Connect with us

Ongoing News

ദ.ആഫ്രിക്കക്ക് 'എ'ലിയ'ട്ടി'ന്റെ പണി; ഗ്രാന്റായി കിവീസ്

Published

|

Last Updated

ഓക്‌ലന്‍ഡ്: ചരിത്രം ഓര്‍മിപ്പിക്കാനെന്നോണം മഴയെത്തി. ദൗര്‍ഭാഗ്യങ്ങള്‍ നിറഞ്ഞ നിമിഷങ്ങളിലൂടെ ദക്ഷിണാഫ്രിക്ക ദുരന്തമുഖത്ത് നിന്നു. അവിടെ അവര്‍ കണ്ടത് ദക്ഷിണാഫ്രിക്കയില്‍ തന്നെ ജനിച്ച ഗ്രാന്റ് എലിയട്ട് വിജയറണ്ണിനായി ദാഹിച്ചു നില്‍ക്കുന്നത്. ഡെയില്‍ സ്റ്റെയിന്‍ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് ഈഡന്‍ പാര്‍ക്കിന് മുകളിലൂടെ എലിയട്ട് പറപ്പിച്ചു. ലോകകപ്പ് സെമിഫൈനലില്‍ നാലാം തവണയും കണ്ണീര്‍ചിത്രമായി ദക്ഷിണാഫ്രിക്ക പുറത്ത് ! ചരിത്രം തിരുത്തി ന്യൂസിലാന്‍ഡ് അവരുടെ ആദ്യ ലോകകപ്പ് ഫൈനലിലേക്കും. ഫൈനല്‍ ടിക്കറ്റുറപ്പിക്കാന്‍ 43 ഓവറില്‍ 298 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ കിവീസ് ഒരു പന്ത് ബാക്കിനില്‍ക്കേയാണ് വിജയം നേടിയത്. 73 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പടെ 84 റണ്‍സോടെ പുറത്താകാതെ നിന്ന എലിയട്ടാണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയ ദക്ഷിണാഫ്രിക്കയെ ചതിച്ചത് മഴയാണ്. 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റിന് 281 റണ്‍സ് നേടി. മത്സരം വെട്ടിച്ചുരുക്കിയതിനാല്‍ ന്യൂസിലാന്‍ഡിന്റെ വിജയലക്ഷ്യം ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 298 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു.
ഫാഫ് ഡുപ്ലസിസ് (82), ക്യാപ്റ്റന്‍ എ.ബി.ഡിവില്ലിയേഴ്‌സ് (65) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു ദക്ഷിണാഫ്രിക്കയെ മുന്നോട്ടു നയിച്ചത്. ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്കു നീങ്ങുന്നതിനിടെ ഈഡന്‍ പാര്‍ക്കില്‍ മഴയെത്തി. 38 ഓവറില്‍ 216/3 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യുമ്പോഴാണു മഴ ആദ്യം കളി തടസപ്പെടുത്തിയത്.
മഴയ്ക്കു ശേഷം വെടിക്കെട്ടു തീര്‍ത്ത ഡേവിഡ് മില്ലറാണു ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. മില്ലര്‍ 18 പന്തില്‍ 49 റണ്‍സ് അടിച്ചുകൂട്ടി. ആറു ഫോറും മൂന്നു സിക്‌സും മില്ലര്‍ നേടി. 45 പന്തു നേരിട്ട ഡിവില്ലിയേഴ്‌സ് എട്ടു ഫോറും ഒരു സിക്‌സും ഉള്‍പ്പടെയാണ് 65 റണ്‍സ് നേടിയത്. റില്ലി റൂസ്വോ 39 റണ്‍സ് നേടി. കിവീസിനു വേണ്ടി കോറി ആന്‍ഡേഴ്‌സണ്‍ മൂന്നും ട്രന്റ് ബൗള്‍ട്ട് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ കിവീസിന് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം പതിവ് പോലെ വെടിക്കെട്ട് തുടക്കം നല്‍കി. 26 പന്തില്‍ 59 റണ്‍സ് അടിച്ചുകൂട്ടിയ മക്കല്ലം ആദ്യ ഓവര്‍ മുതല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ കടന്നാക്രമിച്ചു. ആറാം ഓവറിലെ ആദ്യ പന്തില്‍ മക്കല്ലം പുറത്താകുമ്പോള്‍ കിവീസ് സ്‌കോര്‍ ബോര്‍ഡില്‍ 71 റണ്‍സ് എത്തിയിരുന്നു. പിന്നാലെ വന്ന കെയ്ന്‍ വില്യംസണ്‍ ആറ് റണ്‍സ് നേടി പുറത്തായി. ക്വാര്‍ട്ടറിലെ ഇരട്ട സെഞ്ചുറിക്കാരന്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ (34) കൂടി വീണതോടെ കിവീസ് സമ്മര്‍ദ്ദത്തിലായി.
നാലാം വിക്കറ്റില്‍ റോസ് ടെയ്‌ലര്‍ക്കൊപ്പം ഒത്തുചേര്‍ന്ന എലിയട്ട് റണ്‍റേറ്റ് താഴാതെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 30 റണ്‍സ് നേടിയ ടെയ്‌ലറെ ഡുമിനി തിരിച്ചയച്ചതോടെ കിവീസ് 149/4 എന്ന നിലയിലേക്ക് വീണു.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ എലിയട്ടും കോറി ആന്‍ഡേഴ്‌സനുംചേര്‍ന്ന് 103 റണ്‍സ് ചേര്‍ത്തത് വിധിനിര്‍ണായകമായി. ആന്‍ഡേഴ്‌സണ്‍ (58), ലൂക്ക് റോഞ്ചി (8) പുറത്തായതോടെ കിവീസ് വീണ്ടും വെട്ടിലായി. എല്ലാ ഭാരവും എലിയട്ടിന്റെ ചുമലിലായി.
സ്റ്റെയിന്‍ എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു വിജയലക്ഷ്യം.
മൂന്നാം പന്തില്‍ ബൗണ്ടറി നേടി ഡാനിയേല്‍ വെറ്റോറി മത്സരം കിവീസിന്റെ വഴിക്കാക്കി. രണ്ടു പന്തില്‍ അഞ്ച് റണ്‍സ് എന്ന നിലയില്‍ നിന്നാണ് കിവീസ് ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാവാത്ത സിക്‌സര്‍ ഗ്രാന്‍ഡ് എലിയട്ടിന്റെ ബാറ്റില്‍ നിന്നും പറന്നുയര്‍ന്നത്.