Connect with us

Wayanad

കുരങ്ങുപനി: എം എല്‍ എമാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടിലെ കരങ്ങുപനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഇവിടെ നിലനില്‍ക്കുന്ന വസ്തുകള്‍ പഠിച്ച സി പി ഐ നിയമസഭാ കക്ഷി ഉപനേതാവ് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, സെക്രട്ടറി ഇ കെ വിജയന്‍ എം എല്‍ എ എന്നിവര്‍ ഇക്കാര്യം മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.
നിയമസഭാ സമ്മേളനം അവസാനിപ്പിച്ച സഹാചര്യത്തില്‍ സബ്മിഷന് സൗകര്യം കുട്ടാത്തതിനെ തുടര്‍ന്നാണ് എം എല്‍ എമാര്‍ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പട്ടികവര്‍ഗ ക്ഷേമമന്ത്രി എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തത്. കുരങ്ങുപനി ബാധിത പ്രദേശങ്ങളില്‍ അത്യന്തം ഭീതിതമായ അവസ്ഥയാണുള്ളതെന്ന് ഇ ചന്ദ്രശേഖരനും ഇ കെ വിജയനും മുഖ്യമന്ത്രിയെ അറിയിച്ചു. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം നടക്കുന്നില്ല. അതുകൊണ്ടുതന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഫലപ്രദമല്ല. ഇപ്പോഴും രോഗം പടരുന്നുണ്ട്.
നേരത്തെ ചികില്‍സ തേടി വീടുകളിലേക്ക് തിരിച്ചെത്തിയ ആദിവാസികളില്‍ പലരും വീണ്ടും കുരങ്ങ് പനി ബാധിച്ച് ആശുപത്രിയിലേക്ക് തന്നെ മടങ്ങിയിട്ടുണ്ടെന്നും ചര്‍ച്ചയില്‍ എം എല്‍ എമാര്‍ ചൂണ്ടിക്കാട്ടി. കുരങ്ങുപനി ബാധിച്ച് ഇക്കൊല്ലം ജനുവരി 10 മുതല്‍ മാര്‍ച്ച് 15 വരെ 11 പേര്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ മരണം ഏഴ് മാത്രമാണ്. മരിച്ചവരില്‍ ഒന്‍പത് പേരും ആദിവാസികളാണ്. ഇതുവരെ പട്ടിക വര്‍ഗ കോര്‍പസ് ഫണ്ടില്‍ നിന്ന് മൂന്ന് ആദിവാസികള്‍ക്ക് ഓരോ ലക്ഷം രൂപ മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കെല്ലാം ചുരുങ്ങിയത് പക്ഷം രൂപ വീതമെങ്കിലും സഹായധനം നല്‍കണം. ചികില്‍സ തേടിയവര്‍ക്കുള്ള സഹായം ചുരുങ്ങിയത് 25,000 രൂപയെങ്കിലും വേണം. കതുരങ്ങുപനി ബാധിച്ചാല്‍ ആരോഗ്യം വീണ്ടെടുത്ത് തൊഴിലെടുക്കാന്‍ മൂന്ന് നാല് മാസമെങ്കിലും വേണം. ഈ സാഹചര്യത്തില്‍ അവര്‍ക്കുള്ള 10,000 രൂപയുടെ ധനസഹായം തീരെ അപര്യാപ്തമാണ്.
കുരങ്ങ് പനി സ്ഥിരീകരിക്കുന്ന വൈറോളജി ടെസ്റ്റിനുള്ള മൊബൈല്‍ ലബോറട്ടറി സൗകര്യം വയനാട്ടില്‍ തന്നെ ഏര്‍പ്പെടുത്തണമെന്നും എം എല്‍ എമാര്‍ ആവശ്യപ്പെട്ടു. ആരോഗ്യം, വനം, പട്ടികവര്‍ഗ ക്ഷേമം, റവന്യൂ തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കണം.
ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവുമെന്നും ഉടന്‍ തന്നെ ആരോഗ്യ മന്ത്രിയെ വയനാട്ടിലേക്ക് അയക്കുമെന്നും ധനസഹായം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ഇ ചന്ദ്രശേഖരന്‍ എം എല്‍ എയും ഇ കെ വിജയന്‍ എം എല്‍ എയും അറിയിച്ചു.