Connect with us

Kerala

അരുവിക്കര ഉപതിരഞ്ഞെടുപ്പ്; ജി കാര്‍ത്തികേയന്റെ ഭാര്യയുമായി നേതാക്കള്‍ ചര്‍ച്ച നടത്തി

Published

|

Last Updated

തിരുവനന്തപുരം: ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് അരുവിക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെ ജി കാര്‍ത്തികേയന്റെ ഭാര്യ സുലേഖയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ചര്‍ച്ച നടത്തി. ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഡോ.സുലേഖയെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ വീട്ടിലെത്തി സുലേഖയുമായി കൂടിക്കാഴ്ച നടത്തിയത്. രാവിലെ 10 മണിയോടെയാണ് മൂവരും ശാസ്തമംഗലത്തെ വീട്ടിലെത്തി സുലേഖയെ കണ്ടത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് മൂവരും സുലേഖയോട് ആവശ്യപ്പെട്ടതായാണ് സൂചന. അരുവിക്കര ഉപതിരഞ്ഞെടുപ്പ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണെന്ന് നേതാക്കള്‍ സുലേഖയെ അറിയിച്ചതായാണ് വിവരം.
അതേസമയം, രാഷ്ട്രീയ വിഷയങ്ങളോ, അരുവിക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളോ ചര്‍ച്ച ചെയ്തില്ലെന്നും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് നേതാക്കളെത്തിയതെന്നും സുലേഖ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്ന മാനസികാവസ്ഥയിലല്ല താനെന്നും അതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നുമുള്ള മുന്‍നിലപാട് അവര്‍ ആവര്‍ത്തിച്ചു. ഇക്കാര്യം സുലേഖ മുതിര്‍ന്ന നേതാക്കളെ അറിയിച്ചുവെന്നും സൂചനയുണ്ട്.
കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളെ കണ്ട സുധീരനും രാഷ്ട്രീയ ചര്‍ച്ച നടത്തിയില്ലെന്നാണ് പറഞ്ഞത്. കാര്‍ത്തികേയന്റെ മരണ ശേഷം വീട്ടില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിനാലാണ് ഇപ്പോള്‍ വന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍, അരുവിക്കര ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി സുധീരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് സുപ്രധാനമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരുവിക്കരയില്‍ വിജയമുറപ്പാക്കാന്‍ സുലേഖ തന്നെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സുലേഖ പിന്‍മാറുകയാണെങ്കില്‍ കാര്‍ത്തികേയന്റെ രണ്ടാമത്തെ മകന്‍ ശബരിനാഥിനെ സ്ഥാനാര്‍ഥിയാക്കണമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. എന്നാല്‍ പ്രാദേശികമായി കഴിവു തെളിയിച്ച നേതാക്കള്‍ക്ക് നിയമസഭാ സീറ്റ് നല്‍കണമെന്ന അഭിപ്രായവും കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ഉയര്‍ന്നിരുന്നു. ഈ സീറ്റിനായി മുന്നണിക്കുള്ളില്‍ ആര്‍ എസ് പി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് വിട്ടു നല്‍കേണ്ടതില്ലെന്ന തീരുമാനമാണ് യു ഡി എഫ് കൈക്കൊണ്ടത്. എല്‍ ഡി എഫില്‍ ആയിരുന്നപ്പോള്‍ തങ്ങളുടെ സീറ്റായിരുന്ന അരുവിക്കര തിരികെ നല്‍കണമെന്ന ആവശ്യമാണ് ആര്‍ എസ് പി മുന്നോട്ട് വെച്ചത്.
രാജ്യസഭാ സീറ്റ് സംബന്ധിച്ചും രാവിലെ കെ പി സി സി ആസ്ഥാനത്ത് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെ പി സി സി പ്രസിഡന്റും കൂടിക്കാഴ്ച നടത്തി. രാജ്യസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാന്‍ഡുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സുധീരന്‍ അറിയിച്ചു.

Latest