കൊച്ചി മെട്രോയ്ക്കായി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തു

Posted on: March 24, 2015 1:18 pm | Last updated: March 24, 2015 at 11:25 pm
SHARE

SEEMATTIകൊച്ചി: മെട്രോ റെയില്‍ പദ്ധതിക്കായി വസ്ത്ര വ്യാപാര സ്ഥാപനമായ ശീമിട്ടിയില്‍ നിന്ന് റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തു. 32 സെന്റ് സ്ഥലമാണ് ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഏറ്റെടുത്തത്. മാധവ ഫാര്‍മസി ജംഗ്ഷനിലുള്ള സ്ഥലമാണ് ഏറ്റെടുത്തത്. ഇതോടെ മാസങ്ങളായി നീണ്ട പ്രതിസന്ധിക്ക് അവസാനമായി.
ഭൂമി നല്‍കാന്‍ ശീമാട്ടി വിസമ്മതിച്ചതോടെ പ്രത്യേക ധാരണാപത്രം ഒപ്പിടാന്‍ ജില്ലാ ഭരണകൂടം ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു ധാരണാപത്രമില്ലെന്ന വിശദീകരണവുമായി കൊച്ചി കോര്‍പ്പറേഷന്‍ രംഗത്തെത്തി. ഭൂമി ബലമായി ഏറ്റെടുത്ത് നല്‍കണമെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ രാജ്യമാണിക്യത്തിന് കെഎംആര്‍എല്‍ എംഡിയും അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ഏലിയാസ് ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ ശീമാട്ടി ഉടമ ബീനാ കണ്ണനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് അവര്‍ അറിയിക്കുകയായിരുന്നു. സന്തോഷത്തോടെയാണ് ഭൂമി വിട്ടുനല്‍കിയതെന്നും എന്നും മെട്രോയുമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ബീനാ കണ്ണന്‍ വ്യക്തമാക്കി.