ഇത്തിഹാദ് റെയിലിന് ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സാങ്കേതിവിദ്യ

Posted on: March 24, 2015 7:42 pm | Last updated: March 24, 2015 at 7:42 pm
SHARE

railwayഅബുദാബി; 240 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്തിഹാദ് റെയില്‍ പദ്ധതിക്ക് ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സാങ്കേതികവിദ്യ. ഈ വര്‍ഷം പാതയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് നിര്‍ണായകമായ ഈ കാല്‍വെപ്. റെയില്‍വേ വാര്‍ത്താവിനിമയ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഹ്യൂവെയ് ആണ് ഇത്തിഹാദ് റെയില്‍ പദ്ധതിക്കായി ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സാങ്കേതികവിദ്യ നടപ്പാക്കുന്നത്.

ജി എസ് എം ആര്‍, എം എസ് എന്‍(മള്‍ട്ടി സര്‍വീസ് നെറ്റ്‌വര്‍ക്‌സ്), മാസ്റ്റര്‍ ക്ലോക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് സംവിധാനം പ്രവര്‍ത്തിക്കുക. ജി എസ് എം-ആര്‍ സാങ്കേതികവിദ്യയാണ് ആധുനിക യുഗത്തില്‍ ഏറ്റവും മികച്ച വാര്‍ത്താവിനിമയം സാധ്യമാക്കാന്‍ റെയില്‍ മേഖലയില്‍ ഉപയോഗപ്പെടുത്തുന്നത്. ഹ്യൂവെസ് ലോക വ്യാപകമായി ജി എസ് എം-ആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി മുന്‍നിര റെയില്‍വേ കമ്പനികളുടെ വാര്‍ത്താവനിമയം നിര്‍വഹിക്കുന്നുണ്ട്.
റെയില്‍ എഞ്ചിനുകളുടെ പരീക്ഷണ ഓട്ടം അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കയാണെന്നും ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി വ്യക്തമാക്കി. ഈ വര്‍ഷം അവാസനാമായിരിക്കും ആദ്യ ഘട്ടത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ തീവണ്ടികള്‍ ഓടുക. ജി സി സി റെയില്‍പാതയുടെ ഭാഗമായി മാറുന്ന യു എ ഇയുടെ ഇത്തിഹാദ് റെയില്‍ പദ്ധതി 2017ല്‍ യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു എ ഇയുടെ സ്വപ്‌ന പദ്ധതി ആയതിനാല്‍ നിര്‍മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. 2013ല്‍ റെയില്‍വേ പദ്ധതിയുടെ 28 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യു എ ഇ പൂര്‍ത്തീകരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ 266 കിലോമീറ്റര്‍ റെയില്‍പാതയാവും നിര്‍മിക്കുക. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയും എണ്ണ സമ്പന്ന കേന്ദ്രവുമായ അല്‍ റുവൈസിനും ഷാഹിനും ഇടയിലാവും ഇത്. അബുദാബി നാഷനല്‍ ഓയല്‍ കമ്പനി(അഡ്‌നോക്)യുമായി സഹകരിച്ചാണ് ഈ പാത യാഥാര്‍ഥ്യമാക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ അബുദാബിയെ ദുബൈയുമായി റെയില്‍ മാര്‍ഗം ബന്ധിപ്പിക്കും. ഇത്തിഹാദ് റെയില്‍ പദ്ധതിയെ ജബല്‍ അലിയിലെ അല്‍ മക്തൂം എയര്‍പോര്‍ട്ടുമായും മുസഫ്ഫ വ്യവസായ മേഖലയുമായും ഖലീഫ പോര്‍ട്ടുമായും ബന്ധിപ്പിക്കും. രണ്ടാം ഘട്ടം 2016ലും മൂന്നാം ഘട്ടം 2017ലും പൂര്‍ത്തീകരിക്കാനാണ് പദ്ധതി. 2018ല്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ജി സി സി മേഖലയിലെ വ്യവസായ മേഖലകളെയും ജനസാന്ദ്രതയുള്ള പട്ടണങ്ങള്‍ ഉള്‍പ്പെടെയുള്ളവയെയും പരസ്പരം ബന്ധിപ്പിക്കാന്‍ സാധിക്കും. ഇതോടൊപ്പം അസംസ്‌കൃത വസ്തുക്കളും വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാന്‍ കൂടുതല്‍ എളുപ്പമാവും. മൂന്നു ഘട്ടമായാണ് റെയില്‍ പദ്ധതി പൂര്‍ത്തീകരിക്കുക.
2018 ആവുമ്പോഴേക്കും ജി സി സി മേഖലയിലെ ആറു രാജ്യങ്ങളെയും ബന്ധിപ്പിച്ച് 2,177 കിലോമീറ്റര്‍ റെയില്‍പാതയാവും യാഥാര്‍ഥ്യമാവുക. ഇതോടെ കടല്‍, വായു യാത്രാ മര്‍ഗത്തിന് ബദലായി റെയില്‍ പദ്ധതി മാറുമെന്ന് റിയാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജി സി സി സെക്രട്ടേറിയറ്റ് ജനറലിന്റെ ലോക ബേങ്ക് ഉപദേശകനായ ഡോ. റാമിസ് അല്‍ അസര്‍ 2013 ഒക്ടോബറില്‍ വ്യക്തമാക്കിയിരുന്നു. 73,400 കോടി ദിര്‍ഹമാണ് ഈ പദ്ധതിയുടെ മൊത്തം ചെലവായി കണക്കാക്കുന്നത്. കുവൈത്തില്‍ നിന്നും ആരംഭിച്ച് സഊദി അറേബ്യ, യു എ ഇ, ഒമാന്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന റെയില്‍ പദ്ധതിയെ ബഹ്‌റൈനും ഖത്തറുമായി ബന്ധിപ്പിക്കും. അബുദാബിയാണ് റെയില്‍ പദ്ധതിക്ക നേതൃത്വം നല്‍കുന്നത്. 4,000 കോടി ദിര്‍ഹമാണ് അബുദാബി പദ്ധതിക്കായി ചെലവഴിക്കുക. 1,200 കിലോമീറ്ററായിരിക്കും യു എ ഇയിലെ റെയില്‍പാതയുടെ മൊത്തം നീളം.
ഒമാന്റെ റെയില്‍വേ വികസനം പൂര്‍ത്തിയാവുന്നതോടെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് 2,244 കിലോമീറ്റര്‍ റെയില്‍പാതയാവും സാക്ഷാത്ക്കരിക്കുക. അതോടെ ജി സി സി പാതയുടെ ദൈര്‍ഘ്യം വീണ്ടും വര്‍ധിക്കും. സമാനമായ വികസന പ്രവര്‍ത്തനങ്ങള്‍ സഊദിയിലും ഖത്തറിലും ബഹ്‌റൈനിലും കുവൈത്തിലും നടപ്പാക്കുമെന്നതിനാല്‍ റെയില്‍പാതയുടെ മൊത്തം നീളം 30,000 കിലോമീറ്ററോളമാവും. ജി സി സി രാജ്യങ്ങളുടെ അയല്‍രാജ്യമായ യമനും പദ്ധതിയുമായ സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.