Connect with us

Malappuram

തൊഴിലുറപ്പ്: കൂലി കുടിശ്ശിക രണ്ട് മാസത്തിനകം തീര്‍ക്കണം

Published

|

Last Updated

മഞ്ചേരി: ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം തൊഴില്‍ ചെയ്ത് കൂലി ലഭിക്കാതെ മാസങ്ങളായി കാത്തിരിക്കുന്ന തൊഴിലാളികള്‍ക്ക് രണ്ട് മാസത്തിനകം കുടിശ്ശിക തീര്‍ക്കണമെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി എസ് ശശികുമാര്‍ ഉത്തരവിട്ടു.
ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി മഞ്ചേരി ജില്ലാ കോടതി സമുച്ചയത്തില്‍ നടന്ന മെഗാ ലോക് അദാലത്തിലാണ് ഉത്തരവ്. അദാലത്തിന് അഭിഭാഷകരായ വി വി തോമസ്, എ സോമസുന്ദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മൊയ്തു സ്രാമ്പിക്കല്‍ പാണ്ടിക്കാട്, ശാന്ത മാട്ടുമ്മല്‍ ചെമ്പ്രശ്ശേരി, പത്മാവതി കൊടിയത്ത്, പാത്തുമ്മ ആറുവിരലന്‍, നെടുമ്പ്ര ആഇശ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. ജില്ലാ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രോജക്ട് ഡയറക്ടര്‍, കേരള ഗ്രാമീണ ബേങ്ക് മാനേജര്‍ പാണ്ടിക്കാട്, പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരായിരുന്നു എതിര്‍ കക്ഷികള്‍. ജില്ലയില്‍ നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, മഞ്ചേരി കോടതികളിലായി 13 അദാലത്തു ബഞ്ചുകളാണ് നടന്നത്.
ജില്ലാ ജഡ്ജി പദവിയിലുള്ളവരടക്കം 12 ജുഡീഷ്യല്‍ ഓഫീസര്‍മാരും റിട്ടയേഡ് ജില്ലാ ജഡ്ജി പി നാരായണന്‍കുട്ടി മേനോനും 22 അഭിഭാഷകരും അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കി.
മഞ്ചേരിയില്‍ അഞ്ചു ബെഞ്ചുകളിലായി അഞ്ച് കുടുംബ കേസുകള്‍, അഞ്ച് തൊഴിലുറപ്പു കേസുകള്‍, 15 ഇലക്ട്രിസിറ്റി കേസുകള്‍ എന്നിവയടക്കം 38 കേസുകള്‍ക്ക് തീര്‍പ്പായി. വിവിധ കേസുകളിലായി 24,93,800 രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവായി.
ജില്ലയില്‍ 14 കുടുംബ കേസുകള്‍, 5 തൊഴിലുറപ്പു കേസുകള്‍, 15 ഇലക്ട്രിസിറ്റി കേസുകള്‍, 18 ബേങ്ക് സംബന്ധിച്ച കേസുകള്‍, മറ്റു 18 കേസുകള്‍ എന്നിവക്ക് തീര്‍പ്പായി.
കുടുംബ കേസുകളില്‍ 27,44,600 രൂപ നല്‍കാനും വിധിയായി. അടുത്ത ദേശീയ അദാലത്ത് ഏപ്രില്‍ 11ന് നടക്കും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട കേസുകളാണ് അദാലത്തില്‍ പരിഹരിക്കുക.

Latest