ഗസ്സാലി അവാര്‍ഡ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ക്ക്

Posted on: March 25, 2015 5:28 am | Last updated: March 24, 2015 at 11:29 pm
SHARE

sulaiman usthad23കോടമ്പുഴ: ദാറുല്‍ മആരിഫ് ഇസ്‌ലാമിക് സെന്ററിന്റെ ഈ വര്‍ഷത്തെ ഗസ്സാലി അവാര്‍ഡ് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ക്ക്. ഇസ്‌ലാമിക പ്രബോധന- അധ്യാപന രംഗത്തേക്ക് ആയിരക്കണക്കിന് ശിഷ്യ ഗണങ്ങളെ വാര്‍ത്തുവിടുകയും സ്വന്തം ജിവിതം മത വിജ്ഞാനത്തിനും ദീനിനും സമര്‍പ്പിക്കുകയും ചെയ്ത ഗുരുവര്യന്‍ എന്ന നിലക്കാണ് ഇ സുലൈമാന്‍ മുസ്‌ലിയാരെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്്.
ഒരു പുരുഷായുസ്സ് മുഴുവന്‍ ഇസ്‌ലാമിക സേവനത്തിന് വേണ്ടി നീക്കിവെച്ച യുഗപുരുഷനായ ഇമാം അബൂ ഹാമിദുല്‍ ഗസ്സാലി (റ) യുടെ നാമധേയത്തിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദീനീസേവന രംഗത്ത് മികച്ച മാതൃക സൃഷ്ടിച്ച പതിനാല് പ്രമുഖര്‍ക്ക് ഇതിനകം അവാര്‍ഡ് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 25 ന് കോടമ്പുഴ വാദീ ഇര്‍ഫാനില്‍ നടക്കുന്ന ദാറുല്‍ മആരിഫ് ഇസ്‌ലാമിക് സെന്ററിന്റെ 23- ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സമിതി ചെയര്‍മാന്‍ അറിയിച്ചു.