നേട്ടം കൊയ്യാനാവൂ എന്നും പി സി ജോര്‍ജ് പറഞ്ഞു.