Connect with us

Sports

ദുരന്ത ചരിതമായി മൂന്ന് പിഴവുകള്‍

Published

|

Last Updated

ഓക്‌ലാന്‍ഡ്: ക്യാപ്റ്റന്‍ എ ബി ഡിവില്ലേഴ്‌സ് തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുമ്പോഴാണ് മഴ ദക്ഷിണാഫ്രിക്കക്ക് ദുശ്ശകുനമായി രംഗപ്രവേശം ചെയ്തത്. എന്നാല്‍, അതിനേക്കാളേറെ സ്വയം വരുത്തിയ പിഴവുകളായിരുന്നു ദക്ഷിണാഫ്രിക്കക്ക് ലോകകപ്പ് ഫൈനല്‍ ഒരിക്കല്‍ക്കൂടി നഷ്ടസ്വപ്‌നമാക്കിയത്. ഫീല്‍ഡില്‍ ഊര്‍ജസ്വലത കാണിച്ചെങ്കിലും നിര്‍ണായകമായ മൂന്ന് പിഴവുകള്‍ ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ചുവെന്ന് നിസ്സംശയം പറയാം.

ആദ്യത്തെ പിഴവ് : മുപ്പത്തിരണ്ടാം ഓവറില്‍ കോറി ആന്‍ഡേഴ്‌സനെ പുറത്താക്കാനുള്ള സുവര്‍ണാവസരം പാഴാക്കി. ഗ്രാന്റ് എലിയട്ട് പോയിന്റിലേക്ക് തട്ടിയിട്ട പന്തില്‍ ആന്‍ഡേഴ്‌സന്‍ റണ്ണിനായി ഓടിയെങ്കിലും എലിയറ്റ് തിരിച്ചയച്ചു. നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ആന്‍ഡേഴ്‌സനെത്തും മുമ്പെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡിവില്ലേഴ്‌സിന്റെ കൈകളിലേക്ക് ഫീല്‍ഡര്‍ പന്തെത്തിച്ചു. പക്ഷേ ഡിവില്ലേഴ്‌സിന് പിഴച്ചു. പന്ത് വഴുതി, വിക്കറ്റില്‍ തട്ടിയത് കൈ. ബെയില്‍ വീണ സ്ഥിതിക്ക് പന്തും ചേര്‍ത്ത് വിക്കറ്റൂരിയെടുക്കേണ്ടതുണ്ടായിരുന്നു. ഡിവില്ലേഴ്‌സ് അതിന് ശ്രമിക്കുമ്പോഴേക്കും ആന്‍ഡേഴ്‌സന്‍ ക്രീസില്‍ കയറി. 33 റണ്‍സായിരുന്നു ആന്‍ഡേഴ്‌സന്റെ സ്‌കോര്‍. 58 റണ്‍സെടുത്താണ് ആന്‍ഡേഴ്‌സന്‍ പുറത്തായത്. അഞ്ചാം വിക്കറ്റില്‍ എലിയട്ടിനൊപ്പം 103 റണ്‍സാണ് ആന്‍ഡേഴ്‌സന്‍ ചേര്‍ത്തത്. ഇത് കിവീസിന്റെ വിജയത്തില്‍ നിര്‍ണായകമായി.

രണ്ടാമത്തെ പിഴവ്: 41ാം ഓവറില്‍ മാന്‍ ഓഫ് ദ മാച്ചായ എലിയട്ട് പുറത്താകേണ്ടതായിരുന്നു. പക്ഷേ, ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ഡി കോക്കിന്റെ പിഴവ് കിവീസിന് അനുഗ്രഹമായി. സാഹസികമായി രണ്ടാം റണ്ണിന് ശ്രമിക്കവെ എലിയട്ടിനെ റണ്ണൗട്ടാക്കാന്‍ റിലീ റോസോവ് എറിഞ്ഞുകൊടുത്ത പന്ത് ഡി കോക്കിന് കൈകളിലൊതുക്കാനായില്ല. ഗ്ലൗസാണ് വിക്കറ്റിളക്കിയത്. എലിയട്ട് റണ്ണൗട്ടായിരുന്നെങ്കില്‍ ന്യൂസിലാന്‍ഡ് 272ന് ആറ് വിക്കറ്റ് എന്ന നിലയില്‍ തകര്‍ച്ച നേരിട്ടേനെ.

മൂന്നാമത്തെ പിഴവ്: ക്യാച്ച് വിന്‍ മാച്ചസ് എന്നാണ്. ഇവിടെ ദക്ഷിണാഫ്രിക്ക ബാലപാഠംമറന്നു. 42താം ഓവറിലാണിത്. എലിയട്ടിന്റെ ആക്രമണോത്സുകതയില്‍ ടോപ് എഡ്ജ് തട്ടി ഫൈന്‍ ലെഗ് ബൗണ്ടറിയിലേക്ക് ഉയര്‍ന്നു പൊങ്ങിയ പന്ത് ക്യാച്ചാക്കാന്‍ സമയമുണ്ടായിരുന്നു. ഫര്‍ഹാന്‍ ബെഹര്‍ദീനും ജെ പി ഡുമിനിയും ക്യാച്ചിനായി ഓടിയെത്തി. ഇവരുടെ കൂട്ടിയിടിയില്‍ ക്യാച്ച് നഷ്ടം. എലിയട്ട് അപ്പോള്‍ പുറത്തായിരുന്നെങ്കില്‍ ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റിന് 284 ആകുമായിരുന്നു. ക്യാച്ച് വിട്ടതോടെ രണ്ട് റണ്‍സും വിട്ടുകൊടുത്തു. അവസാന ഓവറില്‍ ജയിക്കാന്‍ പതിനാല് റണ്‍സ് ആവശ്യമുണ്ടാവുമായിരുന്നു.

Latest