ബി ജെ പി നേതാവിനെ കൊലപ്പെടുത്തിയ കേസ്: ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

Posted on: March 24, 2015 9:49 am | Last updated: March 24, 2015 at 9:49 am
SHARE

പാലക്കാട്: ബി ജെ പി നേതാവ് മണിയെ(35) കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ അല്‍ ഉമ്മ പ്രവര്‍ത്തകന് ഇരട്ട ജീവപര്യന്തവും 2,15,500 രൂപ പിഴയും. രണ്ടാം പ്രതി പട്ടാമ്പി വിളയൂര്‍ കരിങ്ങനാട് സെയ്തലവി എന്ന ബാവയെ ആണ് അഡീഷനല്‍ സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി കെ ആര്‍ മധുകുമാര്‍ ശിക്ഷിച്ചത്.
കഴിഞ്ഞ ദിവസം കോടതി ഈ കേസില്‍ വിധി പറഞ്ഞപ്പോള്‍ ഇയാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിക്കുകയും ജാമ്യക്കാര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഇന്നലെ കോടതിയില്‍ എത്തി കീഴടങ്ങുകയായിരുന്നു.—
ഇന്ത്യന്‍ ശിക്ഷാനിയമം 153(എ) പ്രകാരം സാമുദായിക സ്പര്‍ധ ഉണ്ടാക്കിയതിന് മൂന്നുവര്‍ഷം കഠിനതടവും 5000 രൂപ പിഴയും 364ാം വകുപ്പ് പ്രകാരം ചതിച്ച് കൂട്ടിക്കൊണ്ട് പോയതിന് ജീവപര്യന്തവും 10,000 രൂപ പിഴയും 447ാം വകുപ്പ് പ്രകാരം അതിക്രമിച്ച് കടന്നതിന് മൂന്ന് മാസം തടവും 500 രൂപ പിഴയും 302ാം വകുപ്പ് പ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനു’വിച്ചാല്‍ മതി. പിഴ സംഖ്യ കൊല്ലപ്പെട്ട മണിയുടെഭാര്യ സത്യഭാമക്ക് നല്‍കണം.
കേസിലെ ഒന്നാം പ്രതി കിഴക്കഞ്ചേരി പാണ്ടാംകോട് സ്വദേശി മുഹമ്മദ് ഷെരീഫ്, നാലാം പ്രതി വളാഞ്ചേരി കാര്‍ത്തല സെയ്ത് ഹബീബ് കോയ തങ്ങള്‍ എന്നിവരെ കോടതി നേരത്തെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. കേസില്‍ ഉള്‍പ്പെട്ട മൂന്നാം പ്രതി വല്ലപ്പുഴ ആനാംകോട് അബ്ദുല്‍ ഖാദര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിക്കുകയും ജാമ്യക്കാര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. അല്‍ ഉമ്മ അംഗങ്ങള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കേരളത്തിലെ ആദ്യ കൊലപാതകക്കേസാണിത്.
കേസില്‍ ആകെയുളള എട്ട് പ്രതികളില്‍ ആറും ഏഴും എട്ടും പ്രതികളായിരുന്ന മലപ്പുറം ഉഗ്രപുരം സി ടി അബൂബക്കര്‍, മുതലമട കിണ്ണത്ത്മുക്ക് അബ്ദുള്‍ റഹ്മാന്‍, കിണ്ണത്ത് മുക്ക് മുസ്തഫ എന്നിവരെ തെളിവിന്റെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു.
കേസിലെ അഞ്ചാംപ്രതി സെയ്തലവി അന്‍വരിയെ പിടികൂടാനായിട്ടില്ല. 1996 ആഗസ്റ്റ് 13ന് മണിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി വെട്ടിക്കൊല്ലുകയായിരുന്നു.——