Connect with us

Palakkad

പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ പകല്‍ക്കൊള്ള

Published

|

Last Updated

കൊപ്പം: തൃശൂര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ എമര്‍ജന്‍സി പാസ്‌പോര്‍ട്ട് അപേക്ഷകരെ പിഴിയുന്നതായി പരാതി.
വിദേശ കാര്യവകുപ്പിന് കീഴില്‍ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്കുള്ള അഫിഡവിറ്റ് ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് തൃശൂര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നല്‍കിയാല്‍ ഫോം തെറ്റാണെന്ന് പറഞ്ഞ് ചുവന്ന മഷി കൊണ്ട് അടയാളപ്പെടുത്തി ശരിയായ ഫോം പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തി കൊണ്ടുവരാന്‍ ആവശ്യപ്പെടും.
ആശങ്കയോടെ പുറത്തിറങ്ങുന്ന അപരിചിതരെ തേടി ഓഫീസിന് പുറത്ത് ദല്ലാള്‍മാര്‍ കാത്ത് നില്‍ക്കുന്നുണ്ടാകും. പുതിയ ഫോം പൂരിപ്പിക്കാനും മറ്റും സഹായിക്കുന്നത് ഇവരാണ്. 100 മുതല്‍ 500 രൂപ വരെ വിലയുള്ള മുദ്രക്കടലാസുകള്‍ ഇതിനായി വാങ്ങിപ്പിക്കും. ഇതിനു പുറമെ സാക്ഷ്യപ്പെടുത്താനെന്ന് പറഞ്ഞ് അപേക്ഷകനില്‍ നിന്നും 200 രൂപയും വസൂലാക്കും.
ഈ കടമ്പ കഴിഞ്ഞാല്‍ സര്‍വീസ് ചാര്‍ജ് ഇനത്തിലും ഫീ ചോദിക്കും. വിദ്യാഭ്യാസം കുറഞ്ഞവരും സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നുന്നവരെയുമാണ് കൂടുതലായും ദല്ലാളുമാര്‍ ചൂ—ഷണം ചെയ്യുന്നത്. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കാണാന്‍ ശ്രമിച്ചാല്‍— തന്ത്രപരമായി ദല്ലാളുമാര്‍ പിന്തിരിപ്പിക്കുമെന്നും അപേക്ഷകര്‍ പറയുന്നു.
വര്‍ഷങ്ങളായി ഇന്ത്യയിലെ എല്ലാ പാസ്‌പോര്‍ട്ട് ഓഫീസുകളിലും ഉപയോഗിച്ചുവരുന്ന അനെക്‌സര്‍ എന്ന ഫോമിലാണ് ട്രാവല്‍സ് ഏജന്‍സികളും മറ്റും ടെപ്പ്‌ചെയ്ത് സാക്ഷ്യപ്പെടുത്തിയ മുദ്രക്കടലാസ് സഹിതം എമര്‍ജന്‍സി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിരുന്നത്. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും ജനുവരി 16 വരെയും ജില്ലയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഇങ്ങിനെ പാസ്‌പോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലെ ക്രമക്കേടുകളും മറ്റും കാരണം പാലക്കാട് ജില്ലയെ തൃശൂര്‍ പാസ്‌പോര്‍ട്ട് ഓഫീസ് പരിധിയിലേക്ക് മാറ്റിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഈ മാറ്റം ഗുണത്തേക്കാളെറെ ദോഷകരമായി മാറുകയായിരുന്നുവെന്നാണ് അപേക്ഷകരുടെ പരാതി. കഴിഞ്ഞ ഫെബ്രുവരി മുതലാണ് എമര്‍ജന്‍സി പാസ്‌പോര്‍ട്ട് അപേക്ഷകരെ ഇത്തരത്തില്‍ പിഴിയാന്‍ തുടങ്ങിയതെന്നും അപേക്ഷകര്‍ പറയുന്നു. സൗദി വിസക്കാര്‍ക്കും വിസയുണ്ടെങ്കിലും കാലാവധി തീരാറായ പാസ്‌പോര്‍ട്ടുള്ളവര്‍ക്കുമാണ് എമര്‍ജന്‍സി പാസ്‌പോര്‍ട്ട് ആവശ്യമായി വരുന്നത്. ഈ സന്നിഗ്ദ ഘട്ടത്തിലാണ് തൃശൂരിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ സ്വകാര്യ ജീവനക്കാരും ദല്ലാളുമാരും ചേര്‍ന്ന് അപേക്ഷകരെ ചൂഷണം ചെയ്യുന്നത്. ജില്ലയെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയിലേക്ക് മാറ്റുകയോ തൃശൂര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നടക്കുന്ന പകല്‍കൊള്ള അവസാനിപ്പിക്കുകയോ ചെയ്യണമെന്നാണ് വ്യാപകമായ ആവശ്യം.