Connect with us

Palakkad

ജില്ലയില്‍ 2289 ക്ഷയരോഗ ബാധിതര്‍

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ ക്ഷയരോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് വരുന്നതായി ജില്ലാ ടി ബി ഓഫീസര്‍ ഡോ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2014ല്‍ 25635 പേരുടെ കഫം പരിശോധിച്ചതില്‍ 2289 പേര്‍ക്ക് കഫത്തില്‍ അണുക്കളുള്ള ക്ഷയരോഗാവസ്ഥ കണ്ടെത്തുകയുണ്ടായി.
59 പേര്‍ക്ക് എച്ച് ഐ വി ക്ഷയരോഗവും സംയുക്തമായുള്ള രോഗാവസ്ഥയിലുള്ളവരാണ്. 2013ല്‍ 2147 ക്ഷയരോഗബാധിതരാണുണ്ടായിരുന്നത്. 6 ടി ബി യൂനിറ്റുകളായി തിരിച്ചാണ് പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണപരിപാടിയിലൂടെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടക്കുന്നത്. പാലക്കാട്,ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്. ഒറ്റപ്പാലം, പട്ടാമ്പി എന്നിങ്ങിനെയാണ് ആറ് ടി ബി യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അട്ടപ്പാടിയിലാണ് ക്ഷയരോഗബാധിതര്‍ കൂടുതലുള്ളത്. കനത്ത് ചൂടും അതിര്‍ത്തി പ്രദേശത്തോട് തൊട്ടു കിടക്കുന്നതിനാലാണ് ജില്ലയില്‍ ക്ഷയരോഗം വര്‍ധിക്കുന്നതിന് കാരണമാക്കുന്നത്.
വായുവിലൂടെ പകരുന്ന ക്ഷയരോഗം സാമൂഹിക സാമ്പത്തിക, ലിംഗഭേദമെന്യേ ആര്‍ക്കും പിടിപെടാം. മദ്യപാനികള്‍, പുകവലിക്കാര്‍, പോഷകാഹാര കുറവുള്ളവര്‍, പ്രമേഹരോഗികള്‍, എച്ച് ഐ വി അണുബാധിതര്‍ മറ്റു ഇതര ഗുരുതര ശ്വാസകോശ രോഗികള്‍ എന്നിവര്‍ക്ക് പ്രതിരോധശേഷി കുറയുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് ക്ഷയരോഗ സാധ്യത പത്ത് മുതല്‍ അമ്പത് ശതമാനം വരെ കൂടുതലാണ്. സൗജന്യ ക്ഷയരോഗ നിര്‍ണയവും ചികിത്സയും പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി ( ആര്‍ എന്‍ ടി സി പി) യിലൂടെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യാശുപത്രികളിലും ലഭ്യമാണ്. 6 മുതല്‍ 8 മാസക്കാലത്തെ ഡോട്ട്‌സ് ചികിത്സയിലൂടെ ക്ഷയരോഗം പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണ്. ചികിത്സയില്‍ വീഴ്ച വരുത്തിയാല്‍ ഗുരുതരമായ എം ഡി ആര്‍, എക്‌സ്, ഡി ആര്‍, ടി ബി എന്നി രോഗാവസ്ഥയിലേക്ക് എത്തിചേരുന്നതിന് ഇടയാകും.
രണ്ടാഴ്ച്ചയോ, അതില്‍ കൂടുതലോ നീണ്ട് നില്‍ക്കുന്ന ചുമയാണ് ക്ഷയരോഗത്തിന്റെ പ്രധാന കാരണം. വൈകുന്നേരങ്ങളിലുണ്ടാകുന്ന പനി, വിശപ്പില്ലായ്മ, ശരീരഭാഗം കുറയുക, രക്തം കലര്‍ന്ന കഫം, ശ്വാസംമുട്ടല്‍ എന്നി ലക്ഷങ്ങളും ചില രോഗികളില്‍ കാണാറുണ്ട്.
6 മാസം മുതല്‍ 9 മാസം വരെ മുടക്കം കൂടാതെ കൃത്യമായി മരുന്ന് കഴിച്ചാല്‍ ക്ഷയരോഗം പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ സാധ്യമാകും. ലോകക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ഡോ സജ്ജയ് കുമാറും പങ്കെടുത്തു.

Latest