Connect with us

Wayanad

കല്‍പ്പറ്റ നഗരസഭക്ക് 129.47 കോടിയുടെ ബജറ്റ്

Published

|

Last Updated

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭാ ബജറ്റ് ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ കെ വത്സല അവതരിപ്പിച്ചു. മുന്‍വര്‍ഷത്തെ നീക്കിയിരുപ്പ് ഉള്‍പ്പെടെ 129,47,63680 രൂപ വരവും, 128,73,68680 രൂപ ചിലവും 73,95000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഭരണസമിതി അധികാരത്തിലെത്തിയതിന് ശേഷമുള്ള അഞ്ചാമത്തെ ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. നഗരസഭയുടെ സമഗ്രവികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള ബജറ്റ് നിര്‍ദേശങ്ങളാണ് അവതരിപ്പിച്ചത്.
കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ, കുടിവെള്ള, നഗരവികസന, പട്ടികവര്‍ഗ-പട്ടികജാതി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. 2015 ഏപ്രില്‍ ഒന്ന് മുതല്‍ രജതജൂബിലി ആഘോഷിക്കുന്ന കല്‍പ്പറ്റ നഗരസഭയില്‍ ജൂബിലി സ്മാരക പദ്ധതികളും നടപ്പിലാക്കും.
ആധുനീക ജൂബിലി സ്മാരക ടൗണ്‍ഹാള്‍ നിര്‍മാണത്തിന് മൂന്ന് കോടി രൂപയും, ജൂബിലി സ്മാരകമന്ദിരം, സാംസ്‌ക്കാരികനിലയം, ഡോര്‍മിറ്ററി എന്നിവക്കായി 25 ലക്ഷം രൂപയും, പഠനപ്രോത്സാഹനത്തിനായി പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി സൈക്കിള്‍ വിതരണത്തിന് 15 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്‌ലെറ്റ് കംപ്യൂട്ടര്‍, രജതജൂബിലി സ്മാരകങ്ങള്‍, ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ജീവന്‍രക്ഷാ പ്രവര്‍ത്തകര്‍ക്കും അവാര്‍ഡ് വിതരണം, എല്ലാ വാര്‍ഡിലും ഗ്രാമകേന്ദ്രങ്ങള്‍, ജൂബിലി സ്മാരക ട്രൈബല്‍ യൂത്ത് ഡവലപ്പ്‌മെന്റ് സെന്റര്‍, യൂത്ത് ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് എന്നിവക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. 56 ലക്ഷം രൂപ ചിലവില്‍ പാര്‍പ്പിട മേഖലയില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഭവനപദ്ധതി നടപ്പിലാക്കും. പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളും ബജറ്റിന്റെ ഭാഗമാണ്.
തനത് ഫണ്ട്, വികസനഫണ്ട്, മെയിന്റനന്‍സ് ഫണ്ട്, ജനറല്‍ പര്‍പ്പസ് ഫണ്ട്, ലോകബാങ്ക് ധനസഹായം, 13ാം ധനകാര്യകമ്മീഷന്‍ അവാര്‍ഡ്, സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക സഹായങ്ങള്‍, കേന്ദ്രാവിഷ്‌കൃത ഫണ്ട്, മറ്റ് സ്രോതസ്സുകള്‍, എം പി ഫണ്ട്, എം എല്‍ എ ഫണ്ട്, കോര്‍പ്പസ് ഫണ്ട് എന്നീ വിഭവസ്രോതസ്സുകളും ഉപയുക്തമാക്കികൊണ്ട് നഗരവികസനം ഉറപ്പാക്കുന്നു. യു ഐ ഡി എസ് എസ് എം ടി സമഗ്ര കുടിവെള്ള പദ്ധതിക്ക് നഗരസഭ വിഹിതമായി ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
