Connect with us

Gulf

തെറ്റായ രീതിയില്‍ മറികടക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പുതിയ ക്യാമറയുമായി പോലീസ്

Published

|

Last Updated

ദുബൈ: വാഹനങ്ങള്‍ തെറ്റായ രീതിയില്‍ ഹാര്‍ഡ്-ഷോള്‍ഡറിലൂടെ മറികടക്കുന്നത് തടയാന്‍ പുതിയ ക്യാമറയുമായി ദുബൈ പോലീസ് രംഗത്ത്. പോലീസിന്റെ എഞ്ചിനിയറിംഗ് വിഭാഗമാണ് ഇത്തരം വാഹനങ്ങളെ കുടുക്കാന്‍ ഉതകുന്ന പ്രത്യേക ക്യാമറ രൂപകല്‍പന ചെയ്തിരിക്കുന്നത്. പിടിക്കപ്പെടുന്നവര്‍ക്ക് 600 ദിര്‍ഹം പിഴ ചുമത്തുന്നതിനൊപ്പം ഒരു മാസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. ക്യാമറയുടെ പ്രവര്‍ത്തനം വ്യക്തമാക്കുന്ന വീഡിയോ ദുബൈ പോലീസ് പുറത്തുവിട്ടു. ഹാര്‍ഡ്-ഷോള്‍ഡര്‍ ഓവര്‍ടേക്കിംഗ് കൂടുതലായി നടക്കുന്ന പ്രദേശങ്ങളിലാണ് ഇവ സ്ഥാപിക്കുക. ചിലയിടങ്ങളില്‍ ക്യാമറ സ്ഥാപിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇത്തരം ഗതാഗത നിയമലംഘനങ്ങല്‍ ഫലപ്രദമായി തടയാന്‍ ഉതകുന്നതാണ് ക്യാമറയെന്ന് ഗതാഗത വിഭാഗം മേധാവി സെയ്ഫ് അല്‍ മസ്‌റൂഇ വ്യക്തമാക്കി. കൊണ്ടു നടക്കാന്‍ കൂടി സാധിക്കുന്ന രീതിയില്‍ ഭാരം കുറഞ്ഞതാണ് പുതിയ ക്യാമറ. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ക്യാമറ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഹാര്‍ഡ്-ഷോള്‍ഡളിലൂടെ മറികടക്കുന്ന വാഹനങ്ങളെ പ്രത്യേകമായി തിരിച്ചറിയാന്‍ സാധിക്കും.
ഇറക്കുമതി ചെയ്യുന്ന ക്യാമറകളെക്കാള്‍ വില കുറവാണ്. മികച്ച പ്രവര്‍ത്തനക്ഷമതയാണ് ഈ ക്യാമറയെ വ്യത്യസ്തമാക്കുന്നത്. ഹാര്‍ഡ്‌ഷോള്‍ഡര്‍ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു ക്യാമറ രൂപകല്‍പന ചെയ്യാന്‍ ദുബൈ പോലീസ് തീരുമാനിച്ചത്. ക്യാമറ ഏറ്റവും ഫലപ്രദമാണെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഇത്തരം നിയമലംഘനങ്ങള്‍ ഗുരുതരമായ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. പല ഡ്രൈവര്‍മാരും അമിതവേഗത്തിലാണ് ഷോള്‍ഡര്‍ ലൈനിലൂടെ വാഹനം ഓടിച്ച് മുമ്പിലുള്ള വാഹനത്തെ മറികടക്കുന്നത്. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. പാര്‍ക്ക് ചെയ്ത കാറുകളിലും മറ്റും ഇത്തരം വാഹനങ്ങള്‍ ഇടിക്കുന്നത് പലപ്പോഴും അപകടം സങ്കീര്‍ണമാക്കാറുണ്ടെന്നും അല്‍ മസ്‌റൂഇ പറഞ്ഞു. ഇത്തരം നിയമലംഘകര്‍ക്ക് 600 ദിര്‍ഹമാണ് പിഴമാത്രമായിരുന്നു നേരത്തെ ചുമത്തിയിരുന്നത്. പുതുതായി വാഹനം കണ്ടുകെട്ടുന്നതുകൂടി നിയമത്തിന്റെ ഭാഗമാക്കി. വാഹനം കണ്ടുകെട്ടല്‍ കര്‍ശനമാകുന്നതോടെ ഇത്തരം നിയമലംഘനം കുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശിച്ചു.

Latest