Connect with us

Kerala

മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: മന്ത്രി കെ ബാബു

Published

|

Last Updated

തിരുവനന്തപുരം: മത്സ്യമേഖലയുടെ തകര്‍ച്ചക്ക് കാരണമായേക്കാവുന്ന ശിപാര്‍ശകളോടെ സമര്‍പ്പിക്കപ്പെട്ട ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് അപ്പാടെ തള്ളിക്കളയണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വ്യക്തമായ നിലപാടെന്ന് ഫിഷറീസ് മന്ത്രി കെ ബാബു. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഫിഷറീസ് വകുപ്പുമന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുത്ത കേരളവും ഗുജറാത്തും ഉള്‍പ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ കടലും തിരുവനന്തപുരം മത്സ്യത്തൊഴിലാളി ഫോറവും സംയുക്തമായി വെള്ളയമ്പലം ആനിമേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സംസ്ഥാനതല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു മന്ത്രി. ആഴക്കടല്‍ മത്സ്യസമ്പത്ത് പൂര്‍ണമായും ചൂഷണം ചെയ്യുന്നതിനെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട മീനാകുമാരി കമ്മീഷന്‍ മത്സ്യമേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍, സംഘടനകള്‍, സംസ്ഥാന സര്‍ക്കാറുകള്‍ എന്നിവരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറായിട്ടില്ല. തികച്ചും ഏകപക്ഷീയമായ ശിപാര്‍ശകളാണ് റിപ്പോര്‍ട്ടിലൂടെ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല.
മത്സ്യബന്ധനത്തിന് നമ്മുടെ രാജ്യത്തെ മത്സ്യത്തൊഴിലാളികളെ വൈവിധ്യവത്കരിക്കാനുള്ള നടപടികള്‍ ആവിഷ്‌കരിക്കുകയും അതിനുള്ള സാങ്കേതിക സാമ്പത്തിക സഹായം കേന്ദ്രം ലഭ്യമാക്കുകയും വേണമെന്നും, ഫിഷറീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലക്കും ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിനും നല്‍കിവരുന്ന കേന്ദ്രസഹായം 40 ശതമാനമായി വെട്ടിക്കുറച്ച നടപടി കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിക്കേണ്ടിവരുന്നത് കേരളീയര്‍ക്കാണെന്നും മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം 61 ദിവസമായി വര്‍ധിപ്പിക്കാനുള്ള ഡോ. സൈദറാവു കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെ ആര്‍ എല്‍ സി സി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ അധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം അധ്യക്ഷത വഹിച്ചു. കെ ആര്‍ എല്‍ സി സി വക്താവ് ഷാജി ജോര്‍ജ് വിഷയാവതരണം നടത്തി. വികാരി ജനറല്‍ യൂജിന്‍ എച്ച് പെരേര, ടി ജെ ആഞ്ചലോസ്, അഡ്വ. പത്മകുമാര്‍, ടി പീറ്റര്‍, അഡ്വ. ഫ്രാന്‍സി ജോ, അരുള്‍ദാസ് സംസാരിച്ചു.