നഗരസഭയുടെ ചിരകാലസ്വപ്‌നമായ കുടിവെള്ള പദ്ധതി മെയ് മാസത്തില്‍ കമ്മീഷന്‍ ചെയ്യുകയാണ്. കെ എസ് യു ഡി പിയുടെ സഹായത്തോടെ 50 കോടി രൂപ ചിലവില്‍ സീവറേജ് സംവിധാനവും, 25 കോടി രൂപ ചിലവില്‍ ഡ്രൈനേജും, ഫുട്പാത്തും നിര്‍മിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായത്തോടെ അഞ്ച് കോടിരൂപ ചിലവില്‍ മുണ്ടേരിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിക്കും. എന്‍ ഗൃഹം ഭവനപദ്ധതിക്ക് അഞ്ച് കോടി രൂപയും, ഇ എം എസ് ഭവനപദ്ധതി പൂര്‍ത്തീകരണത്തിന് 50 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബി ഒ ടി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സും ഈ സാമ്പത്തികവര്‍ഷം പ്രവൃത്തി പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യും. പുതിയ ഓഫീസ്, ഹാള്‍ സമുച്ചയത്തിന് 55 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കുരങ്ങുശല്യ നിവാരണത്തിനായി ബജറ്റില്‍ 10 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. വനംവകുപ്പിന്റേയും, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ എന്‍ യു എച്ച് എം ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കും. ആരോഗ്യമേഖലയില്‍ ജനറല്‍ ആശുപത്രി വികസനം, കിഡ്‌നി രോഗ പ്രതിരോധ പ്രവര്‍ത്തനം, ഡേ കെയര്‍, ഹോമിയോ ആശുപത്രി, സി എച്ച് സി എന്നിവക്ക് മരുന്ന്, പെയിന്‍ ആന്റ് പാലിയേറ്റീവ് മരുന്ന് എന്നീ പദ്ധതികള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്. പുതിയ ഹോമിയോ ഡിസ്‌പെന്‍സറിയും ആരംഭിക്കും.
ശുചിത്വമേഖലയില്‍ കല്‍പ്പറ്റ നഗരസഭയെ സമ്പൂര്‍ണ മാലിന്യരഹിത നഗരസഭയാക്കും. പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം, ഖരമാലിന്യ നിര്‍മാര്‍ജ്ജനം തുടങ്ങിയ പദ്ധതികളും നടപ്പിലാക്കും. വിദ്യാര്‍ഥികള്‍ക്കായി സ്മാര്‍ട്ട് ക്ലാസുകള്‍, ക്ലീന്‍ ക്യാംപസ് പദ്ധതികള്‍ നടപ്പിലാക്കും. സാനിറ്ററി മാര്‍ട്ടുകള്‍ സ്ഥാപിച്ച് എല്ലാ വിദ്യാര്‍ഥികള്‍ക്കും മെച്ചപ്പെട്ട ശുചിത്വസൗകര്യങ്ങള്‍ നല്‍കുകയും, കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ചെയ്യും.
അസംബ്ലി ഹാള്‍ നിര്‍മിക്കുന്നതിനും സംസ്ഥാനസര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കും. സ്വയം തൊഴില്‍ മേഖലയില്‍ ഒരു കോടി രൂപ ചിലവില്‍ ഐ ഡബ്ല്യു എം പി, ഡബ്ല്യു ജി ഡി പി, സി ഡി എസ് പദ്ധതികള്‍ വനിതകള്‍ക്കായി നടപ്പിലാക്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 1.85 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. വികലാംഗ വയോജന ക്ഷേമത്തിനും പദ്ധതികള്‍ നടപ്പിലാക്കുന്നു. ബഡ്‌സ് സ്‌കൂള്‍ തൊഴില്‍ പരിശീലനകേന്ദ്രം ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും.
മൃഗസംരക്ഷണ മേഖലയില്‍ പാല്‍ ഉല്പാദന വര്‍ധനവ് ലക്ഷ്യമിട്ട് കന്നുകുട്ടി പരിപാലന പദ്ധതി, തീറ്റപുല്‍ കൃഷി പദ്ധതികള്‍ നടപ്പാക്കും. നഗരത്തിലെ ജലസ്രോതസ്സുകള്‍ നവീകരിക്കും. പാര്‍ട്ട്ണര്‍ കേരളയുമായി സഹകരിച്ച് വെള്ളാരം കുന്നില്‍ അഞ്ച് കോടി രൂപയുടെ റസ്റ്റ് ഹൗസും, പാര്‍ക്കും നിര്‍മ്മിക്കും. ബജറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ പി പി ആലി വിശദീകരിച്ചു.